കര്‍ണാടക സഹകരണ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.എന്‍. രാജണ്ണയെ മന്ത്രിസഭയില്‍ നിന്ന് രാജിവയ്പ്പിച്ചു. കോണ്‍ഗ്രസ് ഉയര്‍ത്തിയ വോട്ട് മോഷണത്തെക്കുറിച്ച് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന പരാമര്‍ശം വിവാദമായതിന് തൊട്ടുപിന്നാലെയാണ് രാജി. കോണ്‍ഗ്രസ് നേതൃത്വം രാജണ്ണയുടെ രാജി ചോദിച്ചു വാങ്ങുകയായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്താണ് വോട്ടര്‍ പട്ടിക തയാറാക്കിയതെന്നാണ് മന്ത്രി അവകാശപ്പെട്ടത്.
|
അന്ന് വോട്ടര്‍ പട്ടികയെ സംബന്ധിച്ച് കാര്യമായി പരിശോധന നടത്താതെ ഇപ്പോള്‍ പറയുന്നതില്‍ അര്‍ഥമില്ലെന്നും ഭാവിയില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നുമായിരുന്നു മന്ത്രിയുടെ വാദം. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമ്പോള്‍ മൗനം പാലിച്ച് പിന്നീട് പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതിനുപകരം, സമയബന്ധിതമായി എതിര്‍പ്പുകള്‍ ഉന്നയിക്കേണ്ടത് നേതാക്കളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
രാജണ്ണയുടെ നീക്കം കര്‍ണാടക കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതോടെ മന്ത്രി രാജണ്ണയെ രൂക്ഷമായി വിമര്‍ശിച്ച് ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ രംഗത്തെത്തി. വസ്തുത അറിയാതെ രാജണ്ണ പ്രസ്താവന നടത്തരുതെന്ന് ശിവകുമാര്‍ പറഞ്ഞു. ഇതില്‍ ഹൈകമാന്‍ഡ് നടപടിയെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
വോട്ടര്‍ പട്ടിക ക്രമക്കേടില്‍ പാര്‍ട്ടി വിരുദ്ധ പ്രസ്താവന നടത്തിയതിന് ഹൈക്കമാന്‍ഡ് രാജണ്ണയുടെ രാജി ആവശ്യപ്പെടുകയായിരുന്നു.


