|
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ മുന്‍മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന് വീണ്ടും ഇഡി നോട്ടീസ്. തിങ്കളാഴ്ച രാവിലെ 11 ന് ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസിലെ ആവശ്യം. ഇന്ന് ഹാജരാകാന്‍ ഇ.ഡി. നിര്‍ദേശിച്ചിരുന്നെങ്കിലും മൊയ്തീന്‍ അസൗകര്യം അറിയിക്കുകയായിരുന്നു. പത്ത് വര്‍ഷത്തെ ആദായ നികുതി രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കാന്‍ അദ്ദേഹത്തോട് ഇ.ഡി. ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തുടര്‍ച്ചയായ അവധി കാരണം രേഖകള്‍ സംഘടിപ്പിക്കാന്‍ പ്രയാസമുണ്ടെന്നും, ഇവ ലഭിച്ച ശേഷം മറ്റൊരു തീയതിയില്‍ ഹാജരാകാമെന്നും ഇ മെയില്‍ വഴി മൊയ്തീന്‍ ഇ.ഡി.യെ അറിയിക്കുകയായിരുന്നു.
ഈ മാസം 22ന് എ.സി.മൊയ്തീന്റെ തൃശ്ശൂരിലെ വീട്ടില്‍ ഇ.ഡി. 22 മണിക്കൂര്‍ നീണ്ട റെയ്ഡ് നടത്തിയിരുന്നു. മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീമും മൊയ്തീനുമായി പണമിടപാടുമായി ബന്ധപ്പെട്ട് ഫോണ്‍സംഭാഷങ്ങള്‍ നടന്നതായും മൊയ്തീന്‍ നിര്‍ദേശിക്കുന്നവര്‍ക്ക് കോടിക്കണക്കിന് രൂപ വായ്പ അനുവദിച്ചതായും ഇഡി പറയുന്നു. മൊയ്തീനെ കൂടാതെ അനില്‍ സുഭാഷ്, സതീഷ്, ഷിജു, റഹീം എന്നിവരുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. തുടര്‍ന്ന് വിശദമായ ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. ഇതിനു മറുപടിയായാണ് എ.സി. മൊയ്തീന്‍ സമയം നീട്ടി ചോദിച്ചത്.
ഇഡി അന്വേഷിക്കുന്നത് ഒരു സാമ്പത്തിക കേസാണ്. അതില്‍ ആവശ്യമുള്ളവരെ ചോദ്യം ചെയ്യാന്‍ ഇഡിക്ക് അധികാരമുണ്ടെന്നുമാണ് കേന്ദ്ര ഏജന്‍സിയായ ഇഡി അധികൃതര്‍ സൂചിപ്പിക്കുന്നത്. ബിനാമികള്‍ എന്ന് പറയപ്പെടുന്നവര്‍ക്ക് മൊയ്തീന്റെ സ്വാധീനത്തില്‍ 45 കോടിയോളം രൂപ വായ്പ നല്‍കിയിട്ടുണ്ടെന്നാണ് ഇഡിയുടെ ആരോപണം.





