ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കാസറഗോഡ് കുമ്പടാജയില്‍ ബാങ്ക് ജീവനക്കാരനെ കുത്തിക്കൊന്നു. മാര്‍പ്പനഡുക്ക സ്വദേശി സുരേഷാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം പ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നതായാണ് സംശയിക്കുന്നു. ഒളിവില്‍ പോയ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
|
ഞായറാഴ്ചയാണ് സംഭവം. കൊല്ലപ്പെട്ട സുരേഷ് പ്രാദേശിക ബിജെപി നേതാവ് കൂടിയാണ്. ഞായറാഴ്ച രാവിലെ നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. സുരേഷ് ഈ ടൂര്‍ണമെന്റിന്റെ പ്രധാന സംഘാടകരില്‍ ഒരാളായിരുന്നു. മത്സരത്തിനിടെ ഉണ്ടായ പ്രശ്‌നങ്ങള്‍ പോലീസ് ഇടപെട്ട് പരിഹരിച്ചിരുന്നു.
കൊലപാതക ആസൂത്രണം
എന്നാല്‍, ഇതിന്റെ പ്രതികാരം മനസില്‍വച്ചുകൊണ്ട് സുരേഷിനെ ആക്രമിക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടു. ജോലി സ്ഥലത്ത് വച്ചായിരുന്നു ആക്രമണം. കുമ്പടാജ സഹകരണ ബാങ്കിലെ നൈറ്റ് വാച്ച്മാനായിരുന്നു സുരേഷ്. രാത്രി ഒമ്പതരയോടെ മാര്‍പ്പനഡുക്ക ജംഗ്ഷനില്‍ വെച്ച് ജോലിക്കായി ബാങ്കിലെത്തിയപ്പോഴായിരുന്നു കൊലപാതകം.
ജോലിക്ക് കയറാനായി ബാങ്കിന്റെ മുന്നിലെത്തിയ സുരേഷിനെ പ്രതികള്‍ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ട് വന്ന്, കത്തി കൊണ്ട് കുത്തുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
പ്രതികളെ കണ്ടെത്താനാകാതെ പോലീസ്
കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശമായതിനാല്‍ പ്രതികള്‍ അവിടേക്ക് കടക്കാനുള്ള സാധ്യത ഗൗരവമായി പരിശോധിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.


