കാസർകോഡ്: കാസർകോട്ടെ കുണിയയിലെ ക്ഷേത്രത്തിനും മുസ്‌ലിം പള്ളിക്കും കൂടി ഒരേ കമാനം നിർമിച്ചത് രണ്ടുവർഷം മുമ്പാണ് എങ്കിലും കേരളത്തിനെതിരായ സംഘ്പരിവാർ വിദ്വേഷ സിനിമയായ കേരളാ സ്റ്റോറി ഇറങ്ങിയ സമയത്ത് അത് ഒരിക്കലൂടെ ചർച്ചയാകുന്നു. ദേശീയപാത 66ന് അരികിലാണ് ഈ കമാനം. പെരിയയ്ക്കടുത്ത് കുണിയ ബിലാൽ മസ്ജിദിന്റെയും ആയമ്പാറ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെയും പ്രവേശനകവാടമാണിത്.
|
ക്ഷേത്രത്തിലേക്കും പള്ളിയിലേക്കും നേരത്തെ ഒരേ ഗെയിറ്റാണ് ഉണ്ടായിരുന്നത്. എന്നാൽ കാലപ്പഴക്കത്തിൽ അത് നശിച്ചു. തുടർന്ന് ക്ഷേത്ര കമ്മിറ്റി ഒരു കമാനം പണിയാം എന്ന ആശയം മുൻപോട്ട് വച്ചു. അത് പള്ളിക്കമ്മിറ്റിക്കാരെ അറിയിച്ചു. അങ്ങനെ ഒരുമിച്ചുള്ള ചർച്ചകളിൽനിന്ന് ഇങ്ങനെയൊരു ആശയമുണ്ടായി. കമാനത്തിൻറെ പകുതി ക്ഷേത്രത്തിൻറെയും അടുത്ത പകുതി മസ്ജിദിൻറെയുമാക്കി പണിയാം എന്ന്.
കമാനം ഇരിക്കുന്ന സ്ഥലം ആയമ്പാറയിലെ മുൻ പ്രവാസി മൊയ്തു സൗജന്യമായി വിട്ടു നൽകിയതോടെ ഇരു ഭാഗത്തുനിന്നും ആറുപേർ വീതമുള്ള നിർമ്മാണക്കമ്മിറ്റി രൂപീകരിച്ചു. അങ്ങനെ പള്ളിക്കമ്മിറ്റിയും ക്ഷേത്രത്തിന്റെ യു.എ.ഇ കമ്മിറ്റിയും ചെലവ് തുല്യമായി വഹിച്ചു. അഞ്ചു ലക്ഷത്തോളം രൂപയാണ് ചെലവു വന്നത്. 2019 ഓഗസ്റ്റിൽ പണി തുടങ്ങിയെങ്കിലും കൊവിഡും ലോക്ക്ഡൗണും കാരണം പ്രവർത്തി നീണ്ടുപോവുകയായിരുന്നു. ക്ഷേത്രം രക്ഷാധികാരിയും കുണിയ മസ്ജിദ് ഖത്തീബുമാണ് ഇത് വിശ്വാസികൾക്ക് സമർപ്പിച്ചത്.
മതത്തിന്റെ പേരിൽ കലഹിക്കുന്നവർക്ക് തങ്ങളുടെ തീരുമാനം നല്ലൊരു മാതൃകയാകട്ടെ എന്നാണ് ഇരുവിഭാഗക്കാരും പറയുന്നത്.


