06
Mar 2024
Sat
06 Mar 2024 Sat

വെയില്‍സ് രാജകുമാരി കേറ്റ് മിഡില്‍ടണ് അര്‍ബുദം; രാജകുടുംബത്തില്‍ ക്യാന്‍സര്‍ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ അംഗം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂയോര്‍ക്ക്: ചാള്‍സ് രാജാവിന് പിന്നാലെ വില്യം രാജകുമാരന്റെ ഭാര്യ കേറ്റ് മിഡില്‍ടണും അര്‍ബുദം സ്ഥിരീകരിച്ചു. വെയില്‍സ് രാജകുമാരി കീമോ തെറാപ്പിക്ക് വിധേയയായെന്ന് കെന്‍സിംഗ്ടണ്‍ കൊട്ടാരം ഇറക്കിയ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. ജനുവരിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ ശേഷം അവളുടെ ദുരൂഹമായ തിരോധാനം അവളുടെ ആരോഗ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളിലേക്കും നയിച്ചിരുന്നു.

‘ശസ്ത്രക്രിയയില്‍ നിന്ന് ഞാന്‍ സുഖം പ്രാപിച്ചു കൊണ്ടിരിക്കുന്നു, നിങ്ങളുടെ പിന്തുണക്കും സ്‌നേഹ സന്ദേശങ്ങള്‍ക്കും വ്യക്തിപരമായി നന്ദി പറയാന്‍ ഈ അവസരം വിനിയോഗിക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ കുടുംബത്തിന് ഈ രണ്ട് മാസക്കാലം അവിശ്വസനീയമാംവിധം കഠിനമാണ്. പക്ഷേ എന്നെ വളരെയധികം പരിപാലിക്കുന്ന ഒരു മികച്ച മെഡിക്കല്‍ ടീം എനിക്കുണ്ട്. അതിന് ഞാന്‍ വളരെ നന്ദിയുള്ളവളാണ്, ‘വീഡിയോ സന്ദേശത്തിന്റെ തുടക്കത്തില്‍ അവര്‍ പറഞ്ഞു.

ക്യാന്‍സര്‍ ബാധ മുഴുവന്‍ കുടുംബത്തെയും ഞെട്ടിച്ചെന്നും തന്റെ ഭര്‍ത്താവ് വില്യംസ് രാജകുമാരന്റെയും മറ്റെല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഏതാനും മാസങ്ങള്‍ക്കു മുന്‍പ് വയറുവേദനയെ തുടര്‍ന്ന് കേറ്റ് ശസ്ത്രക്രിയക്ക് വിധേയായിരുന്നു. എന്നാല്‍ വയറുവേദനയുടെ കാരണം ക്യാന്‍സറല്ലെന്ന് കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയാനന്തര പരിശോധനകളിലാണ് അര്‍ബുദം സ്ഥിരീകരിച്ചത്. എന്നാല്‍ ഏതു തരം ക്യാന്‍സറാണെന്ന് വ്യക്തമല്ല.

അടുത്തിടെ രാജകുടുംബത്തില്‍ ക്യാന്‍സര്‍ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ അംഗമാണ് കേറ്റ്. നേരത്തെ ചാള്‍സ് രാജകുമാരനാണ് അര്‍ബുദം സ്ഥിരീകരിച്ചത്. പ്രോസ്‌റ്റേറ്റ് ഗ്രന്ഥി വീക്കത്തെ തുടര്‍ന്നുള്ള ചികിത്സക്ക് പിന്നാലെയാണ് ബക്കിംഗ്ഹാം കൊട്ടാരം ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്. ക്യാന്‍സറിന്റെ രൂപം വ്യക്തമാക്കിയിട്ടില്ലെങ്കിലും 75 കാരനായ രാജാവിന് ചികിത്സ ആരംഭിച്ചതായും രാജാവ് തന്റെ പൊതു ചുമതലകള്‍ മാറ്റിവെച്ചതായും പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

നിരവധി പേരാണ് രാജകുമാരിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. വില്യം രാജകുമാരന്റെ സഹോദരന്‍ ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മര്‍ക്കലും കേറ്റ് പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു.”വെയില്‍സ് രാജകുമാരിക്ക് രാജ്യത്തിന്റെ മുഴുവന്‍ സ്‌നേഹവും പിന്തുണയുമുണ്ട്” ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് കുറിച്ചു.
Kate, Princess of Wales, reveals she has cancer and is undergoing chemotherapy

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക