ബിജെപിക്കും സംഘ്പരിവാറിനുമെതിരെ രൂക്ഷവിമർശനവുമായി കെസിബിസി. വിരുന്നൊരുക്കി ബിജെപി ക്രൈസ്തവരുമായി അടുക്കാൻ ശ്രമിക്കുമ്പോൾ മറുവശത്ത് അതിക്രമങ്ങൾ വർധിക്കുകയാണെന്ന് കെസിബിസി തുറന്നടിച്ചു. സംഘ്പരിവാർ പ്രസിദ്ധീകരണങ്ങൾ ക്രൈസ്തവ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി ചൂണ്ടിക്കാട്ടി.
|
ദീപിക പത്രത്തിൽ എഴുതിയ ‘തല്ലും തലോടലും ഒരുമിച്ചു പോകില്ല’ എന്ന ലേഖനത്തിലാണ് വിമർശനം. രാജ്യത്ത് ക്രൈസ്തവർക്കെതിരെ അക്രമങ്ങൾ വർധിക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ക്രൈസ്തവർക്കെതിരായ അക്രമം കൂടുതലും. ബിജെപിയുടെ ഇരട്ടത്താപ്പ് പൊതുസമൂഹം തിരിച്ചറിയുമെന്നും ലേഖനത്തിൽ പറയുന്നു.
ഇന്ത്യയിൽ പ്രതിദിനം ശരാശരി രണ്ട് അതിക്രമങ്ങൾ ക്രൈസ്തവർക്കെതിരെ നടക്കുന്നുണ്ട്. ഇത്തരം ആക്രമണങ്ങൾ വർഷംതോറും വർധിച്ചുവരികയാണ്. ആൾക്കൂട്ട ആക്രമണങ്ങൾ, കള്ളക്കേസുകളിൽ പെടുത്തൽ, ദേവാലയങ്ങൾ നശിപ്പിക്കൽ, ആരാധനയും വേദോപദേശ ക്ലാസുകളും തടസപ്പെടുത്തൽ എന്നിങ്ങനെയുള്ള അതിക്രമങ്ങൾ വ്യാപകമായി നടക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് എന്നതാണ് വാസ്തവം.
മറ്റു സംസ്ഥാനങ്ങളിലാണെങ്കിൽ തന്നെയും അത്തരം അക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത് തീവ്ര ഹിന്ദുത്വ സംഘടന പ്രവർത്തകരാണ്. ഇത്തരമൊരു അപകടകരമായ അവസ്ഥ രാജ്യത്തുടനീളം വ്യാപകമാകുന്ന സാഹചര്യത്തിലാണ് ക്രൈസ്തവ സമൂഹങ്ങളുമായി ഐക്യം കൊണ്ടുവരാൻ ബി.ജെപി നേതൃത്വം ശ്രമിക്കുന്നത്.
ബിജെപിക്ക് ഇനിയും കാര്യമായ രാഷ്ട്രീയനേട്ടം കൈവരിക്കാൻ കഴിയാത്ത കേരളത്തിൽ ക്രൈസ്തവ നേതൃത്വങ്ങളുമായി സമവായത്തിലെത്താൻ പാർട്ടി ഊർജിത ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇത്തരം നീക്കങ്ങൾക്ക് കത്തോലിക്കാ സഭയുടെയോ മറ്റു ക്രൈസ്തവ സഭകളുടെയോ ഔദ്യോഗിക നേതൃത്വങ്ങളിൽനിന്ന് പ്രോത്സാഹനങ്ങളൊന്നും ഇനിയും ഉണ്ടായിട്ടില്ല.
എന്നാൽ, ദേശീയ തലത്തിൽതന്നെ ബിജെപിക്ക് ക്രൈസ്തവരോട് അനുകൂല നിലപാടുകളാണ് എക്കാലത്തും ഉള്ളതെന്നും സൗഹാർദ സമീപനം ആരോഗ്യകരമാണെന്നും സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഒരുവശത്ത് നിരന്തരം കണ്ടുവരുന്നു. ചില സംഘടനാ സംവിധാനങ്ങളുടെ സഹായത്തോടെ ക്രൈസ്തവ സമൂഹങ്ങൾക്കിടയിൽ ഇത്തരം ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള നിരന്തര പരിശ്രമങ്ങളുമുണ്ട്.
ഇത്തരം രാഷ്ട്രീയ പ്രചാരണങ്ങളും സമവായ നീക്കങ്ങളും പുരോഗമിക്കുമ്പോൾ തന്നെ, ക്രൈസ്തവരെയും ക്രൈസ്തവ സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തുകയും തുടർച്ചയായി നിയമങ്ങൾ ദുരുപയോഗിച്ച് കെണികളിൽ അകപ്പെടുത്തുകയും ചെയ്യുന്നത് ബിജെപിയുടെ മേൽപ്പറഞ്ഞ നീക്കങ്ങളുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്യുന്നതായും ലേഖനത്തിൽ വിശദമാക്കുന്നു.





