കോണ്‍ഗ്രസിനെതിരായ അപകീര്‍ത്തി പരാമര്‍ശനം നടത്തിയ തെലങ്കാന്‍ മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് പ്രചാരണവിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബുധന്‍ രാത്രി എട്ടുമുതല്‍ 48 മണിക്കൂര്‍ സമയത്തേക്കാണ് വിലക്ക്. പൊതുയോഗങ്ങളോ റാലികളോ അഭിമുഖങ്ങളോ തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാതൊരുവിധ പ്രചാരണങ്ങളും ഈ സമയം നടത്തരുതെന്നാണ് നിര്‍ദേശം.(KCR barred from campaigning for 48 hours by Election Commission)
|
തെലങ്കാനയിലെ സിര്‍സിലയില്‍ ഏപ്രില്‍ അഞ്ചിന് നടത്തിയ പ്രസ് മീറ്റിലായിരുന്നു കെസിആര്‍ കോണ്‍ഗ്രസിനെതിരേ അപകീര്‍ത്തി പരാമര്‍ശം നടത്തിയത്. ഇതിനെതിരേ ഏപ്രില്‍ ആറിന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തു.
ഏപ്രില്‍ 23ന് കമ്മീഷന്‍ കെസിആറിനോട് വിശദീകരണം ആവശ്യപ്പെട്ടു. എന്നാല്‍ കെസിആര്‍ ആരോപണം നിരസിക്കുകയായിരുന്നു. തന്റെ പ്രസ്താവന പരിഭാഷപ്പെടുത്തിയപ്പോള്‍ വന്ന പിശകാണ് അപകീര്‍ത്തി പരാമര്‍ശത്തിനു കാരണമെന്നായിരുന്നു കെസിആറിന്റെ വിശദീകരണം. കോണ്‍ഗ്രസിന്റെ പരാതിയും കെസിആറിന്റെ മറുപടിയും പരിശോധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ കെസിആര്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തുകയും 48 മണിക്കൂര്‍ സമയത്തേ പ്രചാരണവിലക്ക് ഏര്‍പ്പെടുത്തുകയുമായിരുന്നു.





