27
Mar 2024
Wed
27 Mar 2024 Wed

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാലാശ്വാസമില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അറസ്റ്റ് ചോദ്യംചെയ്ത് അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയിൽ ഉന്നയിച്ച ഉടന്‍ വിട്ടയക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി.

ഉടന്‍ വിട്ടയക്കണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി തീരുമാനമെടുത്തില്ല. ഇഡിയുടെ അറസ്റ്റിനെയും റിമാന്‍ഡ് നടപടിയെയും ചോദ്യം ചെയ്തുള്ള കെജരിവാളിന്റെ ഹര്‍ജിയില്‍ ഇഡിക്ക് കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു. ഏപ്രില്‍ രണ്ടിനുള്ളില്‍ മറുപടി നല്‍കാനാണ് നിര്‍ദേശം. ഹര്‍ജി ഏപ്രില്‍ മൂന്നിന് വീണ്ടും പരിഗണിക്കും.

മാര്‍ച്ച് 21നാണ് കെജിരിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വിചാരണ കോടതി മാര്‍ച്ച് 28വരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. അറസ്റ്റിനെതിരെയും ആറുദിവസത്തെ റിമാന്‍ഡിനെതിരെയുമാണ് കെജരിവാള്‍ കോടതിയെ സമീപിച്ചത്. തനിക്കെതിരായ ആരോപണം തെളിയിക്കുന്നതില്‍ ഇഡി പരാജയപ്പെട്ടുവെന്നും ഉടന്‍ വിട്ടയക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.

ഇടക്കാല ഉത്തരവ് തേടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. യാതൊരു തെളിവുമില്ലാതെയാണ് അറസ്റ്റ് നടപടിയെന്നും ഭരണഘടനയുടെ അടിത്തറ തകര്‍ക്കുന്ന നടപടിയാണിതെന്നും ഹര്‍ജി പരിഗണിച്ചപ്പോള്‍ കെജരിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി വാദിച്ചു.