ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നാഗാലന്റിന് എതിരെ അനായാസ വിജയവുമായി കേരളം. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത നാഗാലന്റ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 52 പന്ത് ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
ക്യാപ്റ്റന്‍ സഞ്ജു സാംസന്‍ കളിക്കാതിരുന്ന മത്സരത്തില്‍ മുഹമ്മദ് അസറുദ്ദീനായിരുന്നു കേരളത്തെ നയിച്ചത്.
|
ടോസ് നേടിയ നാഗാലന്റ് ബാറ്റിങ് തിരഞ്ഞെടുത്തു. ഓപ്പണര്‍മാര്‍ നാഗാലന്റിന് മികച്ച തുടക്കം നല്കിയെങ്കിലും മധ്യനിരയെ തകര്‍ത്ത് ബൌളര്‍മാര്‍ മത്സരം കേരളത്തിന് അനുകൂലമാക്കുകയായിരുന്നു. ക്യാപ്റ്റന്‍ ജൊനാഥനും ഷംഫ്രിയും ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടില്‍ 57 റണ്‍സ് പിറന്നു. 22 റണ്‍സെടുത്ത ജൊനാഥനെ പുറത്താക്കി അബ്ദുള്‍ ബാസിത്താണ് കേരളത്തിന് വഴിത്തിരിവൊരുക്കിയത്. 32 റണ്‍സെടുത്ത ഷംഫ്രിയെ തൊട്ടടുത്ത ഓവറില്‍ ജലജ് സക്‌സേനയും പുറത്താക്കി. തുടര്‍ന്ന് എന്‍ പി ബേസിലും ബേസില്‍ തമ്പിയും ചേര്‍ന്ന് മധ്യനിരയെ പുറത്താക്കിയതോടെ നാഗാലന്റിന്റെ സ്‌കോര്‍ 120ല്‍ ഒതുങ്ങുകയായിരുന്നു. അവസാന ഓവറുകളില്‍ 13 പന്തില്‍ നിന്ന് 22 റണ്‍സ് നേടിയ നിശ്ചലിന്റെ പ്രകടനമാണ് നാഗാലന്റ് സ്‌കോര്‍ 100 കടത്തിയത്. കേരളത്തിന് വേണ്ടി എന്‍ പി ബേസില്‍ മൂന്നും ബേസില്‍ തമ്പി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് സ്‌കോര്‍ അഞ്ചില്‍ നില്‍ക്കെ വിഷ്ണു വിനോദിന്റെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ രോഹന്‍ കുന്നുമ്മലും സച്ചിന്‍ ബേബിയും ചേര്‍ന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് അനായാസം സ്‌കോര്‍ മുന്നോട്ട് നീക്കി. വിജയത്തിന് 11 റണ്‍സ് അകലെ രോഹന്‍ പുറത്തായെങ്കിലും സച്ചിന്‍ ബേബിയും സല്‍മാന്‍ നിസാറും ചേര്‍ന്ന് കേരളത്തെ വിജയത്തിലെത്തിച്ചു. രോഹന്‍ കുന്നുമ്മല്‍ 28 പന്തില്‍ നിന്ന് ആറ് ഫോറും മൂന്ന് സിക്‌സുമടക്കം 57 റണ്‍സെടുത്തു. സച്ചിന്‍ ബേബി 48ഉം സല്‍മാന്‍ നിസാര്‍ 11ഉം റണ്‍സുമായി പുറത്താകാതെ നിന്നു. രോഹന്‍ എസ് കുന്നുമ്മല്‍ ആണ് മാന്‍ ഓഫ് ദി മാച്ച്.


