11
Jul 2026
Sat
11 Jul 2026 Sat
bjp election material

സംസ്ഥാനത്ത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തിരഞ്ഞെടുപ്പുപ്രചാരണത്തിന് കൊടി, തൊപ്പി, ഷാളുകള്‍, അലങ്കാരവസ്തുക്കള്‍ എന്നിവ വാങ്ങിയതില്‍ വന്‍ തുക കമ്മീഷനടിച്ചതിന് പിന്നാലെ കൊടി വിതരണം ഉത്തരേന്ത്യന്‍ കമ്പനി സംസ്ഥാന നേതാക്കളുടെതാണെന്ന വിവരവും പുറത്തു വന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ചുറ്റിപ്പറ്റി ഉയര്‍ന്ന കൊടകര കുഴല്‍പ്പണക്കേസിന്റെ നാണക്കേട് മാറും മുമ്പാണ് പുതിയ വിവാദം. ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറിയുള്‍പ്പെടെ മൂന്നു നേതാക്കളെ ചുമതലയില്‍നിന്നു നീക്കിയെന്നുകാട്ടി രാജീവ് ചന്ദ്രശേഖറിന്റെ പേരിലുള്ള സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍, തൊട്ടുപിന്നാലെ സര്‍ക്കുലര്‍ വ്യാജമാണെന്ന് പറഞ്ഞ് രാജീവ് പത്രക്കുറിപ്പിറക്കി. പാര്‍ട്ടിയിലെ തന്നെ ചിലരാണ് സര്‍ക്കുലര്‍ പുറത്തുവിട്ടതെന്നാണ് സൂചന.

ഹെലികോപ്റ്റര്‍, വാഹന വാടക, വിഐപി താമസം, ഭക്ഷണ ഇനങ്ങളിലും ലക്ഷങ്ങളുടെ ക്രമക്കേടു നടന്നെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെതന്നെ സംസ്ഥാന സെക്രട്ടറിക്കെതിരായ ആരോപണമുയര്‍ന്നിരുന്നു. സംസ്ഥാന ട്രഷററും സെക്രട്ടറിയും തമ്മില്‍ ഓഫീസില്‍വെച്ച് വാക്കേറ്റമുണ്ടായതായും പറയുന്നു. ഇതേ തുടര്‍ന്ന് ആരോപണവിധേയരുടെ അക്കൗണ്ട് ഓഡിറ്റിങ് കമ്മിറ്റി വിവരങ്ങളടക്കം ശേഖരിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

ഒതുക്കാനുള്ള ശ്രമം പാളി

സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണക്കുറിപ്പോടെ തല്‍ക്കാലം നടപടി എടുക്കാതെ വിഷയം ഒതുക്കി തീര്‍ക്കാനായിരുന്നു നേതൃത്വത്തിന്റെ ശ്രമം. ഇതിനിടെയാണ് പുറത്താക്കല്‍ വാര്‍ത്ത പ്രചരിച്ചത്. കൊടകര വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ക്വട്ടേഷന്‍ വിളിച്ചാണ് ഇത്തവണ ഇടപാടുകള്‍ നടത്തിയിരുന്നത്. എന്നിട്ടും തട്ടിപ്പുനടന്നെന്നത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.

സംസ്ഥാന ജനറല്‍ സെക്രട്ടറി, സെക്രട്ടറി, ട്രഷറര്‍, ഓഫീസ് സെക്രട്ടറി എന്നിവരാണ് കരാറുകള്‍ ഉറപ്പിച്ചതെന്നാണ് വിവരം. കേരള നേതൃത്വം 1.75 കോടിക്ക് പ്രചാരണസാമഗ്രികള്‍ വാങ്ങാന്‍ നല്‍കിയ കരാറിലാണ് കമ്മിഷന്‍ ആരോപണമുയര്‍ന്നത്.

ALSO READ: പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയുടെ കൊടുംക്രൂരത; ആദ്യം ലൈംഗികാതിക്രമ കേസ് നല്‍കിയ പെണ്‍കുട്ടിയെയും കുടുംബത്തെയും കൊന്നു; പിന്നാലെ സ്വന്തം ഭാര്യയും മക്കളും

ഇതുപ്രകാരം കൊടികള്‍ നല്‍കിയ ഉത്തരേന്ത്യന്‍ സ്ഥാപനം തിരുവനന്തപുരം ജില്ലയിലെ ചില ജില്ലാ നേതാക്കന്മാരുടേതാണെന്നു വെളിവായതോടെ തട്ടിപ്പിന്റെ വ്യാപ്തി വലുതായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റിയിലുണ്ടായിരുന്ന ഇവര്‍, മറ്റ് ക്വട്ടേഷനുകള്‍ കണ്ടതിനുശേഷം കുറഞ്ഞ തുക ക്വാട്ട് ചെയ്യുകയായിരുന്നത്രേ. ഇതിലൂടെ വന്‍തുകയാണ് സ്വന്തമാക്കിയത്.

ഈ കരാര്‍ ഉറപ്പിച്ച സമയത്തുതന്നെ കേരളത്തിന്റെ ചുമതല വഹിച്ച ദേശീയനേതാവുമായി ബന്ധപ്പെട്ട ഒരു സ്ഥാപനം അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം രണ്ടുകോടിയുടെ കൊടികളും മറ്റും തിരുവനന്തപുരത്തെത്തിച്ചു. ഇനി കൊടികള്‍ ആവശ്യമില്ലെന്നും തുക കൂടുതലാണെന്നും പറഞ്ഞ്, ഇതിന്റെ പണം ആദ്യം നല്‍കിയില്ല.

പ്രമുഖ നേതാവ് ഇടപെട്ടതോടെ ഈ തുക കൈമാറി. ഈ കൊടികളും മറ്റും ഉപയോഗിക്കാതെ പലയിടങ്ങളിലുമായി സൂക്ഷിച്ചിരിക്കുകയാണിപ്പോള്‍.

വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണ കമ്മീഷന്‍

ഫണ്ട് തട്ടിപ്പ് പരാതി അന്വേഷിക്കാന്‍ മുതിര്‍ന്ന നേതാക്കളായ കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ് എന്നിവരടങ്ങുന്ന കമ്മിഷനെ ബി.ജെ.പി. നിയോഗിച്ചു. ആരോപണവിധേയയായ സംസ്ഥാന സെക്രട്ടറിയില്‍നിന്ന് വെള്ളിയാഴ്ച കമ്മിഷന്‍ വിവരങ്ങള്‍ ശേഖരിച്ചുവെന്നാണ് വിവരം.

Kerala BJP election fund controversy