21
May 2024
Fri
21 May 2024 Fri

മലയാളികളുടെ സ്വന്തം ഐ.എസ്.എല്‍ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് (KBFC) പരിശീലകനായി എത്തുന്ന മിക്കേല്‍ സ്റ്റാറേയുടെ കരിയറും, മുന്‍ പരിശീലകന്‍ ഇവാന്‍ വുക്കുമനോവിച്ചിനെപ്പോലെ മികച്ചത്. പ്രീ സീസണിന്റെ തുടക്കത്തില്‍ തന്നെ ടീമിനൊപ്പം ചേരുന്ന സ്റ്റാറേ, സ്വീഡനില്‍നിന്നുള്ള കോച്ചാണ്. ഐഎസ്എല്ലില്‍ ആദ്യമായാണ് സ്വീഡിഷ് പരിശീലകനെത്തുന്നത്. 48കാരനായ സ്റ്റാറേ 2026 വരെയാണ് കേരള ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ട് ദശാബ്ദത്തിലേറെ നീണ്ട പരിശീലന പരിചയമുള്ള മൈക്കല്‍ സ്റ്റാറേ പ്രമുഖ ഫുട്ബാള്‍ ലീഗുകളില്‍ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫുട്‌ബോള്‍ തന്ത്രങ്ങള്‍ മെനയുന്നതിലും നേതൃത്വഗുണങ്ങളാലും പേരെടുത്ത പരിശീലകനാണ്.

സ്വീഡിഷ് ക്ലബായ വാസ്ബി യുണൈറ്റഡിലൂടെ പരിശീലക കുപ്പായം അണിഞ്ഞ സ്റ്റാറേ 2009ല്‍ സ്വീഡിഷ് ക്ലബായ എഐകെയുടെ മുഖ്യ പരിശീലകനായി. എഐകെയ്ക്ക് സ്വീഡിഷ് ലീഗ് ആയ ഓള്‍സ്വെന്‍സ്‌കാന്‍ കിരീടം സമ്മാനിക്കാനും കപ്പ് മത്സരങ്ങളായ സ്വെന്‍സ്‌ക കപ്പന്‍, സൂപ്പര്‍കുപെന്‍ എന്നിവ നേടാനും അദ്ദേഹത്തിന് സാധിച്ചു. ഐഎഫ്‌കെ ഗോട്ടെബര്‍ഗിനൊപ്പം സ്വെന്‍സ്‌ക കപ്പന്‍ നേടിയതും അദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാന നേട്ടങ്ങളാണ്.

നാനൂറോളം മത്സര സമ്പത്തുള്ള സ്റ്റാറേ സ്വീഡന്‍, ചൈന, നോര്‍വേ, അമേരിക്ക, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലായി എഐകെ, പാനിയോനിയോസ്, ഐഎഫ്‌കെ ഗോട്ടെബര്‍ഗ്, ഡാലിയന്‍ യിഫാംഗ്, ബികെ ഹാക്കന്‍, സാന്‍ ജോസ് എര്‍ത്ത്‌ക്വേക്ക്‌സ്, സാര്‍പ്‌സ്‌ബോര്‍ഗ് 08, സര്‍പ്‌സ്‌ബോര്‍ഗ് 08 തുടങ്ങിയ പ്രമുഖ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.

തായ് ലീഗിലെ ഉതൈ താനിയെയാണ് മിക്കേല്‍ സ്റ്റാറേ അവസാനമായി പരിശീലിപ്പിച്ചത്. ചലനാത്മക പരിശീലന ശൈലിയും യുവ പ്രതിഭകളെ വളര്‍ത്തിയെടുക്കാനുള്ള കഴിവും അദ്ദേഹത്തിന്റെ കരിയറില്‍ ഉടനീളം പ്രകടമാണ്.

മാനേജ്‌മെന്റുമായുള്ള പ്രചോദനാത്മകവും ക്രിയാത്മകവുമായ ചര്‍ച്ചകള്‍ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സില്‍ ചേരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മൈക്കല്‍ സ്റ്റാറേ പറഞ്ഞു. ഏഷ്യയില്‍ കോച്ചിംഗ് കരിയര്‍ തുടരാനും ഈ മനോഹരമായ ഭൂഖണ്ഡത്തിലെ എന്റെ മൂന്നാമത്തെ രാജ്യത്തില്‍ എത്തിച്ചേരുവാനും സാധിച്ചതില്‍ ഞാന്‍ വളരെ അഭിമാനിക്കുന്നു. ഇന്ത്യയില്‍ എത്തി എല്ലാവരെയും കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു കൂടാതെ ഒത്തൊരുമിച്ചു ചില മഹത്തായ കാര്യങ്ങള്‍ ചെയ്യുവാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു- സ്റ്റാറേ കൂട്ടിച്ചേര്‍ത്തു

പ്രചോദനം നിറയ്ക്കുന്ന ഒരു വ്യക്തിയാണ് മിക്കേല്‍ സ്റ്റാറേയെന്ന് ബ്ലാസ്‌റ്റേഴ്‌സും പ്രതികരിച്ചു. ഞങ്ങളുടെ പരിശീലകനില്‍ ഞങ്ങള്‍ തിരയുന്ന എല്ലാ ഗുണങ്ങളും ഉള്ള ഒരാള്‍. അപാരമായ അനുഭവസമ്പത്തും ശക്തമായ നേതൃത്വവും അദ്ദേഹത്തിനുണ്ട്. സ്റ്റാറേ കേരളാ ബ്ലാസ്റ്റേഴ്‌സില്‍ ഞങ്ങളുടെ ഒപ്പം ചേരുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്, അദ്ദേഹത്തിന് ഒപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- കേരളാ ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.

Kerala Blasters appoint Mikael Stahre as the club’s new head coach