08
Apr 2023
Sat
08 Apr 2023 Sat

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിക്കെതിരായ നോക്കൗട്ട് മത്സരം പൂർത്തിയാക്കാതെ മൈതാനം വിട്ട കേരള ബ്ലാസ്‌റ്റേഴ്‌സിനും കോച്ചിനും അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ പിഴ ചുമത്തി. ബ്ലാസ്റ്റേഴ്‌സിന് നാല് കോടി രൂപയാണ് പിഴശിക്ഷ വിധിച്ചത്. മൈതാനത്ത് നിന്ന് താരങ്ങളെ തിരികെ വിളിച്ച കോച്ച് ഇവാൻ വുക്കൊമനോവിച്ച് പത്ത് മത്സരങ്ങളിൽ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ ക്ലബ്ബ് പരസ്യമായി ക്ഷമാപണം നടത്താനും എഐഎഫ്എഫ് അച്ചടക്ക സമിതി നിർദേശിച്ചു.വിധിക്കെതിരെ ബ്ലാസ്റ്റേഴ്‌സിന് അപ്പീൽ പോകാനും അവസരമുണ്ട്.

വുക്കൊമനോവിച്ചും പരസ്യമായി മാപ്പു പറയണം. ഇല്ലാത്തപക്ഷം പിഴ ശിക്ഷ 10 ലക്ഷമാകും. ടീമിന്റെ ഡ്രസിങ് റൂമിൽ വരെ പ്രവേശന വിലക്ക് ബാധകമാണ്. 10 ദിവസത്തിനകം പിഴ അടയ്ക്കാനാണ് നിർദേശം.

കഴിഞ്ഞ മാർച്ച് 3ന് ബെംഗളൂരൂ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ബെംഗളൂരൂ എഫ.സിക്കെതിരെ നടന്ന ഐഎസ്എൽ പ്ലേ ഓഫ് മത്സരമാണ് വിവാദമായത്. സുനിൽ ഛേത്രി ബെംഗളൂരുവിനായി ഫ്രീകിക്കിൽനിന്നു ഗോൾ നേടിയതിനു പിന്നാലെ, ഈ ഗോൾ അനുവദിച്ചതിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച് വുക്കൊമനോവിച്ച് താരങ്ങളെ തിരികെ വിളിക്കുകയായിരുന്നു.താരങ്ങൾ കളം വിട്ടതിന്റെ പേരിൽ മത്സരം ഉപേക്ഷിക്കേണ്ടി വരുന്നതു ലോകഫുട്‌ബോളിലെ അത്യപൂർവ സംഭവങ്ങളിലൊന്നാണെന്ന് എഐഎഫ്എഫ് അച്ചടക്ക സമിതി അധ്യക്ഷൻ വൈഭവ് ഗഗ്ഗാർ പറഞ്ഞു.

ഇന്ത്യയിൽ തന്നെ ഇതിനു മുൻപ് ഒരിക്കൽ മാത്രമേ ഇതുപോലൊരു സംഭവമുണ്ടായിട്ടുള്ളൂ. 2012 ഡിസംബർ 9ന് കൊൽക്കത്തയിൽ നടന്ന ഈസ്റ്റ് ബംഗാൾ – മോഹൻ ബഗാൻ മത്സരത്തിലായിരുന്നു ഇത്. അന്നു കളം വിട്ട മോഹൻ ബഗാന്റെ 12 പോയിന്റ് വെട്ടിക്കുറയ്ക്കുകയും 2 കോടി രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു.