08
Jan 2024
Fri
08 Jan 2024 Fri

BJPയില്‍ ചേര്‍ന്ന വൈദികന്‍ ഫാ. ഷൈജു കുര്യനെതിരെ നടപടി; ചുമതലകളില്‍ നിന്ന് നീക്കി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോട്ടയം: ബിജെപിയില്‍ അംഗത്വമെടുത്ത വൈദികന്‍ ഫാ. ഷൈജു കുര്യനെതിരെ നടപടിയുമായി ഓര്‍ത്തഡോക്‌സ് സഭ. ഫാ.ഷൈജു കുര്യനെ നിലയ്ക്കല്‍ ഭദ്രാസനത്തിന്റെ ചുമതലകളില്‍നിന്ന് സഭ നീക്കി. അദ്ദേഹത്തിനെതിരായ പരാതികള്‍ അന്വേഷിക്കാന്‍ കമ്മീഷനെ വയ്ക്കാനും ഭദ്രാസന കൗണ്‍സില്‍ തീരുമാനിച്ചു. കമ്മീഷന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഓര്‍ത്തഡോക്സ് സഭ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ആയിരുന്നു ഫാ. ഷൈജു.

നിലയ്ക്കല്‍ ഭദ്രാസന സണ്‍ഡേ സ്‌കൂള്‍ പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റായി മറ്റൊരു വൈദികനെ വെള്ളിയാഴ്ച മുതല്‍ നിയമിക്കുമെന്ന് ഭദ്രാസന കൗണ്‍സില്‍ കൗണ്‍സില്‍ അറിയിച്ചു.

ഫാ. ഷൈജു കുര്യന്‍ ബിജെപിയില്‍ ചേര്‍ന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് സഭയുടെ നടപടി. വൈദികനെതിരെ സഭയുടെ അകത്തുനിന്നും പുറത്തുനിന്നും ഭദ്രാസനത്തില്‍ പരാതികള്‍ എത്തുകയുണ്ടായി. അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ സ്ത്രീയുടേതായി പ്രചരിക്കുന്ന ശബ്ദ സന്ദേശവും നടപടിയിലേക്ക് വഴിവച്ചു. ശബ്ദസന്ദേശം സഭാ വിശ്വാസികള്‍ക്കിടയില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ ചേര്‍ന്ന നിലയ്ക്കല്‍ ഭദ്രാസന കൗണ്‍സില്‍ ഇത്തരത്തില്‍ തീരുമാനമെടുത്തത്.

മോദിയുടെ വികസനനയങ്ങളില്‍ ആകൃഷ്ടനായാണ് ബിജെപിയില്‍ ചേര്‍ന്നതെന്നായിരുന്നു അംഗത്വം എടുത്തതിന് പിന്നാലെ അദ്ദേഹത്തിന്റെ പ്രതികരണം. പത്തനംതിട്ടയില്‍ ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ വച്ചാണ് ഫാ. ഷൈജു കുര്യന്‍ ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി വി മുരളീധരനാണ് അദ്ദേഹത്തിന് അംഗത്വം നല്‍കിയത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക