തിരുവനന്തപുരം: ദേശീയ തലത്തിലെ IPL മാതൃകയിൽ കേരള ക്രിക്കറ്റ് ലീഗിന് (KCL) ഇന്ന് തുടക്കമാകും. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ആദ്യ മത്സരം. മുഹമ്മദ് അസറുദ്ദീൻ നയിക്കുന്ന ആലപ്പി റിപ്പിൾസും വരുൺ നായനാരുടെ ക്യാപ്റ്റൻസിയിൽ തൃശ്ശൂർ ടൈറ്റൻസും തമ്മിലാണ് ആദ്യ മത്സരം.
|
തുടർന്ന്, വൈകുന്നേരം ആറു മണിയോടെ ലീഗിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമാകും. കേരള ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക ഗാനം പ്രശസ്ത ദക്ഷിണേന്ത്യൻ ഗായകൻ അരുൺ വിജയ് ആലപിക്കുന്നതോടെയാണ് ചടങ്ങുകൾ ആരംഭിക്കുക
60 കലാകാരന്മാർ ചേർന്നൊരുക്കുന്ന ദൃശ്യവിരുന്നും ചടങ്ങിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.തുടർന്ന് കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡർ കൂടിയായ മോഹൻലാൽ ഉദ്ഘാടനം ചെയ്യും.
മോഹൻലാലിന് പുറമേ കായിക മന്ത്രി വി അബ്ദുറഹിമാൻ, വനിതാ ക്രിക്കറ്റ് ഗുഡ് വിൽ അംബാസിഡർ കീർത്തി സുരേഷ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിന് പിന്നാലെ നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ അബ്ദുൽ ബാസിത് നയിക്കുന്ന ട്രിവാൻഡ്രം റോയൽസും ബേസിൽ തമ്പി നായകനായ കൊച്ചി ബ്ലൂ ടൈഗേർസും തമ്മിലും ഏറ്റുമുട്ടും.
സെപ്റ്റംബർ 16 വരെയാണ് ആദ്യ റൗണ്ട് മത്സരങ്ങൾ. 17-ന് സെമി ഫൈനൽ. സെപ്റ്റംബർ 18-ന് നടക്കുന്ന ഫൈനലിൽ പ്രഥമ കേരള ക്രിക്കറ്റ് ലീഗിലെ വിജയിയെ നിശ്ചയിക്കും.
വിജയികൾക്ക് 30 ലക്ഷം
ലീഗ് ജേതാക്കൾക്ക് 30 ലക്ഷം രൂപ ട്രോഫിക്കുപുറമെ ലഭിക്കും. റണ്ണേഴ്‌സ് അപ്പിന് 20 ലക്ഷം രൂപയും മൂന്നാംസ്ഥാനക്കാർക്ക് അഞ്ചുലക്ഷം രൂപയുമാണ് സമ്മാനം.
തത്സമയം കാണാം
സ്‌റ്റാർ സ്‌പോർട്‌സ്1, ഫാൻകോഡ് എന്നിവ മത്സരങ്ങൾ ലൈവ് സ്ട്രീമിങ് നടത്തും. ആൻഡ്രോയിഡിലും ഐഒഎസിലും ലഭിക്കുന്ന ഫാൻകോഡിന്റെ മൊബൈൽ ആപ്പിലും ആൻഡ്രോയിഡ് ടിവി, ആമസോൺ ഫയർ ടിവി സ്റ്റിക്ക്, ജിയോ സെറ്റ് ടോപ് ബോക്‌സ്, സാംസങ് ടിവി, ഒടിടി പ്ലേ, ആമസോൺ പ്രൈം വീഡിയോ, എയർടെൽ എക്‌സ്ട്രീം, ജിയോ ടിവി, ജിയോ ടിവി പ്ലസ് എന്നിവയിൽ ലഭിക്കുന്ന ടിവി ആപ് വഴിയും മത്സരങ്ങൾ കാണാനാകും. www.fancode.com എന്ന വെബ്‌സൈറ്റ് വഴിയും മത്സരം വീക്ഷിക്കാം.
മത്സരങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.
ട്രിവാൻഡ്രം റോയൽസ്
പി എ അബ്ദുൽ ബാസിത്
(ക്യാപ്‌റ്റൻ).
പരിശീലകൻ: പി ബാലചന്ദ്രൻ (കേരള ടീം മുൻ പരിശീലകൻ).
സഹപരിശീലകർ: സോണി ചെറുവത്തൂർ, എസ് മനോജ് (ബാറ്റിങ്), അഭിഷേക് മോഹൻ (ഫീൽഡിങ്).
ഉടമകൾ: സംവിധായകൻ പ്രിയദർശനും ജോസ് തോമസ് പട്ടാറയും ചേർന്നുള്ള കൺസോർഷ്യം.
പ്രധാന താരങ്ങൾ:
രോഹൻ പ്രേം, എം എസ് അഖിൽ, സി വി വിനോദ് കുമാർ, അഖിൻ സത്താർ.
ആലപ്പി റിപ്പിൾസ്
മുഹമ്മദ് അസ്ഹറുദീൻ
(ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ).
പരിശീലകൻ: പ്രശാന്ത് പരമേശ്വരൻ (മുൻ ഐപിഎൽ താരം).
സഹപരിശീലകർ: രാമകൃഷ്ണൻ എസ് അയ്യർ (ബാറ്റിങ്), എൻ കെ ഉമേഷ് (ഫീൽഡിങ്).
ഉടമകൾ: ടി എസ് കലാധരൻ (കൺസോൾ ഷിപ്പിങ് സർവീസസ്), റാഫേൽ തോമസ്, ഷൈബു മാത്യു, ജിബിത് ജോയ്, നിജി ഇസ്‌മയിൽ.
പ്രധാന താരങ്ങൾ:
കൃഷ്‌ണപ്രസാദ്, അക്ഷയ് ചന്ദ്രൻ, വിനൂപ് മനോഹരൻ, ഫനൂസ് ഫൈസ്, വിശ്വേശ്വർ സുരേഷ്.
തൃശൂർ ടൈറ്റൻസ്
വരുൺ നായനാർ
(ക്യാപ്‌റ്റൻ, വിക്കറ്റ് കീപ്പർ).
പരിശീലകർ:- സുനിൽ ഒയാസിസ് (കേരള ടീം മുൻ ക്യാപ്റ്റൻ), വിനൻ ജി നായർ (ബാറ്റിങ്), കെവിൻ ഓസ്‌കാർ (സഹപരിശീലകൻ), സി പി ഷാഹിദ് (ബൗളിങ്).
ഉടമ-: സജ്ജാദ് സേട്ട് (ഫിനെസ് ഗ്രൂപ്പ്).
പ്രധാന താരങ്ങൾ: അക്ഷയ് മനോഹർ, എം ഡി നിതീഷ്, ഏഥൻ ടോം, വിഷ്‌ണുവിനോദ്.
കലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്
രോഹൻ എസ് കുന്നുമ്മൽ
(ക്യാപ്‌റ്റൻ).
പരിശീലകർ:- ഫിറോസ് വി റഷീദ്, ഡേവിഡ് ചെറിയാൻ (സഹപരിശീലകൻ), എം എസ് സുമേഷ് (ബാറ്റിങ്).
ഉടമ: സഞ്ജു മുഹമ്മദ്, ഇകെകെ ഇൻഫ്രാസ്ട്രക്ചർ.
പ്രധാന താരങ്ങൾ:
അഖിൽ സ്‌കറിയ, സൽമാൻ നിസാർ, പി എം അൻഫൽ, എം നിഖിൽ.
കൊച്ചി ബ്ലൂ ടൈഗേഴ്‌സ്
ബേസിൽ തമ്പി
(ക്യാപ്‌റ്റൻ).
നിഖിൽ തോട്ടത്ത്, പവൻ ശ്രീധർ (വിക്കറ്റ് കീപ്പർ).
പരിശീലകർ:- സെബാസ്റ്റ്യൻ ആന്റണി, സി എം ദീപക് (സഹപരിശീലകൻ), എസ് അനീഷ് (ഫീൽഡിങ്).
ഉടമ: സുഭാഷ് മാനുവൽ (സിംഗിൾ ഐഡി സഹസ്ഥാപകൻ).
പ്രധാന താരങ്ങൾ:
മനു കൃഷ്‌ണൻ, സിജോമോൻ, ഷോൺ റോജർ.
ഏരീസ് കൊല്ലം സെയിലേഴ്‌സ്
-സച്ചിൻ ബേബി
(ക്യാപ്റ്റൻ).
പരിശീലകർ:- വി എ ജഗദീഷ്, കെ മോനിഷ് (ബൗളിങ്), നിഖിലേഷ് സുരേന്ദ്രൻ (ഫീൽഡിങ്).
ഉടമ: സോഹൻ റോയ് (ഏരീസ് ഗ്രൂപ്പ്), എൻ പ്രബിരാജ്, എസ് ശ്രീശാന്ത് (മെന്റർ).
പ്രധാന താരങ്ങൾ: എസ് മിഥുൻ, വത്സൽ ഗോവിന്ദ്, കെ എം ആസിഫ്.