23
Jul 2025
Fri
23 Jul 2025 Fri
High Court directs EC to consider add Nair name with NDA candidate

ഐഎസ് കേസില്‍ രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന സെയ്ദ് നബീല്‍ അഹ്‌മദിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഐഎസ്‌ഐഎസ് കേരള ഘടകത്തിന്റെ അമീര്‍(തലവന്‍) എന്ന് എന്‍ഐഎ അവകാശപ്പെടുന്ന നബീല്‍ സഹപ്രതിയുമായി ചേര്‍ന്ന് കേരളത്തിലെ നിരവധി ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചതായും ആരോപിക്കപ്പെടുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തേ എന്‍ഐഎ കോടതി നബീലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. എന്നാല്‍, ദീര്‍ഘകാലമായി വിചാരണ കൂടാതെ ജയിലില്‍ കിടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

2023 സപ്തംബര്‍ 6ന് അറസ്റ്റിലായ നബീല്‍(36) അന്ന് മുതല്‍ ജയിലില്‍ കഴിയുകയാണ്. ഐഎസ് പ്രചാരണം നടത്തി, യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചു, ഹിന്ദുക്ഷേത്രങ്ങളുടെയും സമുദായ നേതാക്കളുടെയും പട്ടിക തയ്യാറാക്കി തുടങ്ങിയ ആരോപണങ്ങളാണ് എന്‍ഐഎ നബീലിനും സഹപ്രതികള്‍ക്കുമെതിരേ ഉന്നയിച്ചിട്ടുള്ളത്.

ALSO READ: ഗോവിന്ദച്ചാമിയെ പിടിച്ചത് സ്വകാര്യവ്യക്തിയുടെ കിണറ്റില്‍ നിന്ന്

2023ല്‍ പാലക്കാട് വച്ച് ഒരു ഫിനാന്‍ഷ്യലന്‍ ഏജന്റില്‍ നിന്ന് 30 ലക്ഷം രൂപ കവര്‍ന്ന കേസിലും നബീല്‍ പ്രതിയാണ്. ഐഎസിന്റെ പ്രവര്‍ത്തനത്തിന് വേണ്ടി പണം സ്വരൂപിക്കുകയായിരുന്നു കവര്‍ച്ചയുടെ ലക്ഷ്യമെന്നാണ് എന്‍ഐഎ അവകാശപ്പെടുന്തന്.

മറ്റു മതക്കാരെ കൊല്ലുന്നതിനെയും കവര്‍ച്ച ചെയ്യുന്നതിനെയും ന്യായീകരിക്കുന്ന നബീലിന്റെ ശബ്ദ സന്ദേശം ലഭിച്ചതായും എന്‍ഐഎ പറയുന്നു. നബീല്‍ നേരത്തേ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നുവെന്നും ഖത്തറിലായിരിക്കേയാണ് ഐഎസുമായി ബന്ധപ്പെടുന്നതെന്നുമാണ് എന്‍ഐഎ പറയുന്നത്. തുടര്‍ന്ന് സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന് കേരളത്തിലെത്തുകയായിരുന്നു.

എന്നാല്‍, സമാനമായ ആരോപണങ്ങള്‍ നേരിടുന്ന മതിലകത്ത് കോടയില്‍ ആശിഫ് എന്ന സഹപ്രതിക്ക് ഈ വര്‍ഷം ഏപ്രിലില്‍ ജാമ്യം ലഭിച്ചതായി ജസ്റ്റിസുമാരായ വിജയരാഘവന്‍ വി, കെ വി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതുപ്രകാരം നബീലും ജാമ്യത്തിന് അര്‍ഹനാണെന്ന് കോടതി വ്യക്തമാക്കി.

വിചാരണാ നടപടികളിലെ മെല്ലെപ്പോക്കും കോടതി കണക്കിലെടുത്തു. 147 സാക്ഷികളാണ് കേസിലുള്ളത്. ഫോറന്‍സിക് റിപോര്‍ട്ട് ഇനിയും തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ വിചാരണ അടുത്ത കാലത്തൊന്നും തീരാന്‍ സാധ്യതയില്ലെന്നും ആയതിനാല്‍ ജാമ്യം അനുവദിക്കുകയാണെന്നും കോടതി വ്യക്തമാക്കി.

കടുത്ത ഉപാധികളോടെയാണ് ജാമ്യം. എറണാകുളം ജില്ലയില്‍ തന്നെ തുടരണം, ആഴ്ച്ചയില്‍ രണ്ട് തവണ എന്‍ഐഎക്ക് റിപോര്‍ട്ട് ചെയ്യണം, ഒറ്റ ഫോണ്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കാവൂ തുടങ്ങിയവ ഉപാധികളില്‍പ്പെടുന്നു.

English News Summary
Kerala High Court Grants Bail to Alleged ISIS Module Head. Accused of plotting terror strikes, conducting recce of Hindu temples, radicalising youth, and looting funds to bankroll ISIS activities, Seyid Nabeel Ahammed has been granted bail by the Kerala High Court on July 23, 2025, after nearly two years in jail.