ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലി(കെഎൽഎഫ്)ന്റെ ഏഴാം പതിപ്പ് ജനുവരി 11 മുതൽ 14 വരെ കോഴിക്കോട്ട് നടക്കും. കോഴിക്കോട് കടപ്പുറത്ത് ആറ് വേദികളിലായാണ് ഫെസ്റ്റിവൽ അരങ്ങേറുന്നത്. ജനുവരി 11ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വി എൻ വാസവൻ, പി എ മുഹമ്മദ്റിയാസ് , സജി ചെറിയാൻ, എം ടി വാസുദേവൻ നായർ, സച്ചിദാനന്ദൻ, എം മുകുന്ദൻ, മല്ലികാസാരാഭായ് തുടങ്ങിയവരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.
|
ഡിസി കിഴക്കെമുറി ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ നടത്തുന്ന സാഹിത്യോത്സവത്തിൽ സാഹിത്യം, കല, ചരിത്രം, രാഷ്ട്രീയം, ശാസ്ത്രം, സാങ്കേതികം, സംരംഭകത്വം, ആരോഗ്യം, യാത്ര, സംഗീതം, സാമ്പത്തികം, കായികം തുടങ്ങി വിവിധ മേഖലകൾ ചർച്ചയാകും. ഒമ്പത് രാജ്യങ്ങളിൽ നിന്നുള്ള കലാസാഹിത്യ പ്രതിഭകൾ കെഎൽഎഫിൽ പങ്കെടുക്കും.
325 സെഷനുകളിലായി സംവാദങ്ങൾ അരങ്ങേറും. ഇത്തവണത്തെ അതിഥിരാജ്യം തുർക്കിയാണ്. കുട്ടികൾക്കായും സാഹിത്യോത്സവമുണ്ട് എന്നതാണ് ഏഴാം പതിപ്പിന്റെ പ്രത്യേകത. നൊബേൽ സമ്മാന ജേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ കൈലാഷ് സത്യാർഥി, തുർക്കി അംബാസഡർ ഫിറാത് സുനേൽ, സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, വില്യം ഡാൽറിമ്പിൾ, ജെറി പിന്റോ, ചലച്ചിത്ര നടൻ പ്രകാശ് രാജ്, പെരുമാൾ മുരുകൻ, രഘുറാം രാജൻ, മണിശങ്കർ അയ്യർ, ഹരീഷ് ശിവരാമകൃഷ്ണൻ, ബർഖ ദത്ത്, സക്കറിയ, ഉർവശി ഭൂട്ടാലിയ, സുനിൽ പി ഇളയിടം, റസൂൽ പൂക്കുട്ടി, കെ കെ ശൈലജ, നടി ഷീല, ബെന്യാമിൻ,കെ ആർ മീര,ഫാ.ബോബി ജോസഫ് കട്ടികാട് തുടങ്ങി നിരവധി പ്രമുഖർ സംവാദത്തിൽ പങ്കെടുക്കുന്നുണ്ട്.
കവി കെ സച്ചിദാനന്ദൻ ഫെസ്റ്റിവൽ ഡയറക്ടറും രവി ഡി സി ചീഫ് ഫെസിലിറ്റേറ്ററും എ. പ്രദീപ് കുമാർ ചെയർമാനും ഡോ.എ കെ അബ്ദുൽ ഹക്കീം ജനറൽ കൺവീനറുമായിട്ടുള്ളതാണ് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ സംഘാടക സമിതി


