23
Aug 2025
Wed
23 Aug 2025 Wed
kerala medical

മെഡിക്കല്‍, ഡന്റല്‍ പ്രവേശന അലോട്ട്‌മെന്റ് ആദ്യഘട്ടം പൂര്‍ത്തീകരിച്ചപ്പോള്‍ സംവരണ വിഭാഗങ്ങള്‍ക്കിടയില്‍ വലിയ വിവേചനമെന്ന് വി ടി ബല്‍റാം. മുസ്ലിം സമുദായത്തില്‍പ്പെട്ട 916 റാങ്ക് വരെ പ്രവേശനം നേടിയപ്പോള്‍ EWS വിഭാഗത്തില്‍പ്പെട്ട സവര്‍ണ്ണ ഹിന്ദു/മുന്നാക്ക കൃസ്ത്യാനികളില്‍ 2842 റാങ്കുകാര്‍ക്ക് വരെ ആദ്യ അലോട്ട്‌മെന്റില്‍ത്തന്നെ സീറ്റ് നേടാനായതായി വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടു മൂന്ന് കാര്യങ്ങളാണ് ഈ കണക്കുകളിലൂടെ കണ്ണോടിക്കുമ്പോള്‍ മനസ്സിലാക്കാനാവുന്നതെന്ന് ബല്‍റാം ചൂണ്ടിക്കാട്ടുന്നു. ഒന്ന്, മുസ്ലിംകളേക്കാളും ഈഴവരടക്കമുള്ള പിന്നാക്ക ഹിന്ദുക്കളേക്കാളും പിന്നാക്ക കൃസ്ത്യാനികളേക്കാളും ഇന്ന് സംവരണത്തിന്റെ പ്രയോജനം ലഭിക്കുന്നത് EWS വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ്. സംവരണം കാരണം ‘മെറിറ്റും’ കഴിവും ഇല്ലാതാവും എന്ന പഴയ മുദ്രാവാക്യം ഉയര്‍ത്താന്‍ ഇന്നിപ്പോള്‍ ആളില്ലാതായതും EWS വന്നതില്‍പ്പിന്നെയാണെന്നും ബല്‍റാം പറയുന്നു.

സ്റ്റേറ്റ് മെറിറ്റിനോട് എത്രത്തോളം അടുത്താണ് ഓരോ സാമൂഹ്യ വിഭാഗത്തിന്റേയും സംവരണ മെറിറ്റ് എന്നത് അതത് വിഭാഗക്കാര്‍ നേടിയ വിദ്യാഭ്യാസപരമായ പുരോഗതിയേക്കൂടിയാണ് കാണിക്കുന്നത്. ജനസംഖ്യയില്‍ 27 ശതമാനത്തോളമുള്ള മുസ്ലീങ്ങള്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് വെറും 8 ശതമാനം സംവരണമേയുള്ളൂ എന്നതും കണക്കുകള്‍ വ്യക്തമാക്കുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മെഡിക്കല്‍, ഡന്റല്‍ പ്രവേശന അലോട്ട്‌മെന്റ് ആദ്യഘട്ടം പൂര്‍ത്തീകരിച്ചപ്പോള്‍ ഉള്ള കണക്കുകളാണിത്.

സ്റ്റേറ്റ് മെറ്റിറ്റിലെ 697ആം റാങ്കുകാരന്/കാരിക്ക് വരെയാണ് സംസ്ഥാനത്ത് ഗവ.മെഡിക്കല്‍ കോളേജില്‍ MBBSന് പ്രവേശനം ലഭിച്ചത്.

മുസ്ലീം സമുദായത്തില്‍പ്പെട്ടവരില്‍ 916 റാങ്കുകാര്‍ വരെ പ്രവേശനം നേടി. എന്നാല്‍ ഈഴവ സമുദായത്തില്‍പ്പെട്ടവരില്‍ 1627 റാങ്ക് വരെ പ്രവേശനം നേടാനായി. മറ്റ് പിന്നാക്ക ഹിന്ദുക്കളുടേയും അവസ്ഥ ഇതിനടുത്ത് തന്നെയാണ്, 1902 റാങ്ക് വരെ. വിശ്വകര്‍മ്മജരില്‍ 2566 റാങ്ക് വരെ പ്രവേശനം നേടി. പിന്നാക്ക കൃസ്ത്യാനികള്‍ക്കിടയില്‍ നിന്ന് 2674 റാങ്ക് വരെയാണ് പ്രവേശനപ്പട്ടികയില്‍ ഇടംപിടിച്ചത്.

എന്നാല്‍ EWS വിഭാഗത്തില്‍പ്പെട്ട സവര്‍ണ്ണ ഹിന്ദു/മുന്നാക്ക കൃസ്ത്യാനികളില്‍ 2842 റാങ്കുകാര്‍ക്ക് വരെ ആദ്യ അലോട്ട്‌മെന്റില്‍ത്തന്നെ സീറ്റ് നേടാനായി എന്ന് കാണാനാവും.

രണ്ടു മൂന്ന് കാര്യങ്ങളാണ് ഈ കണക്കുകളിലൂടെ കണ്ണോടിക്കുമ്പോള്‍ മനസ്സിലാക്കാനാവുന്നത്. ഒന്ന്, മുസ്ലീങ്ങളേക്കാളും ഈഴവരടക്കമുള്ള പിന്നാക്ക ഹിന്ദുക്കളേക്കാളും പിന്നാക്ക കൃസ്ത്യാനികളേക്കാളും ഇന്ന് സംവരണത്തിന്റെ പ്രയോജനം ലഭിക്കുന്നത് EWS വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ്. സംവരണം കാരണം ‘മെറിറ്റും’ കഴിവും ഇല്ലാതാവും എന്ന പഴയ മുദ്രാവാക്യം ഉയര്‍ത്താന്‍ ഇന്നിപ്പോള്‍ ആളില്ലാതായതും EWS വന്നതില്‍പ്പിന്നെയാണ്.

സ്റ്റേറ്റ് മെറിറ്റിനോട് എത്രത്തോളം അടുത്താണ് ഓരോ സാമൂഹ്യ വിഭാഗത്തിന്റേയും സംവരണ മെറിറ്റ് എന്നത് അതത് വിഭാഗക്കാര്‍ നേടിയ വിദ്യാഭ്യാസപരമായ പുരോഗതിയേക്കൂടിയാണ് കാണിക്കുന്നത്. ആ നിലയില്‍ സമീപകാലത്ത് മുസ്ലീം സമുദായം നേടിയ വിദ്യാഭ്യാസപരമായ വലിയ മുന്നേറ്റത്തെക്കൂടി ഈ കണക്കുകള്‍ ശരിവക്കുന്നുണ്ട്. മുസ്ലീങ്ങളെക്കുറിച്ചും മലപ്പുറമടങ്ങുന്ന മലബാറിനേക്കുറിച്ചുമൊക്കെ സംഘ പരിവാര്‍ നറേറ്റീവിലധിഷ്ഠിതമായ ഇടുങ്ങിയ ചിന്താഗതികള്‍ വച്ചുപുലര്‍ത്തുന്നവര്‍ക്ക് സ്വയം ആത്മപരിശോധന നടത്താനുള്ള അവസരമായും ഇത് മാറേണ്ടതുണ്ട്. ആവശ്യത്തിന് ഹയര്‍ സെക്കണ്ടറി പഠനസൗകര്യമില്ല എന്നതടക്കമുള്ള നിരവധി പ്രതികൂല ഘടകങ്ങളെയും മലബാറുകാര്‍ പ്രത്യേകമായി നേരിടേണ്ടി വരുന്നുണ്ട്.

ജനസംഖ്യയില്‍ 27 ശതമാനത്തോളമുള്ള മുസ്ലീങ്ങള്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് വെറും 8 ശതമാനം സംവരണമേയുള്ളൂ എന്നതും കാണേണ്ടതുണ്ട്. എന്നാല്‍ ജനസംഖ്യയില്‍ പരമാവധി 22-23 ശതമാനം മാത്രം വരുന്ന EWS വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണമാണ് നിലവിലുള്ളത്.

ഒബിസി വിഭാഗങ്ങള്‍ക്ക് മൊത്തത്തില്‍ ഉദ്യോഗ മേഖലയില്‍ 40% സംവരണം ലഭ്യമാണ്. എന്നാല്‍ വിദ്യാഭ്യാസ മേഖലയില്‍ വിവിധ കോഴ്‌സുകള്‍ക്ക് ഇത് 20 മുതല്‍ 30 ശതമാനം വരെ മാത്രമാണ്. ഉദ്യോഗ മേഖലയിലേത് പോലെ വിദ്യാഭ്യാസ മേഖലയിലും 40% സംവരണം ഒബിസി വിഭാഗങ്ങള്‍ക്ക് അനുവദിച്ചാല്‍ നിലവിലുള്ള അസമത്വം അല്പമെങ്കിലും കുറയ്ക്കാന്‍ സഹായകരമാകും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് എന്ന പേരില്‍ അനുവദിക്കുന്ന ഋണട സംവരണത്തില്‍ ജാതിമത പരിഗണന കൂടാതെ എല്ലാ പാവപ്പെട്ടവര്‍ക്കും അവസരം നല്‍കിയാല്‍ അതും യഥാര്‍ത്ഥ പാവങ്ങള്‍ക്ക് കൂടി പ്രയോജനം ചെയ്യും. സംവരണ തോത് നിശ്ചയിച്ചതിലെ വിവേചനത്തിന് ചെറിയൊരു പരിഹാരവും ആകും.

വിവിധ പിന്നാക്ക സമൂഹ്യ വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ ശതമാനക്കണക്കില്‍ ഉദ്യോഗരംഗത്തും വിദ്യാഭ്യാസ രംഗത്തുമൊക്കെ സംവരണം നല്‍കാത്തത് കൊണ്ടുകൂടിയാണ് അനീതികളും അസംതൃപ്തികളും നിലനില്‍ക്കുന്നത്. ഇതിനുള്ള പരിഹാരമായിട്ടാണ് രാജ്യത്ത് അടിയന്തരമായി ഒരു ജാതി സെന്‍സസ് നടത്തണമെന്ന് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും നിരന്തരം ആവശ്യപ്പെടുന്നത്. ഓരോ ജാതി,മത,സാമൂഹ്യ വിഭാഗങ്ങളുടേയും സാമൂഹികവും സാമ്പത്തികവുമായ അവസ്ഥ സമഗ്രമായ ഒരു സെന്‍സസ് നടത്തി കൃത്യമായി രേഖപ്പെടുത്തിയാല്‍ ഈ അനീതികള്‍ തിരിച്ചറിയാനും തിരുത്താനും നമുക്ക് അവസരമൊരുങ്ങും. ഒരു വോട്ടര്‍പട്ടിക പോലും കൃത്യമായി തയ്യാറാക്കാന്‍ കഴിയാത്ത ഇന്നത്തെ ഇന്ത്യയിലെ ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് ഇതിനൊക്കെ കഴിയുമോ എന്നത് മാത്രമാണ് കണ്ടറിയേണ്ടത്.