ആലപ്പുഴ: കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാര്‍ 100 കോടിയിലേറെ രൂപ ചെലവിടും. (Kerala ministerial anniversary: 100 crore expense) പരിപാടികള്‍ നാളെ കാസര്‍കോട്ട് ആരംഭിച്ചു മേയ് 23നു തിരുവനന്തപുരത്ത് അവസാനിക്കും. എല്ലാ ജില്ലയിലും എന്റെ കേരളം എന്ന പേരിലാണ് 7 ദിവസത്തെ പ്രദര്‍ശന, വിപണന മേളകള്‍ സംഘടിപ്പിക്കുന്നത്.
|
സാമ്പത്തിക ഞെരുക്കത്തിന്റെ പേരില്‍ സാധാരണക്കാരായ ജനങ്ങളുടെ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ മുടങ്ങുകയും സര്‍ക്കാരിന്റെ വരുമാനം കൂട്ടാന്‍ ജനങ്ങളില്‍നിന്നുള്ള പല ഫീസുകളും കൂട്ടുകയും ചെയ്ത ശേഷമാണു മന്ത്രിസഭാ വാര്‍ഷികം ഇത്രയേറെ പണം ചെലവിട്ട് ആഘോഷിക്കുന്നത്.
ശീതീകരിച്ച കൂറ്റന്‍ ജര്‍മന്‍ നിര്‍മിത പന്തലുകളാണ് പരിപാടികള്‍ക്കായി നിര്‍മിക്കുന്നത്. ഇവയുള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ചുമതല ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ കീഴിലുള്ള കൊല്ലം ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനാണ് (ഐഐഐസി). ഇതിനായി ഓരോ ജില്ലയിലും കിഫ്ബി 3 കോടി രൂപ വീതം ഐഐഐസിക്കു നല്‍കും. ഈയിനത്തില്‍ 42 കോടി രൂപയാണ് ആകെ ചെലവിടുന്നത്.
ഇവന്റ് മാനേജ്‌മെന്റ് കമ്പനികളുടെ കണ്‍സോര്‍ഷ്യമാണു സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഓരോ ജില്ലയിലെയും ചുമതല കണ്‍സോര്‍ഷ്യം വിവിധ കമ്പനികള്‍ക്കു വീതിച്ചു നല്‍കിയിട്ടുണ്ട്.
പരിപാടിയുടെ ഏകോപനം നിര്‍വഹിക്കുന്ന ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന് ഓരോ ജില്ലയിലും 40 ലക്ഷം വീതം ആകെ 5.6 കോടി അനുവദിച്ചിട്ടുണ്ട്. പ്രത്യേക പവിലിയന്‍, കലാപരിപാടികള്‍, ജില്ലാതല യോഗം, പ്രാദേശിക പ്രചാരണങ്ങള്‍ തുടങ്ങിയവയ്ക്കാണ് ഈ തുക.
ജില്ലകളിലെ പ്രദര്‍ശന, വിപണന മേളകളില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും 7 ലക്ഷം വീതം ചെലവിടാന്‍ അനുമതിയുണ്ട്. ഇതനുസരിച്ച് ഒരു ജില്ലയില്‍ സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും 3.5 കോടിയോളം ചെലവിടും. എല്ലാ ജില്ലകളിലും കൂടി ഈ വിഭാഗത്തില്‍ ചെലവ് 49 കോടി വരും.
പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാനായി 20.71 കോടി നീക്കിവച്ചിട്ടുണ്ട്. 2022ലും 23ലും സര്‍ക്കാരിന്റെ ഒന്നും രണ്ടും വാര്‍ഷികത്തിന് വേദി ഒരുക്കിയത് ഐഐഐസിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനാല്‍ കഴിഞ്ഞ വര്‍ഷം ആഘോഷം ഒഴിവാക്കേണ്ടിവന്നു.
വാര്‍ഷികത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ സംവാദ പരിപാടി എല്ലാ ജില്ലയിലും നടത്തും. ക്ഷണക്കത്ത് അച്ചടിച്ച് പാര്‍ട്ടി ഓഫിസുകള്‍ വഴി പ്രമുഖരെ കണ്ടെത്തി നടത്തുന്ന പരിപാടിക്കുള്ള ചെലവ് പ്രത്യേകമാണ്.


