ന്യുഡൽഹി: ബിജെപി നേതാക്കളെ അനുനയിപ്പിച്ചു കൂടെ നിർത്താൻ ജാഗ്രത കാട്ടുന്ന കേരള നദ് വത്തുൽ മുജാഹിദീനെ തീവ്ര മുസ് ലിം സംഘടനയാക്കി പൊലീസ് മേധാവിമാരുടെ റിപോർട്ട് . പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ റാഡിക്കൽ മുസ് ലിം സംഘടനയായി കേരള നദ്‌വത്തുൽ മുജാഹിദീനെ ഉൾപെടുത്തിക്കൊണ്ടാണ് റിപോർട്ട്. ഇഫ്താർ വിരുന്നുകൾക്കും സംസ്ഥാന സമ്മേളനങ്ങൾക്കും ബിജെപി നേതാക്കളെ സ്ഥിരം വിളിക്കുന്ന നദ് വത്തുൽ മുജാഹിദിന് കടുത്ത തിരിച്ചടി നൽകുന്നതായി നടപടി. പൊലീസ് ഡിജിപി മാരുടെയും ഐജിമാരുടെയും യോഗത്തിലാണ് ഇത്തരമൊരു റിപോർട്ട് സമർപ്പിച്ചത്.
|
രാജ്യത്തിന് ഭീഷണിയായി മാറിയ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ , ദഅവത്തെ ഇസ് ലാമി, തൗഹീദ്, കേരള നദ് വത്തുൽ മുജാഹിദീൻ പോലുള്ള ഇസ് ലാമിക് റാഡിക്കൽ സംഘടനകളെ തടയണം എന്നാണ് റിപോർട്ടിൽ ആവശ്യപ്പെടുന്നത്. ഡൽഹിയിൽ ജനുവരി 20-22 തിയ്യതികളിൽ നടന്ന കോൺഫറൻസിലായിരുന്നു ഉദ്യോഗസ്ഥരരുടെ റിപോർട്ട് സമർപ്പണം.
വി.എച്ച്.പി, ബജ്റംഗദൾ ദഅവത്തേ ഇസ് ലാമി തൗഹീദ്, തുടങ്ങിയവയും തീവ്രവാദ സംഘടനകളാണെന്ന് റിപോർട്ടിൽ പറയുന്നുണ്ട്. ബാബരി മസ്ജിദ് തകർക്കൽ, ഹിന്ദു ദേശീയതയുടെ വളർച്ച, ബീഫിന്റെ പേരിലുള്ള ആൾക്കൂട്ട അക്രമണങ്ങൾ, ഘർവാപസി തുടങ്ങിയവ യുവാക്കളിൽ തീവ്രവാദ രൂപീകരണത്തിൽ പങ്കു വഹിച്ചെന്ന് റിപോർട്ടിൽ പറയുന്നു. നുപുർ ശർമയുടെ പ്രവാചക നിന്ദാ പരാമർശങ്ങൾ പോലുള്ളവ ഉണ്ടാക്കുന്ന പ്രശ്നങ്ങളും ചില ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഉദയ്പൂരിലെ കനയ്യ ലാലിന്റെ കൊലപാതകം ചേർത്തുവച്ചായിരുന്നു ഇക്കാര്യം പ്രതിപാദിച്ചത്.
ഉദ്യോഗസ്ഥർ സമർപ്പിച്ച മുഴുവൻ പേപ്പറുകളും കോൺഫറൻസിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചെങ്കിലും ബുധനാഴ്ച ഇവ നീക്കം ചെയ്തു.
തീവ്രവാദത്തെ നേരിടാൻ ന്യൂനപക്ഷങ്ങൾക്ക് രാഷ്ട്രീയത്തിൽ കൂടുതൽ പങ്കാളിത്തം നൽകണമെന്നും മുസ്ലിംകൾക്ക് സംവരണം നൽകണമെന്നും മറ്റു ചില ഉദ്യോഗസ്ഥർ യോഗത്തിൽ വാദിച്ചു. ഇടതുപക്ഷം, വലതു പക്ഷം , ഇസ് ലാമിക മതമൗലിക വാദം എന്നിങ്ങനെയാണ് എസ് പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ തീവ്രവാദവൽക്കരണത്തെ തരംതിരിച്ചത്. സ്റ്റേറ്റിനെ കുറിച്ച് തീവ്ര വലതുപക്ഷ വ്യക്തികൾക്കും സംഘങ്ങൾക്കും ആധികാരികമായ ഒരു കാഴ്ചപ്പാടുണ്ട്. വംശീയമായി തുല്യ ലക്ഷണമുള്ള ഒരൊറ്റ യൂനിറ്റിലേക്ക് ലയിപ്പിക്കണമെന്നാണ് അവർ വാദിക്കുന്നത്. ഇന്ത്യ ഒരു ബഹുസ്വര സമൂഹമാണെങ്കിലും ഭൂരിപക്ഷവൽക്കരണത്തിലേക്ക് അടുത്തുക്കൊണ്ടിരിക്കുകയാണ്. ആനന്ദ് മാർഗ്, വി.എച്ച്.പി, ബജ്രംഗദൾ ,
ഹിന്ദു സേന തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ ഉദാഹരണങ്ങളാണ്.
പ്രത്യേക ഉദ്ദേശത്തോടുകൂടി പ്രവർത്തിക്കുന്ന വെബ്സൈറ്റുകളും സംഭ്രമജനകമായ വാർത്തകൾ പ്രചരിപ്പിക്കുന്നതും മുസ്ലിംകൾക്കു നേരെ നിഷേധാത്മകമായ നിലപാടുകൾ വളർത്തുന്നതായി മറ്റൊരു ഉദ്യോഗസ്ഥന്റെ പേപ്പറിൽ ചൂണ്ടിക്കാട്ടുന്നു. ലോകത്തെ രണ്ട് വ്യത്യസ്ത മേഖലകളായി വിഭജിക്കുന്ന ഒന്നാണ് ഇസ് ലാമിക വീക്ഷണം. മുസ് ലിംകളും അല്ലാത്തവരും.
മാവോയിസ്റ്റുകളുമായി സഹകരിക്കുന്ന ഇടതുപക്ഷ സംഘടനകൾ, ജമാഅത്തെ ഇസ് ലാമി, ജംഇയത്ത് അഹ് ലേ ഹദീദ്, ഐസിസ് പോലുള്ള സംഘടനകൾ, ഹൈന്ദവ ഭീകരവാദം, ഫാഷിസവുമായി ബന്ധപ്പെട്ട വലതുപക്ഷ സംഘടനകൾ തുടങ്ങിയവ ഉയർത്തുന്ന വെല്ലുവിളികളും എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ യോഗത്തിൽ അവതരിപ്പിച്ചു. തീവ്രവാദം ഇല്ലാതാക്കുന്നതിന് പരിഹാരമെന്ന നിലയിൽ ന്യൂനപക്ഷങ്ങൾക്ക് രാഷ്ട്രീയത്തിലും ഭരണതലത്തിലും കൂടുതൽ അവസരങ്ങൾ നൽകണമെന്നും മദ് റസകൾ ആധുനികവൽക്കരിക്കണമെന്നും റിപോർട്ടിൽ പറയുന്നുണ്ട് .



