20
Aug 2025
Fri
20 Aug 2025 Fri
malayali nun chathisgarh

റായ്പുര്‍: ബജ്‌റംഗ് ദള്‍ ഇടപെടലില്‍ ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയെ സമീപിക്കും. സഭാനേതൃത്വമാണ് ജാമ്യാപേക്ഷ നല്‍കുന്നത്. ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പ് പ്രതീക്ഷയോടെയാണ് കാണുന്നത്. ജാമ്യം ലഭിച്ചാല്‍ ഇന്നുതന്നെ കന്യാസ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകള്‍ ബിലാസ്പൂരിലെ ഛത്തീസ്ഗഡ് ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കുക. കോടതി പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ തന്നെ ജാമ്യാപേക്ഷ സമര്‍പ്പിക്കും.

മനുഷ്യക്കടത്ത് കേസ് ഉള്ളതിനാല്‍ എന്‍ഐഎ കോടതിയെ സമീപിക്കാനായിരുന്നു ദുര്‍ഗ് സെഷന്‍സ് കോടതിയുടെ നിര്‍ദ്ദേശം. എന്‍ഐഎ കോടതിയെ സമീപിക്കുന്നത് പ്രശ്‌നം സങ്കീര്‍ണമാക്കുമെന്ന് വിലയിരുത്തിയ ക്രൈസ്തവ പുരോഹിതര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മുന്‍ അഡിഷണല്‍ അഡ്വ. ജനറല്‍ അമൃതോ ദാസ് ആണ് കന്യാസ്ത്രീകള്‍ക്കായി ഹൈക്കോടതിയില്‍ ഹാജരാകുക. അഭിഭാഷകനുമായി റായ്പുര്‍ അതിരൂപതാ നേതൃത്വം ചര്‍ച്ച നടത്തി.

ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉറപ്പ് നല്‍കിയിരുന്നു. യുഡിഎഫ് എംപിമാരുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു അമിത് ഷാ നിലപാട് അറിയിച്ചത്. കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, രാജ്മോഹന്‍ ഉണ്ണിത്താന്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ് തുടങ്ങിയ യുഡിഎഫ് എംപിമാരും ഇന്ന് ദുര്‍ഗില്‍ എത്തും.

സിപിഐഎം നേതാക്കളായ പി കെ ശ്രീമതിയും സി എസ് സുജാതയും ജയിലിലെത്തി കന്യാസ്ത്രീകളെ കാണും. അനൂപ് ആന്റണിയും കോണ്‍ഗ്രസ് എംഎല്‍എമാരായ റോജി എം ജോണ്‍, സജീവ് ജോസഫ് എന്നിവരും ദുര്‍ഗില്‍ തുടരുകയാണ്. കന്യാസ്ത്രീകളുടെ ബന്ധുക്കളും ഛത്തീസ്ഗഡില്‍ ഉണ്ട്.

അതേസമയം, ചത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരെ ഇന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. വൈകുന്നേരം നാലുമണിക്ക് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തും.

ALSO READ: പുലര്‍ച്ചെയെത്തി ഇമാമിന്റെ കാര്‍ കത്തിച്ചു; മുന്‍ ഇമാമിനെതിരേ കേസെടുത്ത് പോലീസ്

പ്രതിഷേധം വ്യാപിപ്പിക്കാന്‍ പോഷക സംഘടനകള്‍ക്കും കെപിസിസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി ജോര്‍ജ് കുര്യന്‍ എന്നിവര്‍ക്കെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം.

ക്രിസ്ത്യന്‍ വിഭാഗത്തെ അടുപ്പിക്കാന്‍ കേരളത്തിലെ ബിജെപി നേതൃത്വം ശ്രമം നടത്തുന്നതിനിടെയുണ്ടായ സംഭവം പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. അനൂപ് ആന്റണിയെപ്പോലുള്ളവരെ ഇറക്കി പ്രശ്‌ന പരിഹാരത്തിന് ബിജെപി ശ്രമിക്കുന്നുണ്ടെങ്കിലും ബിജെപിയിലെ തന്നെ ഒരു വലിയ വിഭാഗവും ആര്‍എസ്എസും ഹിന്ദു ഐക്യവേദിയും ഉള്‍പ്പെടെയുള്ളവയും കന്യാസ്ത്രീകള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണം എന്ന നിലപാടിലാണ്.

ജൂലൈ 26നാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം മൂന്ന് പെണ്‍കുട്ടികളുമുണ്ടായിരുന്നു.

ഈ പെണ്‍കുട്ടികളെ കടത്തുകയാണെന്നും നിര്‍ബന്ധിത പരിവര്‍ത്തനത്തിനിരയാക്കുകയാണെന്നും ആരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്. കന്യാസ്ത്രീകളെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്.

ഇരുവര്‍ക്കുമെതിരെ നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.