പാലക്കാട്: കഴിഞ്ഞദിവസം പാലക്കാട്ട് കോങ്ങാട് കേരളശ്ശേരി കുണ്ടളശ്ശേരിയിൽ നിന്ന് 1.233 കിലോഗ്രാം മെത്താംഫെറ്റമിനുമായി അറസ്റ്റിലായ മണ്ണൂർ കമ്പനിപ്പടി കള്ളിക്കലിൽ സരിതയും (30) മങ്കര കണ്ണമ്പരിയാരം കൂട്ടാല സുനിലും (30) നടത്തിയത് വൻ ലഹരി റാക്കറ്റ് എന്ന് പോലിസ്. കേറ്ററിങ് സർവീസ് മറയാക്കി ഒന്നരവർഷമായി ലഹരിമരുന്നിന്റെ മൊത്തക്കച്ചവടമാണു നടത്തിയിരുന്നതെന്നു പൊലീസ് അറിയിച്ചു.
|
ഇരുവരും പ്ലസ്ടുവിന് ഒരുമിച്ചു പഠിച്ചവരാണ്. സരിതയുടെ ഭർത്താവ് പ്രവാസിയാണ്. സുനിൽ അവിവാഹിതനും ആണ്. ഭർത്താവ് അറിയാതെ ആണ് സരിതയുടെ ലഹരി കച്ചവടം എന്നും പോലിസിന് വിവരം ലഭിച്ചു.
ബോക്സിങ്, കുങ്ഫു താരമായ സുനിൽ എംകോം പൂർത്തിയാക്കിയിട്ടുണ്ട്. ഇദ്ദേഹം കുണ്ടളശ്ശേരിയിൽ വാടകക്കെട്ടിടത്തിൽ നടത്തുന്ന കേറ്ററിങ് സ്ഥാപനത്തിന്റെ മറവിലാണ് ഇരുവരും ലഹരിക്കച്ചവടം നടത്തിയത്.
ഇവർ ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ലഹരി എത്തിക്കുന്നതായ വിവരം പൊലീസിന് ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം രണ്ടുപേരും ബംഗളൂരുവിലേക്ക് പോയ വിവരവും ലഭിച്ചു. ഇതോടെ നിരീക്ഷിച്ച പോലിസ് ശനിയാഴ്ച വൈകീട്ട് ഇരുവരും തിരിച്ചെത്തിയപ്പോഴാണ് കൈയ്യോടെ പൊക്കിയത്.
പാലക്കാട്, തൃശൂർ ജില്ലയ്ക്ക് പുറമേ എറണാകുളത്തും ഇവർക്ക് ചില്ലറ വിൽപ്പനക്കാരുണ്ട് എന്നാണ് റിപ്പോർട്ട്. ഇവരുടെ ഫോൺ കോൾ രേഖകൾ അടക്കം പരിശോധിച്ചതിൽ നിന്ന് വൻ ലഹരിമരുന്ന് റാക്കറ്റിനെ കുറിച്ച് പോലിസിന് വിവരം ലഭിച്ചു.
എന്നാല്, ജിഎസ്ടി ഇല്ലാതെ വിലകുറച്ചു സ്വർണം വാങ്ങിത്തരാമെന്നു പറഞ്ഞാണു തന്നെ ബെംഗളൂരുവിൽ കൊണ്ടുപോയതെന്നാണു സരിത പൊലീസിനോടു പറഞ്ഞത്. ലഭിച്ച തെളിവുകളിൽനിന്ന് ഇരുവരും മാസങ്ങളായി ഒരുമിച്ച് ലഹരിക്കച്ചവടം നടത്തുന്നതായി വ്യക്തമായതിനാൽ ഈ മൊഴി പോലിസ് വിശ്വസിച്ചില്ല. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
Kerala Police arrested Saritha and Sunil for running a large-scale methamphetamine trafficking


