|
തെരുവുനായ ആക്രമണത്തില്‍ നിന്നും മദ്രസാ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി അവർക്കു മുന്നിൽ എയർഗണ്ണുമായി നടന്ന കാസർകോട്ടെ രക്ഷിതാവിനെതിരെ കേസെടുത്തിരിക്കുകയാണ് പൊലീസ്. സമൂഹത്തില്‍ ലഹള ഉണ്ടാക്കുന്ന തരത്തില്‍ വീഡിയോ ചിത്രികരിക്കുകയും പ്രചരിപ്പിച്ചുവെന്നുമുള്ള കുറ്റം ചുമത്തി കാസർകോട് ബേക്കൽ പൊലീസാണ് ഹദ്ദാദ് നഗറിലെ സമീറിനെതിരെ കേസെടുത്തിരിക്കുന്നത്. സമൂഹത്തിൽ യാതൊരുവിധ ലഹളയോ കലാപമോ ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയല്ല സമീർ ലൈസൻസ് ആവശ്യമില്ലാത്ത എയർ ഗൺ എടുത്തെന്ന് വ്യക്തമാണെന്നിരിക്കെയാണ് ഐപിസി 153 വകുപ്പ് ചുമത്തിയുള്ള പൊലീസിന്റെ ഈ ധൃതിപ്പെട്ടുള്ള നടപടി.
പരസ്യമായി തോക്ക് ചൂണ്ടിയും തോക്കുകളും വാളുകളടക്കമുള്ള മാരകായുധങ്ങൾ പ്രദർശിപ്പിച്ചും പലതവണ സോഷ്യൽമീഡിയയിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തിട്ടും തീവ്രഹിന്ദുത്വവാദിയും വിദ്വേഷപ്രചാരകനുമായ പ്രതീഷ് വിശ്വനാഥിനെതിരെ കേസെടുക്കുക പോയിട്ട് ഒന്ന് ചോദ്യം ചെയ്യാൻ പോലും വിളിപ്പിക്കാത്ത അതേ കേരള പോലീസാണ് ഇപ്പോൾ സമീർ എന്ന യുവാവിനെതിരെ രണ്ടാംദിനം കേസെടുത്തിരിക്കുന്നത്. 2020ൽ മഹാനവമി ദിനമായ ഒക്ടോബർ 24നായിരുന്നു പ്രതീഷ് മാരകായുധങ്ങളുടെ ചിത്രം പങ്കുവച്ച് കലാപാഹ്വാനം നടത്തിയത്.
മഹാനവമിയുടെ മറവിൽ ആയുധ പൂജയുടെ പേരിലാണ് 30ഓളം മാരകായുധങ്ങൾ ഇയാൾ പ്രദർശിപ്പിച്ച് പരസ്യമായി കലാപത്തിന് ആഹ്വാനം ചെയ്തത്. രണ്ട് വലിയ തോക്കുകൾ, മൂന്ന് പിസ്റ്റളുകൾ, ഇവയുടെ തിരകൾ, നിരവധി വാളുകൾ, കത്തികൾ, ത്രിശൂലങ്ങൾ, കുന്തങ്ങൾ തുടങ്ങിയവയാണ് ഇയാൾ വീട്ടിൽ ആയുധ പൂജ നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ ഇയാൾ ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയായിരുന്നു. ആയുധം താഴെവയ്ക്കാന്‍ ഇനിയും സമയമായിട്ടില്ലെന്നും ശത്രു നമുക്കിടയില്‍ പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണെന്നുമാണ് ഇയാൾ പോസ്റ്റിൽ പറഞ്ഞിരുന്നത്.
അതിൽ രേഖാമൂലവും അല്ലാതെയും പലരും പൊലീസിൽ പരാതി നൽകി. കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജിന്റെ ഇൻബോക്സിൽ പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റും സ്ക്രീൻഷോട്ടും അയച്ചുകൊടുത്ത് ഇതിൽ നടപടിയെടുക്കാത്തതിനെ കുറിച്ച് ചോദിച്ചയാളോട് സംഭവം നോട്ട് ഇൻ കേരള (കേരളത്തിൽ അല്ല) എന്നായിരുന്നു പൊലീസിന്റെ മറുപടി. എന്നാലിത് എവിടെയാണെന്ന് പറയാൻ പൊലീസ് തയ്യാറായതുമില്ല. മാത്രമല്ല, എന്തുകൊണ്ടാണ് കേസെടുക്കാത്തതെന്ന് ചോദിച്ച മറ്റൊരാൾക്ക് ബോക്ക് ആയിരുന്നു പൊലീസിന്റെ മറുപടി.
പലരും കേരളാ പൊലീസിനെ ഈ പോസ്റ്റിന്റെ താഴെ മെന്‍ഷന്‍ ചെയ്തിരുന്നെങ്കിലും അതെല്ലാം അവര്‍ കണ്ടില്ലെന്ന് നടിച്ചു. ഫേസ്ബുക്കിലൂടെ നിരന്തരം വിദ്വേഷ പ്രചരണവും കലാപ ആഹ്വാനവും പള്ളി പൊളിക്കാൻ ആഹ്വാനവും നടത്തുന്ന പ്രതീഷ് വിശ്വനാഥിനെതിരെ നിരവധി പരാതികളുണ്ടെങ്കിലും ഇതുവരെ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇക്കാര്യത്തിലും അതേ നിലപാടായിരുന്നു പൊലീസ് സ്വീകരിച്ചിരുന്നത്.
അതിനു മുമ്പും ഇത്തരത്തില്‍ മാരകായുധ പ്രദര്‍ശനം ഇയാള്‍ നടത്തിയിരുന്നു. ഹിന്ദു ജനതയുടെ സ്വാഭിമാനം സംരക്ഷിക്കാനായി ഇറങ്ങിത്തിരിക്കുന്ന ഒരു ലക്ഷം ഹിന്ദു യുവാക്കള്‍ക്ക് ത്രിശൂലം വിതരണം ചെയ്യുമെന്നും ഇതിന്റെ ചിത്രം സഹിതം ഇയാള്‍ പ്രഖ്യാപിച്ചിരുന്നു. സാമുദായിക ഐക്യം തര്‍ക്കാനും മതസ്പര്‍ധ തകര്‍ക്കാനും കലാപമുണ്ടാക്കാനും ലക്ഷ്യമിട്ടുള്ള ഇയാളുടെ പോസ്റ്റുകള്‍ക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പലപ്പോഴായി അഭിഭാഷകരടക്കം നിരവധി പേര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും പൊലീസ് അനങ്ങിയില്ല.
ബാബരി മസ്ജിദ് വിധിക്കെതിരെ ഒരു വിമര്‍ശനം ഗള്‍ഫിലിരുന്ന് പോസ്റ്റ് ചെയ്തതിന് പ്രവാസി മലയാളിക്കെതിരെ കേരളത്തില്‍ കേസെടുക്കുകയും നാട്ടിലെത്തിയപ്പോള്‍ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്ത അതേ പൊലീസാണ് പ്രതീഷ് വിശ്വനാഥിന്റെ കാര്യത്തിൽ നോട്ട് ഇന്‍ കേരള എന്ന വിചിത്ര ന്യായം പറഞ്ഞത്.
എന്നാൽ ഇപ്പോൾ, മകളടക്കമുള്ള മദ്രസാ വിദ്യാർഥികൾക്ക് സുരക്ഷയൊരുക്കി എയർഗണ്ണുമായി പ്രതീകാത്മക അകമ്പടി യാത്ര നടത്തിയ സമീറിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ ആരും പരാതി നൽകാതെയാണ് പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിദ്യാര്‍ഥികളെ തെരുവു നായകള്‍ ആക്രമിക്കുന്നത് മൂലമാണ് ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ഗണ്‍ എടുത്തതെന്ന് സമീര്‍ പറഞ്ഞിരുന്നു. മകള്‍ പരാതി പറഞ്ഞതോടെയാണ് 13 കുട്ടികള്‍ക്കൊപ്പം തോക്കുമായി സമീര്‍ നടന്നുനീങ്ങിയത്.
മദ്രസയിലേക്ക് പോയ ഒരു കുട്ടിയെ കഴിഞ്ഞ ദിവസം തെരുവുനായ കടിച്ചിരുന്നു. തുടര്‍ന്നാണ് സമീര്‍ എയര്‍ഗണ്ണുമായി വിദ്യാര്‍ഥികള്‍ക്കൊപ്പം നടന്നത്. സമീര്‍ തോക്കുമായി മുന്നിലും മദ്രസാ വിദ്യാര്‍ഥികള്‍ പിന്നിലുമാണ് നടന്നത്. അതേസമയം, പ്രതീഷിന്റേയും മറ്റുള്ളവരുടേയും കാര്യത്തിലുള്ള പൊലീസിന്റെ ഇരട്ടത്താപ്പിനെതിരെ മുമ്പും വിമർശനം ശക്തമായിരുന്നു.
കഴിഞ്ഞ മണ്ഡലകാലത്ത് പ്രതീഷ് വിശ്വനാഥ് സമൂഹ മാധ്യമങ്ങളിലൂടെ പരസ്യമായി കലാപത്തിന് ആഹ്വാനം ചെയ്തിരുന്നു. സർക്കാരിനെതിരെ യുദ്ധം ചെയ്യണമെന്ന് ആഹ്വാനം നൽകിയ പ്രതീഷ് വിശ്വനാഥിനെതിരെ കോതമംഗലം സ്വദേശി ധനൂപ് മോഹൻ പൊലീസിന് പരാതി നൽകിയിരുന്നു. എന്നാൽ പ്രതീഷ് വിശ്വനാഥിനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നായിരുന്നു ധനൂപിനു പൊലീസ് നൽകിയ മറുപടി. വർഗീയത പ്രചരിപ്പിച്ചതിന് ധനൂപ് മോഹൻ നൽകിയ പരാതി മടക്കാനുള്ള കാരണമായി “ആളെ കണ്ടുകിട്ടാനില്ല” എന്നായിരുന്നു പൊലീസ് പറഞ്ഞ മറുപടി. കൂടാതെ കേസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ നവംബർ ഒമ്പതിന് ബാബരി മസ്ജിദ് ഭൂമി രാമക്ഷേത്ര നിർമാണത്തിനായി സുപ്രീംകോടതി വിട്ടുനൽകിയപ്പോൾ പൊലീസിന്റെ കടുത്ത നിയന്ത്രണങ്ങളും നിർദേശങ്ങളും നിലനിൽക്കെ വിദ്വേഷവും മതസ്പർധയും പരത്തുന്ന പോസ്റ്റുകൾ പ്രതീഷ് വിശ്വനാഥ് പങ്കുവച്ചിരുന്നു. പ്രകോപനപരമായ ഫേസ്ബുക്ക് പോസ്റ്റിട്ട വിഷയത്തിൽ പ്രതീഷ് വിശ്വനാഥിനെതിരെ അഭിഭാഷകനായ അമീൻ ഹസ്സൻ പരാതി നൽകിയിരുന്നു. വിധിക്കു പിന്നാലെ ആഹ്ലാദപ്രകടനങ്ങളോ പ്രകോപനപരമായ പരാമർശങ്ങളോ പാടില്ലെന്ന അധികൃതരുടെ നിർദേശം പരസ്യമായി ലംഘിച്ചെന്നും കേസെടുക്കണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് അമീൻ ഹസൻ പരാതി നൽകിയത്. എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ല.
2017ൽ ബാബരി മസ്ജിദ് പൊളിച്ചതിന്റെ വാർഷികദിനത്തിൽ ലഡ്ഡു വിതരണം ചെയ്ത് ആഹ്ലാദ പ്രകടനം നടത്തുന്നതിന്റെ ചിത്രങ്ങൾ പ്രതീഷ് വിശ്വനാഥ് ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിരുന്നു. കൂടാതെ, സമാനമായ രീതിയിൽ കാശിയിലെയും മധുരയിലെയും മസ്ജിദുകൾ പൊളിച്ചു മാറ്റണമെന്നും ആഹ്വാനം ചെയ്തിരുന്നു. അതേവർഷം ഡിസംബർ ഏഴിന് രാജസ്ഥാനിൽ യുവാവിനെ ചുട്ടുകൊന്ന സംഭവത്തിൽ ഹിന്ദു പെൺകുട്ടികളെ പ്രണയിക്കുന്ന എല്ലാ മുസ്ലിങ്ങളുടെയും അവസ്ഥ ഇതായിരിക്കുമെന്നു പറഞ്ഞും ഇയാൾ പോസ്റ്റ് ഇട്ടിരുന്നു.
എന്നാൽ ഇതിനെതിരെയും പൊലീസിന് പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായിരുന്നില്ല. ഫേസ്ബുക്ക് പോസ്റ്റിന്റേയും കമന്റിന്റേയും പേരിൽ എം സ്വരാജ് എംഎൽഎയ്ക്കെും മറ്റ് രണ്ടു പേർക്കുമെതിരെ കേസെടുത്ത പൊലീസാണ് ഇരട്ടത്താപ്പ് കാട്ടിയത്. ഇത്തരത്തിൽ നിരവധി സംഭവങ്ങളിലാണ് പൊലീസ് പ്രതീഷ് വിശ്വനാഥിനെതിരെ കണ്ണടച്ചിരിക്കുന്നത്.



