21
Jan 2023
Fri
21 Jan 2023 Fri

വരയാടിനെ കൊമ്പില്‍ പിടിച്ച് നിര്‍ത്തി ഫോട്ടോയെടുത്ത മലയാളി വൈദികനേയും സുഹൃത്തിനയും തമിഴ്നാട്ടിൽ ജയിലിലടച്ചു. ജനുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇടുക്കി രാജാക്കാട് എന്‍ആര്‍ സിറ്റിയിലെ സെന്റ് മേരീസ് പള്ളി വികാരി ഫാദര്‍ ഷെല്‍ട്ടണും സുഹൃത്ത് ജോബി അബ്രഹാമുമാണ് ജയിലിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തമിഴ്‌നാടിന്റെ സംസ്ഥാന മൃഗവും ഷെഡ്യൂള്‍ വണ്ണില്‍ ഉള്‍പ്പെടുത്തിയിട്ടുളള സംരക്ഷിത മൃഗവുമാണ് വരയാട്. പൊളളാച്ചിയില്‍ നിന്നു വാല്‍പാറയിലേക്കുളള യാത്രയിലാണ് വൈദികന്‍ വരയാടിന്റെ രണ്ട് കൊമ്പുകളിലും പിടിച്ച് നിര്‍ത്തി ഫോട്ടോയെടുക്കുന്നത്. ഈ ചിത്രം ഒരു സഞ്ചാരി പകര്‍ത്തി തമിഴ്‌നാട്ടിലെ ഒരു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പെടുന്നത്. തമിഴ്‌നാട് ചീഫ് സെക്രട്ടറിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

വാല്‍പാറയില്‍ നിന്ന് തന്നെ ആറാം തീയതി തന്നെ ഇവര്‍ മടങ്ങിയിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ നമ്പര്‍ പിന്തുടര്‍ന്നാണ് അന്വേഷണ സംഘം രാജാക്കാടെത്തിയത്. തുടര്‍ന്ന് രാജാക്കാട് പോലീസിന്റെ സഹായത്തോടെ ചിത്രം കാണിച്ച് മറ്റുള്ളവരില്‍ നിന്ന് ആടിനെ പിടിച്ച് നില്‍ക്കുന്നത് വൈദികനാണെന്ന് സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസമാണ് വൈദികനും സുഹൃത്തും അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്താണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയതിന് ശേഷമാണ് ഇരുവരെയും റിമാന്‍ഡ് ചെയ്യുകയായിരുന്നു.