11
Jul 2025
Thu
11 Jul 2025 Thu

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. മധ്യ വടക്കന്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാത്രി 9 ന് പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം ഇന്ന് വടക്കന്‍ കേരളത്തിലെ കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ അതിശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതുപ്രകാരം രണ്ട് ജില്ലകളിലും റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തെ ഈ രണ്ട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടായിരുന്നു പ്രഖ്യാപിച്ചത്. എന്നാല്‍ പുതിയ സൂചനകള്‍ പ്രകാരം അത് റെഡ് അലര്‍ട്ടാക്കുകയായിരുന്നു. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്.

രാജസ്ഥാന് മുകളിലും തെക്കുപടിഞ്ഞാറന്‍ ബിഹാറിനും കിഴക്കന്‍ ഉത്തര്‍പ്രദേശിനും മുകളിലായും ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നതാണ് മഴയ്ക്ക് കാരണമാകുന്നത്. അടുത്ത അഞ്ചു ദിവസം കേരളത്തില്‍ പരക്കെ മഴ ലഭിക്കുമെന്നാണ് പ്രവചനം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് നിലവില്‍ അവധി പ്രഖ്യാപിച്ചത്. കണ്ണൂര്‍ ജില്ലയില്‍ സ്‌കൂളുകള്‍ക്ക് മാത്രമാണ് അവധി. വയനാട് ജില്ലയില്‍ റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ പ്രൊഫഷണല്‍ കോളജുകള്‍, അംഗണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.