23
Jul 2025
Mon
23 Jul 2025 Mon
Kerala Rain Alert: Relief in Kerala today, intensity of rain has reduced, yellow alert in only four districts

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് മൂന്നുദിവസമായി പെയ്ത കോരിച്ചൊരിയുന്ന മഴയ്ക്ക് ശമനം. എന്നാല്‍ വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും ശക്തമായ മഴ തുടരാന്‍ സാധ്യത. വടക്കന്‍ ജില്ലകളായ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂറില്‍ തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മത്സ്യബന്ധനത്തിന് വിലക്ക്

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രതാ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി. കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മറ്റ് ജില്ലകളില്‍ തീവ്രത കുറഞ്ഞ മഴയ്ക്ക് സാധ്യതയുണ്ട്. പ്രതികൂല കാലാവസ്ഥയും ശക്തമായ കാറ്റും കണക്കിലെടുത്ത് കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.

പത്തനംതിട്ടയിലും കോട്ടയത്തും വയനാട്ടിലും ഭാഗിക അവധി

മഴയെത്തുടര്‍ന്ന് പത്തനംതിട്ടയിലും കോട്ടയത്തും വയനാട്ടിലും ഭാഗിക അവധി പ്രഖ്യാപിച്ചു. പത്തനംതിട്ടയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എട്ട് സ്‌കൂളുകളില്‍ അഞ്ച് സ്‌കൂളുകള്‍ക്കാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. കനത്ത മഴയെ തുടര്‍ന്ന് കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതിനാല്‍ കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.

കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന ഗവണമെന്റ് മോഡല്‍ എച്ച്എസ്എസ്, ചങ്ങനാശേരി പൗവം യുപി സ്‌കൂള്‍ എന്നിവയ്ക്ക് കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.