21
Nov 2024
Mon
21 Nov 2024 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: സംസ്ഥന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് തുടക്കം. ഒളിമ്പിക്‌സ് മാതൃകയിൽ നടത്തുന്ന ആദ്യ സ്കൂൾ കായികമേളയുടെ ഉദ്ഘാടനം വൈകിട്ട് നാലിന് എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്ത് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ്, നടൻ മമ്മൂട്ടി തുടങ്ങിയവർ അതിഥികൾ ആണ്. താരങ്ങളുടെ രജിസ്‌ട്രേഷൻ ആണ് ഇന്ന് നടക്കുക. മത്സരങ്ങൾ നാളെ മുതലാണ്. ഈ മാസം 11ന് മേള കൊടിയിറങ്ങും.

24,000 കായിക താരങ്ങൾ

17 വേദികളിലായി 1460 മത്സര ഇനങ്ങളിൽ 24,000കായിക താരങ്ങളാണ് മാറ്റുരയ്ക്കുന്നത്. നാളെ രാവിലെ 7.30 മുതൽ ഗെയിംസ് ആരംഭിക്കും. വ്യാഴാഴ്ച മുതൽ ആണ് അത്‌ലറ്റിക്‌സ് നടക്കുക. ഭിന്നശേഷിക്കാരുടെയും ഗൾഫ് നാടുകളിലെ കുട്ടികളുടെയും പങ്കാളിത്തമാണ് ഇക്കുറി കായികമേളയുടെ ആകർഷണം.

ഒരുക്കങ്ങൾ പൂർണ്ണം

മേളയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്നലെ ചേർന്നു. മഴയുടെ കാര്യത്തിൽ ആശങ്കയുണ്ട്. എം എൽ എമാർ, അധ്യാപകർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ അംഗങ്ങളായുള്ള വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മേളയുടെ വിജയത്തിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

ഉദ്ഘാടന ചടങ്ങ്

എൽപി ഉച്ചയ്ക്ക് രണ്ടിന് എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്ന് ട്രോഫി ദീപശിഖ റാലി പ്രയാണം ആരംഭിക്കും. 2500 കുട്ടികൾ പങ്കെടുക്കും. ജോസ് ജംക്ഷൻ, എം.ജി. റോഡ് വഴി ഉദ്ഘാടന വേദിയായ മഹാരാജാസ് ഗ്രൗണ്ടിൽ എത്തും. മൂന്നിന് കുട്ടികൾ മാർച്ച് പാസ്റ്റിന് അണിനിരക്കും. നാലിന് മാർച്ച് പാസ്റ്റ് ആരംഭിക്കും. 4.30 ന് മാർച്ച് പാസ്റ്റ് അവസാനിക്കും. തുടർന്ന് ഗ്രൗണ്ടിൽ ദീപശിഖ വഹിച്ചുള്ള ഓട്ടം ആരംഭിക്കും. 4.45 ന് ദീപശിഖ കൊളുത്തും. 4.50 ന് പ്രതിജ്ഞ. തുടർന്ന് 5 ന് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം 5.30 ന് സാംസ്കാരിക പരിപാടി ഉദ്ഘാടനം. 6.30 വരെ 4000 കുട്ടികൾ അണിനിരക്കുന്ന സാംസ്കാരിക പരിപാടികൾ നടക്കും. പിടി ഡിസ്പ്ലേ, കലസ്തെനിക്സ്, എയ്റോബിക്സ്, സൂംബ, അത്തച്ചമയം, ക്വീൻ ഓഫ് അറേബ്യൻ സീ, തിരുവാതിര, പുലികളി, ചെണ്ടമേളം തുടങ്ങിയവ അണിനിരക്കും.

രജിസ്ട്രേഷൻ

ഇന്ന് രാവിലെ 10 മുതൽ 20 കൗണ്ടറുകളിൽ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. നാളെ ആരംഭിക്കുന്ന ഗെയിമുകളുടെ രജിസ്ട്രേഷനാണ് ആദ്യം ദിവസം നടക്കുന്നത്. അഞ്ചിന് 17 വേദികളിലും രാവിലെ ഏഴുമണി മുതൽ രജിസ്ട്രേഷൻ തുടങ്ങും. എറണാകുളം ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലാണ് പ്രധാന ഓഫീസ് പ്രവർത്തിക്കുന്നത്.

എല്ലാ വേദിയിലും ആംബുലൻസ്

മേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കാൻ എല്ലാ വേദികളിലേക്കും മെഡിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോ ഓഡിനേറ്റർമാരുടെ സംഘo പ്രവർത്തിക്കും. എല്ലാ വേദികളിലും ആംബുലസ് സംവിധാനം ഏർപ്പെടുത്തും.
അലോപ്പതി, ആയുർവേദ, ഹോമിയോപ്പതി സേവനം ഉറപ്പാക്കി
ഫിസിയോ തെറാപ്പിസ്റ്റുകളുടെയും സ്പോർട്ട്സ് ആയൂർവേദയുടെയും ടീം കുട്ടികളുടെ സുരക്ഷയ്ക്കായി പ്രവർത്തിക്കും.

പരിക്ക് പറ്റുന്ന കായിക താരങ്ങൾക്ക് സുരക്ഷ ഒരുക്കുന്നതിനായി ഫസ്റ്റ് എയ്ഡ് കിറ്റ് ലഭ്യമാക്കും. അവർക്കായി
കട്ടിൽ, ബെഡ്, സ്ട്രച്ചർ, വിൽ ചെയർ എന്നിവ സജ്ജമാക്കും.

2590 ട്രോഫികൾ

മത്സര വിജയികൾക്ക് വിതരണം ചെയ്യുന്നതിനുള്ള 2590 ട്രോഫികൾ എറണാകുളം എസ് ആർ വി സ്കൂളിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഇവിടെ നിന്ന് ഇന്ന് ഉച്ചയോടെ അതത് വേദികളിലെത്തും. കോലഞ്ചേരി, കോതമംഗലം, തൃപ്പൂണിത്തുറ, ഫോർട്ട് കൊച്ചി, എറണാകുളം എന്നിങ്ങനെ അഞ്ച് മേഖലകളിലായി തിരിച്ചാണ് ട്രോഫികൾ എത്തിക്കുക. അത്‌ലറ്റിക്സ് ഇനങ്ങൾക്ക് നൽകുന്ന ട്രോഫികൾ മഹാരാജാസ് ഗ്രൗണ്ടിലെ വേദിയിൽ പ്രത്യേകമായി പ്രദർശിപ്പിക്കും.

ഹരിത മേള

മേളയുടെ വിവിധ വേദികളിൽ ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പാക്കുന്നതിന് പ്രധാന അധ്യാപകർക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. എൻ എസ് എസ് വൊളൻ്റിയർമാർ ഉൾപ്പടെ 14 വൊളൻ്റിയർമാർ ഓരോ വേദിയിലുമുണ്ടാകും. ഓരോ വേദിയിലും വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. ഹരിത കർമ്മസേനയുടെ സേവനവുമുണ്ട്. ഗ്രീൻ പ്രോട്ടോക്കോൾ ബോർഡുകൾ എല്ലാ വേദികളിലും സ്ഥാപിച്ചിട്ടുണ്ട്. ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണമെന്ന് ഓർമ്മിപ്പിക്കുന്ന ശബ്ദസന്ദേശവും ഇടയ്ക്കിടെ ഉയരും.