20
Jul 2025
Sun
20 Jul 2025 Sun
Kerala school time change

തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റത്തില്‍ പ്രതിഷേധം അറിയിച്ച സുന്നി സംഘടനകളുടെ ലക്ഷ്യം സംശയാസ്പദമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. (Kerala school time change, V Sivan kutty comment) കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിനെ തകര്‍ക്കാന്‍ ഗൂഡാലോചന നടക്കുന്നതായും മന്ത്രി ആരോപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിനെ തകര്‍ക്കുന്നതിന് വേണ്ടി ഗൂഢാലോചന നടക്കുന്നതായി സംശയിക്കുന്നുണ്ട്. സംസ്ഥാനത്തിന്റേത് ദേശീയ അടിസ്ഥാനത്തില്‍ മാതൃകാപരമായ വിദ്യാഭ്യാസ മേഖലയാണ്. രാജ്യത്ത് തന്നെ രണ്ടാം സ്ഥാനത്താണ് കേരളം. ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കിയ അക്കാദമിക കലണ്ടറിനെതിരെ കോടതിയില്‍ പോയത് കോണ്‍ഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും രാഷ്ട്രീയ നേതൃത്വത്തെ അംഗീകരിക്കുന്ന അധ്യാപക സംഘടനകളായിരുന്നു. മുസ്‌ലിം ലീഗും കോണ്‍ഗ്രസും അതിന് അനുകൂലമായി നിലപാടെടുത്തു.

2014ല്‍ യു.ഡി.എഫ് ഭരണകാലത്ത് ലബ്ബ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹയര്‍ സെക്കന്‍ഡറിയില്‍ അഞ്ച് പ്രവൃത്തി ദിവസങ്ങളാക്കി കുറച്ചു. അപ്പോള്‍ ക്ലാസ് തുടങ്ങുന്നത് രാവിലെ 9.30 എന്നത് 9.00 ഉം വൈകുന്നേരം 4.00 മണി എന്നത് 4.30ഉം ആക്കി. രാവിലെയും വൈകുന്നേരവും അര മണിക്കൂര്‍ വീതം വര്‍ദ്ധിപ്പിച്ചു. ടൈംടേബിള്‍ പരിഷ്‌കരിച്ചത് മദ്‌റസാ വിദ്യാഭ്യാസത്തിന് വിഘാതം സൃഷ്ടിക്കുന്നു എന്ന വാദം ഉന്നയിക്കുന്നവര്‍ അന്ന് യാതൊരുവിധ പ്രതിഷേധമോ വിവാദമോ ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ടു തന്നെ ഇപ്പോള്‍ ഉണ്ടാക്കിയിട്ടുള്ള ഈ പ്രതിഷേധങ്ങള്‍ക്ക് പിന്നിലെ ലക്ഷ്യം സംശയാസ്പദമാണ്’ -മന്ത്രി പറഞ്ഞു.

ALSO READ: മഹാരാഷ്ട്രയില്‍ നിന്ന് ഒന്നരക്കോടി രൂപ കവര്‍ന്ന് കേരളത്തിലേക്കു കടന്ന ആറു മലയാളികള്‍ പിടിയില്‍

വിദ്യാഭ്യാസ കലണ്ടര്‍ പ്രസിദ്ധീകരിച്ചത് വഴി പൊതു വിദ്യാഭ്യാസ മേഖലയിലെ അക്കാദമിക് നിലവാരം ഉറപ്പ് വരുത്തുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. ‘നിലവിലെ കെഇആര്‍ ചട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് 220 പ്രവൃത്തി ദിനങ്ങള്‍ അല്ലെങ്കില്‍ 1100 മണിക്കൂര്‍ ബോധന സമയം ആക്കിയത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ സ്‌കൂള്‍ കലണ്ടറുകളുമായും താരതമ്യം നടത്തിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. ഗുജറാത്തില്‍ 243 പ്രവൃത്തി ദിനങ്ങളും, ഉത്തര്‍ പ്രദേശില്‍ 233, കര്‍ണാടക 244, ആന്ധ്രാ പ്രദേശില്‍ 233, ഡല്‍ഹിയില്‍ 220 എന്നിങ്ങനെയാണ് പ്രവൃത്തി ദിനങ്ങള്‍. കേരളത്തിലെ തന്നെ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളും, സര്‍ക്കാര്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളും അവരുടെ അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി പ്രവര്‍ത്തി ദിനങ്ങളും/ ബോധന മണിക്കൂറുകളും പൊതു വിദ്യാഭ്യാസ മേഖലയിലെ സ്‌കൂളുകളേക്കാള്‍ കൂടുതലാണ് എന്നതും കണക്കിലെടുക്കണം’ -മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

സ്‌കൂള്‍ സമയമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഇ.കെ, എ.പി സുന്നി സംഘടനകള്‍ രംഗത്തുവന്നിരുന്നു. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ ആലോചനയോടെ വേണമെന്നും മാറ്റങ്ങള്‍ കൃത്യമായ പഠനത്തിന്റെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തില്‍ ആകണമെന്നും കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

സമയമാറ്റം സംബന്ധിച്ച് എത്രയുംപെട്ടെന്ന് ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങളും വ്യക്തമാക്കിയിരുന്നു.