24
Jan 2026
Mon
24 Jan 2026 Mon
sir kerala norms relaxed

Kerala SIR draft complaint registration ന്യൂഡല്‍ഹി: കേരളത്തിലെ എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടികയില്‍നിന്ന് വെട്ടിമാറ്റിയവര്‍ക്ക് പരാതി സമര്‍പ്പിക്കാനുള്ള സമയപരിധി ജനുവരി 30 വരെ നീട്ടി തെരഞ്ഞെടുപ്പ് കമീഷന്‍. നേരത്തേ ഇത് ജനുവരി 22 ആയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സമയപരിധി നീട്ടുന്ന കാര്യം പരിഗണിക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷനോട് നിര്‍ദേശിച്ചിരുന്നു. കാലാവധി നീട്ടണമെന്ന് കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറും അഭ്യര്‍ഥിച്ചിരുന്നു. ഇവയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു.

പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസുകള്‍ പോലുള്ള പൊതുസ്ഥലങ്ങളില്‍ ലഭ്യമാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. അര്‍ഹരായവര്‍ പുറത്താക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സൗകര്യമൊരുക്കുന്നതിനായി ഈ പട്ടിക വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിക്കണം. വോട്ടര്‍ പട്ടികയില്‍ ഇടം നേടാനുള്ള അവകാശം നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഈ നടപടികള്‍ അത്യാവശ്യമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.

ALSO READ: കേരളത്തില്‍ എസ്‌ഐആറില്‍ നിന്ന് വെട്ടിമാറ്റപ്പെട്ടവര്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് സുപ്രിംകോടതി

ഇതോടെ കേരളത്തിലെ എസ് ഐ ആറിന് ശേഷമുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയേക്കും. പട്ടികയില്‍ നിന്ന് ഒഴിവായവര്‍ക്ക് കൃത്യമായ വിവരം ലഭിക്കുന്നില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പരാതി ഉന്നയിച്ചതോടെയാണ് സുപ്രീംകോടതി സമയം നീട്ടാന്‍ ഉത്തരവിട്ടത്. ഫെബ്രുവരി 21 ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കാനുള്ള നീക്കത്തിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍.

അര്‍ഹരായ മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി

അര്‍ഹരായ മുഴുവന്‍ ആളുകളെയും വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ അടിയന്തര നടപടികള്‍ക്ക് സര്‍ക്കാര്‍ തീരുമാനമെടുത്തതായി മുഖ്യമന്ത്രി. മതിയായ രേഖകള്‍ കൈവശമില്ലാത്തവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. രേഖകള്‍ കിട്ടാന്‍ ഒരു ഫീസും ഈടാക്കുന്നതല്ല. ഏതെങ്കിലും ഫീസ് ഉണ്ടെങ്കില്‍ അത് ഈ കാലയളവില്‍ ഒഴിവാക്കും.

വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിന് ജനങ്ങളെ സഹായിക്കുന്നതിനായി മതിയായ സഹായക കേന്ദ്രങ്ങള്‍ പ്രാദേശികാടിസ്ഥാനത്തില്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ ഹിയറിംഗ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നതിനും, അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനും ജില്ലാ കളക്ടര്‍മാര്‍ക്ക് ചുമതല നല്‍കി.

ഹിയറിങ്ങ് കേന്ദ്രങ്ങളില്‍ ആവശ്യമെങ്കില്‍ വോളന്റിയര്‍മാരുടെ സേവനവും മതിയായ ഹിയറിംഗ് ഉദ്യോഗസ്ഥരുടെ സേവനവും ഉറപ്പുവരുത്തേണ്ടതാണ്. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ഫോമുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം എല്ലാ സഹായ കേന്ദ്രങ്ങളിലും സജ്ജീകരിക്കും. അക്ഷയ സെന്ററുകള്‍ ഈടാക്കുന്ന ഫീസ് ലഘൂകരിക്കാന്‍ ഐടി വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ നിയോഗിക്കാത്തതോ ഒഴിവുള്ളതോ ആയ പോളിംഗ് സ്റ്റേഷനുകളില്‍ രണ്ടു ദിവസത്തിനകം തന്നെ നിയമനം നടത്തണമെന്നും നിര്‍ദ്ദേശിച്ചു.