06
Jun 2025
Sun
06 Jun 2025 Sun
Razak paleri welafare party

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ (Nilambur by election) യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനിച്ചതായി റിപോര്‍ട്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടാകും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുഡിഎഫുമായുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും ചില കാര്യങ്ങളില്‍ അന്തിമ തീരുമാനം ആകാനുണ്ടെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു.

”ഞങ്ങള്‍ ചില ആവശ്യങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ചില കാര്യങ്ങളില്‍ തീരുമാനം ആകാനുണ്ട്. തിങ്കളാഴ്ച നടക്കുന്ന യോഗത്തില്‍ എല്ലാ കാര്യങ്ങളിലും തീരുമാനം ഉണ്ടാകും”- റസാഖ് പാലേരി പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടിയെ യു.ഡി.എഫിന്റെ അസോസിയേറ്റ് അംഗമാക്കണമെന്ന ഉപാധികള്‍ ഉള്‍പ്പെടെ ചര്‍ച്ചയിലുള്ളതായാണ് സൂചന. എന്നാല്‍, ഇക്കാര്യത്തില്‍ യുഡിഎഫ് ഇതുവരെ ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നും റസാഖ് പാലേരി പറഞ്ഞു.

ALSO READ: ഒന്നും മറച്ചുവയ്ക്കാനില്ലെങ്കില്‍ മറുപടി നല്‍കൂ; തിരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് രാഹുല്‍

നേരത്തെ വി എസ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിലപാടായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിക്കുണ്ടായിരുന്നത്. ആര്യാടന്‍ ഷൗക്കത്തിനോടുള്ള വിയോജിപ്പിയിരുന്നു ഇതിന് കാരണം. ജമാഅത്തെ ഇസ്ലാമിയുടെ കടുത്ത വിമര്‍ശകനാണ്
ആര്യാടന്‍.

മറ്റ് പാര്‍ട്ടികളും തങ്ങളുടെ പിന്തുണ നേടി വന്നിരുന്നുവെന്ന് റസാഖ് പാലേരി അവകാശപ്പെട്ടു. എന്നാല്‍, ആരാണ് പിന്തുണ തേടി വന്നതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.

ഇടതുപക്ഷ സര്‍ക്കാരിനോടുള്ള വിയോജിപ്പാണ് വെല്‍ഫെയര്‍ പാര്‍ട്ടി യു ഡി എഫിനെ പിന്തുണയ്ക്കുന്നതിന് കാരണം, 2019 മുതല്‍ യു ഡി എഫുമായി സഹകരിക്കുന്നുണ്ടെന്നും റസാഖ് പാലേരി പറഞ്ഞു.

നിലമ്പൂരില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് രണ്ടാഴ്ച്ച മുമ്പ് റസാഖ് പാലേരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഏതെങ്കിലും മുന്നണി പിന്തുണ ആവശ്യപ്പെട്ടാല്‍ അപ്പോള്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും റസാഖ് പാലേരി വ്യക്തമാക്കിയിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ പരസ്പര ധാരണയോടെ മല്‍സരിക്കാമെന്ന ഉപാധിയും വെല്‍ഫെയര്‍ യുഡിഎഫിന് മുന്നില്‍വച്ചതായാണ് അറിയുന്നത്. ജമാഅത്തിന് സ്വാധീനമുള്ള ചില പഞ്ചായത്തുകളില്‍ പരമാവധി സീറ്റുകള്‍ നേടിയെടുക്കുകയാണ് ലക്ഷ്യം. നേരത്തേ പല പഞ്ചായത്തുകളിലും വെല്‍ഫെയറും യുഡിഎഫും ഒരുമിച്ച് മല്‍സരിച്ചിരുന്നു. ഈ ധാരണ വിപുലപ്പെടുത്താനാണ് വെല്‍ഫെയര്‍ പാര്‍ട്ടി ലക്ഷ്യമിടുന്നത്.

സ്ഥാനാര്‍ഥികളല്ല, മുന്നണികളുടെ നിലപാടാണ് പ്രശ്‌നമെന്ന് എസ്ഡിപിഐ

എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് മത്സരിക്കാന്‍ വേണ്ടിയാണെന്ന് സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് സമകാലിക മലയാളത്തോട് പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങളിലായിരുന്നു നിലമ്പൂരില്‍ പാര്‍ട്ടി.

എസ്ഡിപിഐ സ്ഥാനാര്‍ഥി സാദിഖ് നടുത്തൊടി പ്രചാരണ രംഗത്ത് ബഹുദൂരം മുന്നിലാണ്. ഞങ്ങള്‍ ഭരണപക്ഷത്തോടും പ്രതിപക്ഷത്തോടും ഒരുപോലെയാണ് മത്സരിക്കുന്നത്. ഇരുകൂട്ടരും അവരുടെ ഉത്തരവാദിത്തം നിറവേറ്റുന്നില്ല എന്നതിനാലാണ് ഒരാളെ പോലും പിന്തുണയ്ക്കാന്‍ ഞങ്ങള്‍ തയ്യറാകാത്തത്.

ഇവിടെ ഞങ്ങള്‍ക്ക് ഏതെങ്കിലും വ്യക്തികളോടുള്ള അഭിപ്രായവ്യത്യാസമല്ല പ്രശ്‌നം. ആര്യാടന്‍ ഷൗക്കത്തോ സ്വരാജോ എന്നതല്ല, അവരുടെ മുന്നണികളും പാര്‍ട്ടികളും മുന്നോട്ട് വെക്കുന്ന നിലപാടുകളും അവരുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാത്തതുമായ കാര്യമാണ് ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെക്കുന്നത്. ഇരുകൂട്ടരെയും ഞങ്ങള്‍ ഒരുപോലെയാണ് കാണുന്നതെന്നും ലത്തീഫ് പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ ഞങ്ങള്‍ തേടിയിട്ടില്ല. അന്‍വര്‍ ഞങ്ങളെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതിന് കാരണമുണ്ട്. അന്‍വര്‍ പൊലീസിലെ ആര്‍എസ്എസ് വല്‍ക്കരണം ഉന്നയിച്ചാണ് എംഎല്‍എ സ്ഥാനം രാജിവെച്ചത്. ഇത് ഞങ്ങള്‍ എത്രയോ വര്‍ഷം മുമ്പ് പറഞ്ഞകാര്യമാണ്. അതിനാലാണ് അന്‍വര്‍ ഞങ്ങളെ പിന്തുണയ്ക്കണമെന്ന് പറഞ്ഞത്.

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കാര്യം അങ്ങനയെല്ല അവര്‍ യുഡിഎഫിലെ ഘടകകക്ഷിയെ പോലെയാണ് ഏറെക്കാലമായി പ്രവര്‍ത്തിക്കുന്നത്, അവര്‍ യഡി എഫിനെ പിന്തുണയ്ക്കുന്നതില്‍ അത്ഭുതപ്പെടാനില്ലെന്നും ലത്തീഫ് പറഞ്ഞു.

News Summary: Welfare Party puts conditions to support UDF in Nilambur

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക