‘സിദ്ദിഖിന്റെ മരണകാരണം യൂനാനി ചികിത്സ’: ആരോപണങ്ങള്ക്കെതിരെ അസോസിയേഷന് രംഗത്ത്; നിയമനടപടിയും സ്വീകരിക്കും
|
കൊച്ചി: ഹിറ്റ് സംവിധായകന് സിദ്ദിഖിന്റെ മരണത്തിന് കാരണം യൂനാനി ചികിത്സയാണെന്ന അലോപ്പതി ഡോക്ടര്മാരുടെ ആരോപണങ്ങള് തള്ളിയും, അവര്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ച് കേരള യൂനാനി മെഡിക്കല് അസോസിയേഷന്. സിദ്ദിഖിനെ അംഗീകൃത യൂനാനി ഡോക്ടര്മാര് ആരും ചികിത്സിച്ചിട്ടില്ലെന്ന് അസോസിയേഷന് അറിയിച്ചു. സിദ്ദിഖിന്റെ മരണത്തിനു പിന്നാലെ നടന് ജനാര്ദനന് നടത്തിയ പ്രസ്താവനയാണ് യൂനാനി ചികിത്സാരീതിയെ സംശയത്തിന്റെ നിഴലിലാക്കിയത്. ജനാര്ദനന് പ്രസ്താവന തിരുത്തിയെങ്കിലും ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സുല്ഫി നൂഹ് അടക്കം വിവിധ കോണുകളില്നിന്ന് യൂനാനി ചികിത്സാരീതിയെക്കുറിച്ച് വിമര്ശനം ഉയര്ന്നു. ഇതോടെയാണ് കേരള യൂനാനി മെഡിക്കല് അസോസിയേഷന് രംഗത്തെത്തിയത്.
കെ.യു.എം.എ പുറത്തിറക്കിയ പ്രസ്താവന:
പ്രശസ്ത സംവിധായകന് സിദ്ദിഖിന്റെ മരണം കേരളത്തിന്റെ തീരാനഷ്ടമാണ്. സംവിധായകന് സിദ്ദിഖിനെ കേരള സ്റ്റേറ്റ് മെഡിക്കല് കൗണ്സിലില് റജിസ്റ്റര് ചെയ്ത ഒരൊറ്റ അംഗീകൃത യൂനാനി ഡോക്ടര്മാര് പോലും ചികിത്സിച്ചിട്ടില്ല എന്ന് വ്യക്തമായിരിക്കെ, അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി യൂനാനി ചികിത്സാ വിഭാഗത്തെ അടച്ചാക്ഷേപിക്കുന്ന പ്രവണത ശരിയല്ല. മാത്രമല്ല, ശാസ്ത്രീയമായി മരണ കാരണമറിയുന്നതിന് മുമ്പ് തന്നെ ദിനംപ്രതി ആയിരക്കണക്കിന് രോഗികള് ചികിത്സ സ്വീകരിക്കുന്ന കേന്ദ്രസംസ്ഥാന സര്ക്കാര് യൂനാനി ആരോഗ്യ സ്ഥാപനങ്ങളും പ്രൈവറ്റ് ഹോസ്പിറ്റല്, ക്ലിനിക്, മെഡിക്കല് കോളജ് തുടങ്ങിയ സംവിധാനങ്ങള് ഉള്ള യൂനാനി വൈദ്യശാസ്ത്രത്തെ പ്രതിക്കൂട്ടില് നിര്ത്തിയത് ശക്തമായ ഗൂഢാലോചനയുടെ ഭാഗമായാണ് യൂനാനി മെഡിക്കല് അസോസിയേഷന് മനസ്സിലാക്കുന്നത്. ഇത്തരക്കാര്ക്ക് എതിരെ കര്ശനമായ നിയമനടപടികള് സ്വീകരിക്കാന് കേരള യൂനാനി മെഡിക്കല് അസോസിയേഷന്റെ സംസ്ഥാന എക്സിക്യുട്ടിവ് തീരുമാനിച്ചിരിക്കുന്നു.
അതേസമയം, കരള്രോഗത്തെ തുടര്ന്ന് ഒരു മാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലിരിക്കെ ആഗസ്റ്റ് എട്ടിനാണ് സിദ്ദിഖ് അന്തരിച്ചത്. പൊതുദര്ശനത്തിനുശേഷം എറണാകുളം സെന്ട്രല് ജുമാ മസ്ജിദ് ഖബര്സ്ഥാനിലാണ് മയ്യിത്ത് മറവുചെയ്തത്.


