24
Jan 2025
Wed
24 Jan 2025 Wed
chance for rain in Kerala

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും പകല്‍ ചൂട് കൂടുമെന്ന മുന്നറിയിപ്പമായി കാലാവസ്ഥാ കേന്ദ്രം. ഒറ്റപ്പെട്ട ഇടങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നു വരെ രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ അധിക താപനില കൂടാനാണ് സാധ്യത. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണം. അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണമെന്നും മുന്നറിയിപ്പിലുണ്ട്.

അതേസമയം, കേരളത്തില്‍ വെള്ളിയാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. മൂന്ന് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണു ശക്തമായ മഴ എന്നതു കൊണ്ട് അര്‍ഥമാക്കുന്നത്.