CAA ക്കെതിരേ ഇന്ന് LDF, UDF പ്രതിഷേധം, കൊച്ചിയിൽ ട്രെയിൻ തടഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരേ കേസ്
|
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നിയമം (CAA) 2024 രാജ്യത്ത് പ്രാബല്യത്തിൽ വന്നതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ച് രാഷ്ട്രീയ സംഘടനകൾ. CAA വിജ്ഞാപനത്തിനെതിരെ ഇന്നു എൽഡിഎഫും യുഡിഎഫും പ്രക്ഷോഭം നടത്തും.
നിയമം പിൻവലിക്കണമെന്നാവശ്യപ്പട്ട് എൽഡിഎഫ് ഇന്ന് രാവിലെ 11 മണിക്ക് എൽഡിഎഫ് പ്രതിഷേധ റാലി സംഘടിപ്പിക്കും. രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് പ്രതിഷേധ റാലി ആരംഭിക്കുക. നിയമം പിൻവലിക്കണമെന്നാവശ്യവുമായി കോൺഗ്രസ് മണ്ഡലതലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും.
മണ്ഡല തലങ്ങളിലാണ് യുഡിഎഫ് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുക. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മണ്ഡലതല പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ളത്.
പൗരത്വ ഭേദഗതിക്കെതിരെ എറണാകുളത്ത് വിവിധയിടങ്ങളില്‍ രാത്രിയില്‍ യുവജന സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തടയാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ റെയില്‍വേ സംരക്ഷണ സേന തടഞ്ഞു. പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാതായതോടെ ബലം പ്രയോഗിച്ച് നീക്കി.
പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാവില്ല എന്ന മുദ്രാവാക്യവുമായി പെരുമ്പാവൂരില്‍ എസ് എഫ് ഐ – ഡിവൈഎഫ്‌ഐ എന്നിവരുടെ നേതൃത്വത്തില്‍ അര്‍ദ്ധരാത്രിയില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടന്നു.
തിരുവനന്തപുരത്ത് പൗരത്വ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തില്‍ 102 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രാജ്ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ച വെല്‍ഫയര്‍ പാര്‍ട്ടി, ഫ്രറ്റേണിറ്റി, എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്.
കേരളത്തിൽ പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ നേരത്തെ തന്നെ നിലപാടെടുത്തിരുന്നു.


