സ്കോഡയുടെ ഏറ്റവും പുതിയ വാഹനം രാജ്യത്ത് ആദ്യം സ്വന്തമാക്കുന്നത് കാസർകോട് നായൻമാർമൂല സ്വദേശിയായ മുഹമ്മദ് സിയാദാണ്. അതും സ്കോഡയുടെ സമ്മാനമായി. സ്കോഡ ലോഞ്ച് ചെയ്യാനിരിക്കുന്ന ഏറ്റവും പുതിയ എസ് യുവിയായ കൈലാക്കിന് ആ പേര് നിർദേശിച്ചതിലൂടെയാണ് ഖുർആൻ അധ്യാപകനായ മുഹമ്മദ് സിയാദിന് ഈ അവിശ്വസനീയ സമ്മാനം ലഭിക്കുക.(Keralite Muhammed Ziyad will get first Skoda Kylaq in India )
|
2025ൽ പുറത്തിറക്കാൻ പോവുന്ന വാഹനത്തിന്റെ പേര് നിർദേശിക്കാനുള്ള മൽസരം 2023ലാണ് സ്കോഡ തുടങ്ങിയത്. നെയിംയുവർ സ്കോഡ എന്ന മൽസരം ശ്രദ്ധയിൽ പെട്ട മുഹമ്മദ് സിയാദ് Kylaq എന്ന പേര് നിർദേശിക്കുകയായിരുന്നു. രണ്ടുലക്ഷത്തോളം പേരുകൾ നിർദേശിക്കപ്പെട്ട മൽസരത്തിൽ നിന്ന് സ്കോഡ Kylaq തിരഞ്ഞെടുക്കുകയും പേര് നിർദേശിച്ചയാൾക്ക് ഇന്ത്യയിൽ ഇറക്കുന്ന ആദ്യ വാഹനം മുഹമ്മദ് സിയാദിന് സമ്മാനമായി നൽകുമെന്ന് സ്കോഡ പ്രഖ്യാപിക്കുകയും ചെയ്തു.
മൽസരത്തിലെ വിജയിയായി തിരഞ്ഞെടുത്തുവെന്ന് അറിയിച്ച് സ്കോഡ പ്രതിനിധികൾ തന്നെ വിളിച്ചപ്പോൾ ആദ്യം വിശ്വസിക്കാനായില്ലെന്ന് മുഹമ്മദ് സിയാദ് പറയുന്നു. തുടർന്ന് ഇൻസ്റ്റഗ്രാമിലെ സ്കോഡയുടെ ഔദ്യോഗിക അക്കൗണ്ട് തുറന്നുനോക്കിയപ്പോൾ സമ്മാന ജേതാവായ കാര്യം ഉറപ്പിച്ചുവെന്നും ഖുർആൻ അധ്യാപകനായ മുഹമ്മദ് സിയാദ് പറയുന്നു.
സമ്മാനം ലഭിക്കുന്നതിൽ ദൈവത്തിന് നന്ദി പറയുന്നുവെന്ന് യുവാവ് പ്രതികരിച്ചു.
K-യിൽ തുടങ്ങി Q-വിൽ അവസാനിക്കുന്ന പേര് നിർദേശിക്കാനായിരുന്നു സ്കോഡ ആവശ്യപ്പെട്ടിരുന്നത്. ഉച്ചരിക്കുമ്പോൾ രസമുള്ള വാക്ക് മനസ്സിൽ വന്നപ്പോൾ നിർദേശിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് അർഥമറിയാൻ ഗൂഗിൾ ചെയ്തു നോക്കിയെങ്കിലും ഒന്നും കാണാനായിരുന്നില്ലെന്നും യുവാവ് പറയുന്നു. അതേസമയം കൈലാക്ക് എന്നാൽ സംസ്കൃതത്തിൽ സ്ഫടികം എന്നാണ് അർഥമെന്ന് സ്കോഡ പറയുന്നു. സ്കോഡയുടെ ഏറ്റവും പുതിയ മോഡൽ നിരത്തിലൂടെ ഒഴുകുമ്പോൾ മലയാളികൾക്കും അതിൽ ആനന്ദിക്കാം. കാരണം കൈലാക്ക് ഒരു മലയാളി നിർദേശിച്ച നാമമാണ്.