
![]() |
|
കോഴിക്കോട്: വടകരയിൽ കാരവനുള്ളിൽ രണ്ടുപേരെ മരിച്ചനിലയിൽ കണ്ടെത്തിയതിന് കാരണം കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതുമൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം നിഗമനം. എ.സി. പ്രവര്‍ത്തിപ്പിച്ച ജനറേറ്ററിന്‍റെ പുകയില്‍നിന്നാണ് കാര്‍ബണ്‍ മോണോക്സൈഡ് കാരവനുള്ളിലേക്ക് കയറിയതെന്നാണ് കരുതുന്നത്. തിങ്കളാഴ്ച ആണ് വടകര കരിമ്പനപ്പാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മലപ്പുറം എരമംഗലം ആസ്ഥാനമായുള്ള ഫ്രണ്ട്ലൈന്‍ ഹോസ്പിറ്റാലിറ്റി ആന്‍ഡ് പ്രോപ്പര്‍ട്ടി മാനേജ്മെന്‍റിന്‍റെ പേരിലുള്ള കാരവൻ ഡ്രൈവര്‍ വണ്ടൂർ വാണിയമ്പലം പരിയാരത്ത് മനോജ് (48), ഫ്രണ്ട് ലൈനിലെ ഐ.ടി. വിഭാഗം ജീവനക്കാരന്‍ കാസര്‍കോട് ചിറ്റാരിക്കാല്‍ പറമ്പ് സ്വദേശി പറശ്ശേരി ജോയല്‍ (26) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. കാരവനില്‍ കുന്നംകുളത്തുനിന്ന് വധൂവരന്‍മാരെയും ബന്ധുക്കളെയും കണ്ണൂരിലെത്തിച്ച് തിരിച്ചുവരുകയായിരുന്നു രണ്ടുപേരും. തിങ്കളാഴ്ച പുലർച്ചെ വടകരയ്ക്ക് സമീപം കരിമ്പനപ്പാലത്ത് റോഡരികില്‍ വണ്ടിനിര്‍ത്തി വിശ്രമിക്കാന്‍ കിടന്നപ്പോഴായിരുന്നു ദുരന്തം. ഏതു സമയത്ത് ആണ് മരിച്ചതെന്ന് വ്യക്തമല്ല. രാവിലെ മുതൽ വഹനം റോഡരികിൽ കണ്ട നാട്ടുകാർ വൈകുന്നേരം ആയിട്ടും നീക്കതിരുന്നതോടെ പോലിസിൽ അറിയിക്കുകയായിരുന്നു. പോലിസ് പരിശോധിച്ചപ്പോൾ ആണ് മൃതദേഹം കണ്ടെത്തിയത്. മനോജിൻ്റെ മൃതദേഹം വാതിലിന് അരികിലും ജോയലിൻ്റേത് കിടക്കയിലുമായിരുന്നു. മൂക്കില്‍നിന്ന് രക്തം ഒഴുകിയതിന്റെ അടയാളവും ഉണ്ട്.
വണ്ടി നിര്‍ത്തിയശേഷം എ.സി. ഓണാക്കിയാണ് ഇവര്‍ ഉള്ളില്‍ വിശ്രമിച്ചിരുന്നത്. വണ്ടിക്ക് പുറകില്‍ ഇടതുവശത്തായി പുറത്തുനിന്ന് തുറക്കാന്‍ കഴിയുന്ന കാബിനിലാണ് ജനറേറ്ററുള്ളത്. ഇതിലെ ഇന്ധനം പൂര്‍ണമായും വറ്റിയതായും കണ്ടെത്തി.
വിരലടയാളവിദഗ്ധര്‍, ഫൊറന്‍സിക് സംഘം, ഡോഗ് സ്‌ക്വാഡ് എന്നിവരെല്ലാം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ആര്‍.ടി.ഒ., പി.ഡബ്ല്യു.ഡി. ഇലക്ട്രിക്കല്‍ വിങ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തതതേടി പോസ്റ്റ്മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. സുജിത്ത് ശ്രീനിവാസന്‍ വൈകീട്ടോടെ കാരവന്‍ സന്ദര്‍ശിച്ചു.
ഡ്രൈവർമാർ ശ്രദ്ധിക്കാൻ
ദീർഘനേരം വാഹനം ഓടാതെ എസി മാത്രം പ്രവര്‍ത്തിപ്പിക്കുന്നതു കാര്‍ബണ്‍ മോണോക്‌സൈഡിൻ്റെ സാന്നിധ്യം കൂട്ടുമെന്നും അതിനാൽ ഇക്കാര്യം ഡ്രൈവർമാർ ശ്രദ്ധിക്കണമെന്നും വിദഗ്ധര് പറഞ്ഞു. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ എസി പ്രവര്‍ത്തിക്കുമ്പോള്‍ വലിയ പ്രശ്നം ഉണ്ടാകാറില്ല. വാഹനത്തിലേക്കു ശക്തമായ വായുപ്രവാഹം ഉള്ളതിനാല്‍ കാര്‍ബണ്‍ മോണോക്സൈഡിന്റെ ശക്തി കുറയും. നിര്‍ത്തിയിട്ട വാഹനത്തിൽ എസി പ്രവര്‍ത്തിപ്പിച്ചു കിടന്നുറങ്ങുമ്പോൾ വായുസഞ്ചാരം കുറവായതിനാല്‍ കാര്‍ബണ്‍ മോണോക്‌സൈഡ് പെട്ടെന്നുതന്നെ വാഹനത്തില്‍ നിറയാൻ കാരണമാകും. ഉറങ്ങിക്കിടക്കുമ്പോഴാണു കാര്‍ബണ്‍ മോണോക്സൈഡ് വാതകം ശ്വസിക്കുന്നതെങ്കില്‍ ആൾ മരിക്കാനുള്ള സാധ്യത വളരെ കൂടുതലും അണ്.