ഇസ്രായേല്‍ ജയിലില്‍ നിരാഹാരസമരം നടത്തിയിരുന്ന പലസ്തീനിയന്‍ തടവുകാരന് ഖാദര്‍ അദ്നാന്(45) മരണത്തിനു കീഴടങ്ങി. 87 ദിവസം ജയിലില്‍ നിരാഹാരസമരത്തിലായിരുന്ന ഖാദര്‍ അദ്നാന് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അന്തരിച്ചത്.
|
അദ്നാന്റെ മരണത്തിന് ഇസ്രായേല്‍ ആണ് ഉത്തരവാദിയെന്ന് പലസ്തീനിയന്‍ വിദേശമന്ത്രാലയം കുറ്റപ്പെടുത്തി. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അദ്നാന്റെ മരണം അന്വേഷിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. അദ്നാനെ മോചിപ്പിക്കുന്നതിലും അദ്ദേഹത്തിന് ചികില്‍സ ലഭ്യമാക്കുന്നതിലും ഇസ്രായേല്‍ പരാജയപ്പെട്ടുവെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി അഞ്ചിനാണ് ഇസ്രായേല്‍ അദ്നാനെ അറസ്റ്റ് ചെയ്തത്. ഭീകരസംഘടനയുടെ അംഗമെന്നാരോപിച്ചായിരുന്നു അറസ്റ്റ്. വിചാരണകൂടാതെ ജയിലില്‍ അടച്ചതിനെതിരേ ഖാദര്‍ അദ്നാന് നിരാഹാരസമരം നടത്തിവരികയായിരുന്നു.
അദ്നാന്റെ മരണത്തിനു പിന്നാലെ പലസ്തീനില്‍ പ്രതിഷേധമുയരുകയും ഇസ്രായേലുമായി പോരാട്ടം ആരംഭിക്കുകയും ചെയ്തു. ഗസാ മുനമ്പില്‍ നിന്ന് ദക്ഷിണ ഇസ്രായേലിലേക്ക് 20ലേറെ റോക്കറ്റുകളാണ് തൊടുത്ത്. ആക്രമണത്തില്‍ നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ചൈനീസ് തൊഴിലാളിക്ക് ഗുരുതര പരിക്കേറ്റതായി ഇസ്രായേല്‍ വ്യക്തമാക്കി.
ഇസ്രായേല്‍ ടാങ്കുകള്‍ ഗസയ്ക്കു നേരെ ഷെല്ലുകള്‍ വര്‍ഷിച്ചു. ആക്രമണം രൂക്ഷമായതിനു പിന്നാലെ ഇരുഭാഗവും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.


