കൊല്ലം: ഓയൂരിൽ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ആറു വയസുകാരി അബിഗേലിനെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കുട്ടിയെ കൊല്ലം കമ്മീഷണര്‍ ഓഫീസിലേക്ക് മാറ്റി. തട്ടിക്കൊണ്ടുപോയി 21 മണിക്കൂർ പിന്നിട്ടപ്പോഴാണ് കുട്ടിയെ കണ്ടെത്തിയത്.
|
കുട്ടിക്കായി ഇന്നലെ വൈകീട്ട് മുതൽ പൊലീസും നാട്ടുകാരും വ്യാപക തെരച്ചിലാണ് നടത്തിവന്നിരുന്നത്. നാടെങ്ങും വലവിരിച്ച് വാഹനങ്ങളിലും വീടുകളിലും കെട്ടിടങ്ങളിലുമടക്കം തെരച്ചിൽ നടത്തുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. കുട്ടിയെ സുരക്ഷിതമായി തിരികെ ലഭിച്ചതിന്‍റെ ആഹ്ലാദത്തിലാണ് ഓയൂരിലെ അബിഗേലിന്‍റെ ബന്ധുക്കളും നാട്ടുകാരും.
ഓയൂർ അമ്പലംകുന്ന് സിദ്ധാർഥ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി മരുതമൺപള്ളി റെജി ഭവനിൽ റെജി ജോൺ- സിജി ദമ്പതികളുടെ മകൾ അബിഗേൽ സാറാ മറിയ (മിയ- ആറ്) യെയാണ് തിങ്കളാഴ്ച വൈകീട്ട് 4.45ന് കാറിലെത്തിയ സ്ത്രീ ഉൾപ്പെട്ട നാൽവർ സംഘം തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന ഒമ്പതു വയസുകാരനായ സഹോദരൻ രക്ഷപ്പെട്ടു.
അബിഗേൽ സഹോദരൻ യോനാഥനൊപ്പം സ്കൂൾവിട്ട് വീട്ടിലെത്തിയശേഷം ഭക്ഷണം കഴിഞ്ഞ് ട്യൂഷന് പോകാനായി ഇറങ്ങിയതായിരുന്നു. ഓയൂർ പൂയപ്പള്ളി മരുതമൺ പള്ളിയിലെ റോഡിലിറങ്ങിയതോടെ കാറിൽ കാത്തുനിന്നവർ ഇരുവരെയും ബലമായി പിടിച്ച് കാറിൽ കയറ്റി. അമ്മയ്ക്ക് കൊടുക്കാനെന്ന് പറഞ്ഞ് പേപ്പർ നീട്ടിയാണ് കുട്ടികളെ കാറിനടുത്തേക്ക് വിളിച്ചത്. കാറിന്‍റെ വാതിൽ അടയ്ക്കുന്നതിനിടെ യോനാഥൻ ചാടി രക്ഷപ്പെടുകയായിരുന്നു.
അതേസമയം, തട്ടിക്കൊണ്ടുപോയ സംഘത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. സംഘത്തിൽ ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. കുട്ടിയെ തരണമെങ്കിൽ അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് സംഘത്തിലെ സ്ത്രീ ഇന്നലെ വൈകീട്ട് വീട്ടിലേക്ക് വിളിച്ചിരുന്നു.
ഈ നമ്പർ ട്രേസ് ചെയ്തപ്പോഴാണ് ഒരു കടയുടമയുടെ ഫോണിൽ നിന്നാണ് വിളിച്ചതെന്ന് മനസിലായത്. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാചിത്രം തയാറാക്കിയത്. തുടർന്ന് രാത്രി കുട്ടിയുടെ ബന്ധുവിന്റെ ഫോണിലേക്ക് വീണ്ടും കോൾ വരികയും 10 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.
‘പണം ഏർപ്പാടാക്കിവച്ചോളൂ, രാവിലെ പത്ത് മണിക്ക് കുട്ടിയെ വീട്ടിലെത്തിക്കാ’മെന്നുമായിരുന്നു വിളിച്ച സ്ത്രീ പറഞ്ഞത്. ഇതിനു ശേഷവും പൊലീസും നാട്ടുകാരും വിവിധ സംഘടനാ പ്രവർത്തകരും കേരളമൊട്ടാകെ വ്യാപക തെരച്ചിൽ തുടരുകയായിരുന്നു.





