13
Dec 2024
Sat
13 Dec 2024 Sat
ca raoof law college application

കൊച്ചി: എല്‍എല്‍ബി കോഴ്‌സിന് ഓണ്‍ലൈനായോ ഓഫ്‌ലൈനായോ ചേരാനുള്ള വിചാരണ തടവുകാരനായ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ അപേക്ഷ കൊച്ചി എന്‍ഐഎ കോടതി തള്ളി. (Kochi NIA court rejects Popular Front leader’s application to join law college) സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാലക്കാട് സ്വദേശിയായ സിഎ റഊഫിന്റെ അപേക്ഷ നിരസിച്ചത്.

whatsapp ലോ കോളേജില്‍ ചേരാനുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ അപേക്ഷ കൊച്ചി എന്‍ഐഎ കോടതി തള്ളി
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാല്‍, പോപ്പുലര്‍ ഫ്രണ്ടിനെതിരായ കേസില്‍ 12ആം പ്രതിയായ റഊഫിന് നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റിന്(നെറ്റ്) വേണ്ടി അപേക്ഷിക്കാനും പരീക്ഷ എഴുതാനും കോടതി അനുമതി നല്‍കി. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തോടനുബന്ധിച്ച് രണ്ടു വര്‍ഷം മുമ്പ് അറസ്റ്റ് ചെയ്യപ്പെട്ട റഊഫ് ഇപ്പോള്‍ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ്. ഈ വര്‍ഷം ജയിലില്‍ വച്ച് ലോ എന്‍ട്രന്‍സ് പരീക്ഷ റഊഫ് പാസായിരുന്നു.

ALSO READ: കുതിരക്ക് മുന്നില്‍ വണ്ടി കെട്ടുന്ന പണിയാണ് ഇഡി ചെയ്യുന്നതെന്ന് കോടതി; കള്ളപ്പണക്കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ജാമ്യം

റഊഫ് നല്‍കിയ അപേക്ഷ പരിഗണിച്ച് മൂന്ന് വര്‍ഷത്തെ എല്‍എല്‍ബി കോഴ്‌സിനുള്ള പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ എന്‍ഐഎ കോടതി നേരത്തേ അനുമതി നല്‍കിയിരുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ പൂത്തോട്ടയിലെ ലോ കോളേജില്‍ പ്രവേശനവും ലഭിച്ചിരുന്നു. എന്നാല്‍, റെഗുലര്‍ കോളേജില്‍ ഫൂള്‍ ടൈം കോഴ്‌സ് അറ്റന്റ് ചെയ്യാന്‍ അനുവദിക്കില്ല എന്ന് പ്രത്യേകം നിബന്ധന വയ്ക്കുകയും ചെയ്തു.

തുടര്‍ന്ന് റെഗുലര്‍ കോളേജില്‍ ഓണ്‍ലൈനായോ ഓഫ്‌ലൈനായോ ക്ലാസില്‍ ഹാജരാകുന്നതിന് അനുതി തേടി റഊഫ് കോടതിയെ സമീപിച്ചു. വിഷയത്തില്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി റിപോര്‍ട്ട് തേടി.

ഫുള്‍ ടൈം കോളജ് കോഴ്‌സുകള്‍ക്ക് ഓണ്‍ലൈനായോ ഓഫ് ലൈനായോ ഹാജരാകുന്നതിന് ജയില്‍ ചട്ടങ്ങളില്‍ വകുപ്പില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, ജീവനക്കാര്‍ എന്നിവ ഇല്ലാത്തിനാല്‍ ഓണ്‍ലൈന്‍ ക്ലാസ് അറ്റന്റ് ചെയ്യുക പ്രായോഗികമല്ല. ഓണ്‍ലൈന്‍ ഹാക്ക് ചെയ്യപ്പെടാനോ നിയമവിരുദ്ധ ആശയവിനിമയത്തിന് ഉപയോഗിക്കാനോ ഉള്ള സാധ്യതയും ജയില്‍ സൂപ്രണ്ടിന്റെ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റഊഫിനെതിരേ ചുമത്തിയിട്ടുള്ളത് യുഎപിഎ പ്രകാരമുള്ള കുറ്റമായതിനാല്‍ കോഴ്‌സുമായി ബന്ധപ്പെട്ട യാത്രകള്‍ക്ക് കനത്ത പോലീസ് ബന്തവസ് വേണ്ടി വരുമെന്നതാണ് മറ്റൊരു കാരണം.

റഊഫിന് ഓണ്‍ലൈനായി കോഴ്‌സ് അറ്റന്റ് ചെയ്യാന്‍ അനുമതി നല്‍കുകയാണെങ്കില്‍ നിരീക്ഷണത്തിന് പ്രത്യേക ഗാര്‍ഡിനെ വയ്ക്കണമെന്നു എന്‍ഐഎ ആവശ്യപ്പെട്ടു. എന്നാല്‍, ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്നത് ഗുരുതര പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി കോടതി അനുമതി നിഷേധിക്കുകയായിരുന്നു.