കൊടകര കള്ളപ്പണ കേസില്‍ ഇഡിക്കും ആദായ നികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതിയുടെ നോട്ടീസ്. (Kodakara hawala case high court notice to ED) മൂന്നാഴ്ചയ്ക്കകം അന്വേഷണ പുരോഗതി അറിയിക്കാനാണ് ഇഡിയോട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരിക്കുന്നത്.
|
കൊടകര കേസിലെ അന്‍പതാം സാക്ഷി സന്തോഷ് നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. കേന്ദ്ര ഏജന്‍സികളോട് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.
2021ല്‍ മൂന്നരക്കോടിയുടെ കുഴല്‍പ്പണം കൊടകരയില്‍ കവര്‍ച്ചചെയ്ത കേസിന്റെ അന്വേഷണത്തിലാണ് ബിജെപിയുടെ ഹവാല ഇടപാട് പൊലീസ് കണ്ടെത്തിയത്. ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീശന്‍ നായര്‍ എന്നിവര്‍ നിര്‍ദേശിക്കുന്ന സ്ഥലത്തും ബിജെപി ജില്ലാ ഓഫീസുകളിലും പണം എത്തിച്ചതായി കുഴല്‍പ്പണം കടത്തുകാരന്‍ ധര്‍മരാജന്‍ മൊഴി നല്‍കിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ആര്‍ ടീം നല്‍കിയ ജയസാധ്യത കണക്കിലെടുത്ത്, ബിജെപി എ ക്ലാസായി നിശ്ചയിച്ച മണ്ഡലങ്ങളിലാണ് കൂടുതല്‍ കുഴല്‍പ്പണം ഇറക്കിയത്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള അറിവോടെയാണ് പണമിടാപാടെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു.
BJP യേയും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും പ്രതിസ്ഥാനത്തുള്ള കൊടകര കുഴല്‍പ്പണക്കേസില്‍ പാര്‍ട്ടിക്കും അദ്ദേഹത്തിനും എതിരെ കനത്ത തെളിവുകളുണ്ട്. കേസില്‍ അന്വേഷണസംഘം നല്‍കിയ കുറ്റപത്രത്തില്‍ സുരേന്ദ്രന്‍ അടക്കമുള്ള ബി.ജെ.പി നേതാക്കളുടെ ബന്ധം വിശദീകരിക്കുന്ന നിരവധി രേഖകള്‍ ആണുള്ളത്.
ഏഴാം സാക്ഷിയായി കെ. സുരേന്ദ്രനെ ഉള്‍പ്പെടുത്തിയ കുറ്റപത്രത്തില്‍ 145-ാം സാക്ഷിയാക്കിയിരിക്കുന്നത് അദ്ദേഹത്തിന്റെ മകന്‍ കെ.എസ്. ഹരികൃഷ്ണനെയാണ്. രണ്ടാംസാക്ഷി ധര്‍മരാജന്‍ ഹവാല ഏജന്റാണെന്നും സുരേന്ദ്രന്റെ അറിവോടെയാണ് അയാള്‍ കര്‍ണാടകയില്‍നിന്ന് ചാക്കുകളില്‍ ആക്കി പണമെത്തിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
കേസില്‍ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് വന്‍ വെളിപ്പെടുത്തല്‍ നടത്തിയതോടെയാണ് കേസ് വീണ്ടും സജീവമായത്.


