26
Feb 2025
Fri
26 Feb 2025 Fri
KOTTAYAM NURSING COLLEGE RAGGING

കോട്ടയം: കോട്ടയം ഗാന്ധിനഗര്‍ നഴ്‌സിങ് കോളജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി റാഗ് ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഓരോ ദിവസവും പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. സംഭവം പുറത്തറിഞ്ഞതോടെയാണ് പല വിദ്യാര്‍ഥികളും ഇക്കാര്യം തുറന്നുപറയുന്നത്. 4 മാസമായി മകന്‍ റാഗിങ് അനുഭവിക്കുകയാണെന്ന് സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങിന് ഇരയായ വിദ്യാര്‍ഥിയുടെ അമ്മ പ്രേമ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ അവധിക്കു വീട്ടില്‍ വന്നപ്പോള്‍ നടുവിനു വേദന ഉണ്ടെന്നു പറഞ്ഞിരുന്നു. സീനിയേഴ്‌സ് കുത്തിയ വേദനയാണെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും പ്രേമ പറഞ്ഞു. പ്രേമയുടെ വാക്കുകള്‍: തിങ്കളാഴ്ചയാണ് അവന്‍ റാഗിങ്ങിന് ഇരയായതായി കോളജില്‍നിന്ന് അറിയുന്നത്. അപ്പോള്‍ തന്നെ അവനെ വിളിച്ചു സംസാരിച്ചു. എല്ലാ ദിവസവും രാത്രി 8നു മുന്‍പു വിളിക്കും. പഠിക്കാനുണ്ടെന്നു പറഞ്ഞാണ് ഫോണ്‍ വയ്ക്കുക. പുലര്‍ച്ചെയോളം സീനിയേഴ്‌സിന്റെ ക്രൂരത സഹിക്കും.

ഞായറാഴ്ച പകല്‍ മാത്രമാണ് ഉറങ്ങാന്‍ സമയം കിട്ടിയത്. അച്ഛനും അമ്മയ്ക്കും വിഷമം ആകുമോ എന്നോര്‍ത്താണ് റാഗിങ് വിവരം അറിയിക്കാതിരുന്നത്. കടം വാങ്ങിയാണ് അവന്‍ ചോദിച്ച ഓരോ തവണയും പണം അയച്ചത്. അത് സീനിയേഴ്‌സ് പിടിച്ചു വാങ്ങി. കോളേജില്‍ എന്തു വിശ്വസിച്ചാണ് കുട്ടികളെ പഠിക്കാന്‍ അയയ്ക്കുക. ഇനി ഒരു വിദ്യാര്‍ഥിക്കും ഈ ഗതി ഉണ്ടാവരുത്- അമ്മ പ്രേമ പറഞ്ഞു.

അതേസമയം, സംഭവത്തില്‍ മൊഴിയെടുപ്പ് ഇന്നും തുടരും. കോളജിലെ അധ്യാപകരുടെയും മറ്റ് വിദ്യാര്‍ത്ഥികളുടെയും മൊഴിയാണ് ഇന്ന് രേഖപ്പെടുത്തുക. ആവശ്യമെങ്കില്‍ മാത്രം പ്രതികള്‍ക്കായി കസ്റ്റഡി അപേക്ഷ നല്‍കാനാണ് നിലവില്‍ പൊലീസിന്റെ തീരുമാനം.കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ സാമുവല്‍ ജോണ്‍, രാഹുല്‍ രാജ്, റിജില്‍, വിവേക്, ജീവ എന്നിവരാണ് കേസിലെ പ്രതികള്‍.

റാഗിങ് നിരോധന നിയമപ്രകാരവും ബിഎന്‍എസ് 118, 308, 350 എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് പ്രതികള്‍ക്കെതിരെ നിലവില്‍ കേസെടുത്തിരിക്കുന്നത്. ആവശ്യമെങ്കില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലും പ്രതികള്‍ക്കെതിരെ ചുമത്തും.

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കോമ്പസ് വെച്ച് ശരീരത്തില്‍ കുത്തി മുറിവേല്‍പ്പിക്കുന്നതും അതിന് ശേഷം മുറിവില്‍ ലോഷനൊഴിച്ച് വീണ്ടും വേദനിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഇതിന് പുറമെ വിദ്യാര്‍ഥിയുടെ സ്വകാര്യ ഭാഗത്ത് ഡമ്പല്‍ വെയ്ക്കുന്നതും വീഡിയോയില്‍ കാണാം. വിദ്യാര്‍ഥി കരഞ്ഞ് അപേക്ഷിച്ചിട്ടും ഇവര്‍ പ്രവര്‍ത്തികള്‍ തുടരുന്നതായാണ് വീഡിയോ സൂചിപ്പിക്കുന്നത്.

ഫെബ്രുവരി 12ാം തീയതിയാണ് നഴ്‌സിംഗ് കോളജിലെ ഹോസ്റ്റലില്‍ നിന്ന് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ പ്രതികളെ ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

Kottayam Nursing College Ragging Teachers and other students will be questioned today’