22
Sep 2024
Fri
22 Sep 2024 Fri
Kozhikkode native man injured in fire in Qatar dies

ഖത്തറിൽ താമസസ്ഥലത്തിന് തീപിടിച്ച് പരിക്കേറ്റ് ചികിൽസയിലിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് ചേളന്നൂർ കാക്കുകുഴിയിൽ ചെത്തിൽ ഉമ്മർ‌-ഖദീജ ദമ്പതികളുടെ മകൻ ഷഫീഖ് (36) ആണ് മരിച്ചത്. തീപിടിത്തത്തെ തുടർന്നുള്ള പുക ശ്വസിച്ച് അബോധാവസ്ഥയിലായ ഷഫീഖ് ഹമദ് ആശുപത്രിയിൽ ചികിൽസയിലിരിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ മാസം 19നായിരുന്നു റയ്യാനിൽ ഷഫീഖ് താമസിച്ചിരുന്ന വില്ലയിലെ തൊട്ടടുത്ത മുറിയിൽ ഷോർട്സർക്യൂട്ടിനെ തുടർന്ന് തീപിടിത്തമുണ്ടായത്. സ്വകാര്യ സ്ഥാപനത്തിൽ മാർക്കറ്റിങ് – സെയിൽസ് വിഭാഗത്തിൽ ജോലിചെയ്യുന്ന ഷഫീഖ് ഡ്യൂട്ടി കഴിഞ്ഞെത്തി മുറിയിൽ വിശ്രമിക്കുകയായിരുന്നു ഈ സമയം. മുറിയിൽ പുക നിറഞ്ഞതിനെ തുടർന്ന് ശ്വാസംമുട്ടിയുണർന്ന ഷഫീഖ് ഉടൻ സുഹൃത്തുക്കളെ ഫോണിൽ വിളിച്ചെങ്കിലും പുറത്തേക്കിറങ്ങാൻ കഴിഞ്ഞില്ല. പകൽ സമയമായതിനാൽ വില്ലയിലെ മറ്റുള്ളവരെല്ലാം ഡ്യൂട്ടിയിലായിരുന്നു.

തുടർന്ന് സിവിൽ ഡിഫൻസ് വിഭാഗം എത്തി വാതിൽ തുറന്നപ്പോഴേക്കും ഷഫീഖ് ബോധരഹിതനായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ​ഗുരുതരമായതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ഒമ്പതു വർഷമായി ഖത്തറിൽ പ്രവാസിയായ ഷെഫീഖ് ഒരു വർഷം മുൻപാണ് നാട്ടിൽ പോയി വന്നത്. ഒക്ടോബർ അഞ്ചിന് വീണ്ടും നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റെടുത്ത് കാത്തിരിക്കെയാണ് ദുരന്തം. ഖത്തർ കെഎംസിസി അൽ ഇഹ്സാൻ മയ്യിത്ത് സംസ്കര സമിതി നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ: ബുസൈറ. രണ്ടു മക്കളുണ്ട്.