കോഴിക്കോട് വീണ്ടും നിപ രോഗ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അതീവ ജാഗ്രത പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്. ഫറോക്ക് സ്വദേശിയുടെ സമ്പര്‍ക്ക പട്ടിക പുറത്തുവിട്ടട്ടു. വീട്ടുകാരും അയല്‍വാസികളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ 77 പേരാണ് പട്ടികയിലുള്ളത്. ഇതില്‍ 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകരും 14 പേര്‍ കുടുംബാംഗങ്ങളും അഞ്ചുപേര്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ്. ഇവരില്‍ ആര്‍ക്കും തന്നെ നിലവില്‍ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
|
സമ്പര്‍ക്ക പട്ടികയിലെ രണ്ടുപേര്‍ ഏറ്റവും ഉയര്‍ന്ന അപകടസാധ്യതാ വിഭാഗത്തിലും 13 പേര്‍ ഉയര്‍ന്ന അപകടസാധ്യതാ വിഭാഗത്തിലും 62 പേര്‍ അപകടസാധ്യത കുറഞ്ഞ വിഭാഗത്തിലും ആണുള്ളത്. ഇതില്‍ ആദ്യരണ്ടു വിഭാഗത്തില്‍പ്പെട്ട എല്ലാവര്‍ക്കും ക്വാറന്റൈന്‍ നിര്‍ദേശിച്ചിട്ടുണ്ട്. രോഗബാധിതന്റെ റൂട്ട് മാപ്പും തയ്യാറായിട്ടുണ്ട്.
രോഗം ബാധിച്ച വ്യക്തി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. പുണെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലും യുവാവിന് നിപ സ്ഥിരീകരിച്ചിട്ടുണ്ട്.
സംസ്ഥാനതലത്തിലുള്ള നിര്‍ദ്ദേശം അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ രാമനാട്ടുകര മുന്‍സിപ്പാലിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. പ്രദേശം ആവശ്യമെങ്കില്‍ കണ്ടെയ്ന്‍മെന്റ് സോണാക്കാനും തീരുമാനമുണ്ട്.
രോഗ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം
അതിനിടെ ഫീല്‍ഡ് തലത്തില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. രാമനാട്ടുകര മുനിസിപ്പാലിറ്റിയില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും ആര്‍ആര്‍ടി യോഗം ചേര്‍ന്നു. പി പി കിറ്റ്, ഗ്ലൗസ്, മാസ്‌ക് തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. മുന്‍കരുതലായി മരുന്നുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജനങ്ങള്‍ക്ക് സംശയനിവാരണത്തിനായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. നമ്പറുകള്‍ ഇവയാണ്: 0495 2373 901, 9072007767
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് യുവാവിന് വൈറസ് സ്ഥിരീകരിച്ചത്. ഒരാഴ്ച മുമ്പ് കടുത്ത പനിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് രോഗലക്ഷണങ്ങള്‍ കാണിക്കുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. നിപ ബാധിച്ച രോഗിയെ പ്രവേശിപ്പിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് മേഖലയിലും പരിസര പ്രദേശങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വൃത്തിയാക്കിയ ഗോഡൗണില്‍ വവ്വാലുകള്‍
പനിയും അനുബന്ധ ബുദ്ധിമുട്ടുകളും കാരണമാണ് രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ ഫറോക്ക് കോളജ് സ്വദേശിയായ യുവാവിനെ കുറച്ചു ദിവസങ്ങൾക്കു മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ കൂടി കണ്ടതോടെയാണ് നിപ്പ രോഗത്തിനുള്ള പരിശോധന നടത്തിയത്. കാടുപിടിച്ചുകിടക്കുന്ന സ്ഥലത്തോടു ചേർന്നുള്ള ഒരു ഗോഡൗൺ കുറച്ചു ദിവസങ്ങൾക്കു മുൻപ് ഈ യുവാവ് വൃത്തിയാക്കിയിരുന്നു. ഇവിടെ വവ്വാലുകളുടെ സാന്നിധ്യമുണ്ടായിരുന്നതായി സൂചനയുണ്ട്.
ലഭ്യമായ പഠനം അനുസരിച്ച് മേയ് മുതല്‍ സെപ്റ്റംബര്‍ വരെ വവ്വാലുകള്‍ ഇണചേരുന്ന കാലയളവാണ്. ഈ സമയത്ത് ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. കല്ലെറിയുകയോ ഉപദ്രവിക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ ചിറകടിച്ച് വിസര്‍ജ്യവസ്തുക്കള്‍ ചിതറി രോഗവ്യാപനത്തിനു കാരണമാകും. വീട്ടില്‍ വവ്വാലിന്റെ സാന്നിധ്യം കണ്ടാല്‍ ഉടന്‍ തന്നെ അധികൃതരെ അറിയിക്കണം. 2018ലും 2022ലുമാണ് നിപ്പ ഏറെ അപകടമുണ്ടാക്കിയത്. രോഗബാധിതന്‍ വെന്റിലേറ്ററിലാണ്. മേയ് 10 മുതല്‍ ആശുപത്രികള്‍ അടക്കം പല സ്ഥലങ്ങളിലും രോഗബാധിതനായ ആള്‍ പോകുകയും പലരുമായും ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. അവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. ഗോഡൗണ്‍ വൃത്തിയാക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് രോഗലക്ഷണമില്ല. അദ്ദേഹത്തോടു ക്വാറന്റീനിൽ പോകാന്‍ ആവശ്യപ്പെട്ടു. അവിടുത്തെ എംഎല്‍എയായ മുഹമ്മദ് റിയാസുമായി സംസാരിച്ചിരുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
എന്താണ് നിപ?
വവ്വാലുകളില്‍നിന്നോ പന്നികളില്‍നിന്നോ പകരാന്‍ സാധ്യതയുള്ള ഒരു ജന്തുജന്യ വൈറസ് രോഗമാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളുടെ ഉമിനീരോ മൂത്രമോ കലര്‍ന്ന പാനീയങ്ങളിലൂടെയോ വവ്വാല്‍ കടിച്ച പഴങ്ങളിലൂടെയോ രോഗം മനുഷ്യരിലേക്ക് പകരാം. പനിയോടൊപ്പം ശരീരവേദന, തലവേദന, ശ്വാസതടസ്സം, ഛര്‍ദ്ദി, ബോധക്ഷയം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.
രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് നാല് മുതല്‍ 14 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകാമെന്നും രോഗികളുമായി അടുത്തിടപഴകുന്നവര്‍ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.


