അബുദാബി: മെച്ചപ്പെട്ടൊരു ജീവിതം സ്വപ്നം കണ്ട് യുഎഇയിലെത്തിയ അഞ്ച് സുഹൃത്തുക്കളുടെ ജീവിതം ഒറ്റരാത്രികൊണ്ട് മാറിമറിഞ്ഞു. അബുദാബിയിലെ റുവൈസ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന നേപ്പാള്‍ സ്വദേശിയായ ത്വയ്യിബ് ഖാന്‍ (26) എടുത്ത യുഎഇ ലോട്ടറിയുടെ ‘ലക്കി ഡേ’ (Lucky Day) നറുക്കെടുപ്പിലൂടെയാണ് 3 കോടി ദിര്‍ഹത്തിന്റെ (ഏകദേശം 68 കോടിയിലധികം ഇന്ത്യന്‍ രൂപ) ബമ്പര്‍ സമ്മാനം ഇവരെ തേടിയെത്തിയത്. സമ്മാനത്തുക അഞ്ച് സുഹൃത്തുക്കളും തുല്യമായി വീതിക്കുമ്പോള്‍ ഓരോരുത്തര്‍ക്കും 60 ലക്ഷം ദിര്‍ഹം (13.6 കോടിയിലധികം രൂപ) വീതം ലഭിക്കും.
|
‘ഇത് എന്റെ മാത്രം ജീവിതമല്ല മാറ്റിമറിച്ചത്, ഞങ്ങളുടെ അഞ്ചുപേരുടെയും കുടുംബങ്ങളുടെ ജീവിതമാണ്,’ സന്തോഷം അടക്കാനാകാതെ ത്വയ്യിബ് ഖാന്‍ ഖലീജ് ടൈംസിനോട് പറഞ്ഞു.
പ്രതീക്ഷ കൈവിടാത്ത കൂട്ടായ്മ
നാല് വര്‍ഷം മുന്‍പാണ് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ തേടി ത്വയ്യിബ് നേപ്പാളില്‍ നിന്ന് യുഎഇയിലെത്തുന്നത്. 2024-ന്റെ തുടക്കത്തില്‍ ഫേസ്ബുക്കിലൂടെയാണ് യുഎഇ ലോട്ടറിയെക്കുറിച്ച് ഇദ്ദേഹം അറിയുന്നത്. തുടര്‍ന്ന് തന്റെ സുഹൃത്തുക്കളോട് ഒരുമിച്ച് ലോട്ടറി എടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
അഞ്ചുപേരും ചേര്‍ന്ന് പണം പങ്കിട്ടാണ് എല്ലാ ആഴ്ചയും ടിക്കറ്റെടുത്തിരുന്നത്. ഓരോ ആഴ്ചയും ഓരോരുത്തര്‍ മാറിമാറിയാണ് നമ്പറുകള്‍ തിരഞ്ഞെടുത്തത്. ചിലപ്പോള്‍ കുടുംബാംഗങ്ങളുടെ ജന്മദിനങ്ങളോ മറ്റ് പ്രധാന നമ്പറുകളോ തിരഞ്ഞെടുത്തു, ചിലപ്പോള്‍ റാന്‍ഡം നമ്പറുകളും. മുന്‍പും ചെറിയ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും പ്രതീക്ഷ കൈവിടാതെ ഇവര്‍ ശ്രമം തുടരുകയായിരുന്നു. ഒടുവില്‍ ത്വയ്യിബ് തിരഞ്ഞെടുത്ത നമ്പറിന് തന്നെ ഒന്നാം സമ്മാനം അടിച്ചു.
വിറച്ചുപോയ നിമിഷം
നറുക്കെടുപ്പ് നടക്കുമ്പോള്‍ ത്വയ്യിബ് തത്സമയം ഫലം കാണുന്നുണ്ടായിരുന്നില്ല. ലോട്ടറി അധികൃതരില്‍ നിന്ന് ഇമെയില്‍ സന്ദേശം വന്നപ്പോഴാണ് വിവരം അറിഞ്ഞത്. മുന്‍പും ചെറിയ സമ്മാനങ്ങള്‍ ലഭിക്കുമ്പോള്‍ ഇമെയില്‍ വരാറുള്ളതിനാല്‍ ആദ്യം കാര്യമാക്കിയില്ല.
എന്നാല്‍ ഇമെയില്‍ തുറന്ന് നോക്കിയപ്പോള്‍ ത്വയ്യിബ് ഞെട്ടിപ്പോയി. ‘30,000,000 ദിര്‍ഹം എന്ന് എഴുതിയിരിക്കുന്നത് കണ്ടപ്പോള്‍ എന്റെ കൈകാലുകള്‍ വിറയ്ക്കാന്‍ തുടങ്ങി. എനിക്ക് വിശ്വസിക്കാനായില്ല,’ അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ലോട്ടറി അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് നോക്കിയപ്പോഴും സ്വര്‍ണ്ണ ലിപികളില്‍ ആ തുക തെളിഞ്ഞു നിന്നു.
ALSO READ:
ഉടന്‍ തന്നെ കൂടെയുള്ള നാല് സുഹൃത്തുക്കളെയും വിവരം അറിയിച്ചു. പിന്നീട് നേപ്പാളിലുള്ള തന്റെ അമ്മാവനെയാണ് വിളിച്ചത്. അച്ഛനെപ്പോലെ കാണുന്ന അമ്മാവനാണ് ത്വയ്യിബിനെ യുഎഇയിലേക്ക് വരാന്‍ സഹായിച്ചത്. തുക കേട്ടപ്പോള്‍ അമ്മാവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയതായും അദ്ദേഹം സംസാരിക്കാന്‍ പോലുമാകാതെ സ്തബ്ധനായതായും ത്വയ്യിബ് ഓര്‍ക്കുന്നു.
ഒരുമിച്ച് പൂവണിഞ്ഞ അഞ്ച് സ്വപ്നങ്ങള്‍
ഈ സമ്മാനം തന്റെ കൂട്ടത്തിലുള്ള മറ്റ് സുഹൃത്തുക്കളുടെ ജീവിതത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന മാറ്റത്തിലാണ് ത്വയ്യിബിന് ഏറെ സന്തോഷം. ടിക്കറ്റ് പങ്കിട്ടവരില്‍ ഒരാള്‍ വര്‍ഷങ്ങളായി കുടുംബത്തില്‍ നിന്ന് മാറിനില്‍ക്കുകയാണ്. മറ്റൊരു സുഹൃത്തിന്റെ വിവാഹം കഴിഞ്ഞതേയുള്ളൂ. വേറൊരാള്‍ അടുത്തിടെയാണ് അച്ഛനായത്. ‘ഇനി അവന് തന്റെ കുഞ്ഞിനും കുടുംബത്തിനുമൊപ്പം വിലപ്പെട്ട സമയം ചിലവഴിക്കാം,’ ത്വയ്യിബ് പറയുന്നു.
തന്റെ സമ്പാദ്യം എങ്ങനെ വിനിയോഗിക്കണം എന്നതിനെക്കുറിച്ചും ത്വയ്യിബിന് വ്യക്തമായ പദ്ധതികളുണ്ട്:
സ്വന്തമായൊരു വീട്: നേപ്പാളില്‍ കുടുംബത്തിനായി നല്ലൊരു ലൊക്കേഷനില്‍ എല്ലാ സൗകര്യങ്ങളുമുള്ള ഒരു വീട് നിര്‍മ്മിക്കുക എന്നതാണ് ആദ്യത്തെ ലക്ഷ്യം.
ബിസിനസ്സ് രംഗത്തേക്ക്: നാല് വര്‍ഷത്തെ ജോലി അവസാനിപ്പിച്ച് ദുബായിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലോ മറ്റ് ബിസിനസ്സുകളിലോ നിക്ഷേപം നടത്താന്‍ ഇദ്ദേഹം ആഗ്രഹിക്കുന്നു.
ആഗ്രഹങ്ങള്‍: തന്റെ വലിയൊരു ആഗ്രഹമായിരുന്ന ഒരു ‘മഹീന്ദ്ര ഥാര്‍’ (Mahindra Thar) വണ്ടിയും ‘റോളക്‌സ്’ (Rolex) വാച്ചും സ്വന്തമാക്കണമെന്നും ഇദ്ദേഹത്തിനുണ്ട്.
താന്‍ ഒന്നുമല്ലാതിരുന്ന കാലത്തും തന്റെ കഠിനാധ്വാനത്തിലും കൂടെനിന്ന പങ്കാളിക്കും ഈ സമ്മാനം സമര്‍പ്പിക്കുന്നതായി ത്വയ്യിബ് പറഞ്ഞു. ടിക്കറ്റിന്റെ ചിത്രം കാണിച്ചു കൊടുക്കുന്നത് വരെ അവള്‍ക്കും ഇത് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. നന്മയുടെയും കാത്തിരിപ്പിന്റെയും വിജയമായാണ് ഈ സുഹൃത്തുക്കള്‍ ഈ നേട്ടത്തെ കാണുന്നത്.
UAE Lottery’s Dh30-million winner


