കോഴിക്കോട്: ക്ഷേത്ര നടത്തിപ്പിന് ഉദ്യോഗസ്ഥരിൽ നിന്ന് പണം ഈടാക്കാനുള്ള കോഴിക്കോട് കമ്മീഷണറുടെ സർക്കുലർ വിവാദത്തിൽ. പൊലീസ് നിയന്ത്രണത്തിലുള്ള കോഴിക്കോട് മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ നടത്തിപ്പിനുള്ള ധനസമാഹരണത്തിനായാണ് ജില്ലാ പൊലീസ് മേധാവി സർക്കുലർ ഇറക്കിയത്. മാസം 20 രൂപ വച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് ഈടാക്കാനാണ് തീരുമാനം.
|
പിരിവ് നൽകാൻ താൽപര്യമില്ലാത്ത ജീവനക്കാർ 24നകം അറിയിക്കണമെന്നും കമ്മീഷണറുടെ സർക്കുലറിൽ പറയുന്നു. പണം നൽകാൻ താൽപര്യമില്ലാത്തവരുടെ ശമ്പളത്തിൽ നിന്നും തുക പിടിക്കാറുണ്ട്. കമ്മീഷണറുടെ ഉത്തരവിനെതിരെ സേനയിൽ തന്നെ അമർഷവും എതിർപ്പും ഉയർന്നിട്ടുണ്ട്. പണം നൽകാൻ താൽപര്യമുള്ളവരുടെ വിവരം ശേഖരിച്ചാൽ മതിയെന്ന് ഒരു വിഭാഗം പറയുന്നു.
ഉദ്യോഗസ്ഥരുടെ സമ്മതമില്ലാതെ അവരിൽ നിന്നും പണം പിരിക്കാൻ ഡിജിപിക്ക് പോലും അധികാരം ഇല്ലെന്നിരിക്കെയാണ് ഒരു ജില്ലാ പൊലീസ് മേധാവി ഇത്തരമൊരു സർക്കുലർ പുറത്തിറക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. സംഭാവന നൽകാത്തവരെ പ്രത്യേക വിഭാഗമാക്കി മാറ്റുന്നതിലൂടെ സേനയ്ക്കുള്ളിൽ ബോധപൂർവം വിഭാഗീയത സൃഷ്ടിക്കുകയാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. വിവിധ മതസ്ഥരും ദൈവ വിശ്വാസമില്ലാത്തവരും പൊലീസിൽ ഉണ്ടെന്നിരിക്കെയാണ് ഈ നിർബന്ധിത പണപ്പിരിവ്.
ക്ഷേത്രം മലബാർ മലബാർ ദേവസ്വം ബോർഡിന് കൈമാറി നടത്തിപ്പ് ചുമതലയിൽ നിന്ന് പൊലീസ് പിന്മാറണമെന്ന അഭിപ്രായവും ശക്തമാണ്. നേരത്തെ, വർഷങ്ങളായി പൊലീസുകാരുടെ ശമ്പളത്തിൽ നിന്ന് പണപ്പിരിവ് നടത്തിയിരുന്നെങ്കിലും വിവാദമായതിനെ തുടർന്ന് 2022ൽ നിർത്തിവച്ചിരുന്നു. ഇതിനിടെയാണ് പണപ്പിരിവിനായി വീണ്ടും സർക്കുലർ ഇറക്കിയിരിക്കുന്നത്.
പണം ശമ്പളത്തിൽ നിന്ന് മാസം തോറും റിക്കവറി നടത്താൻ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട് എന്നാണ് കമ്മീഷണർക്ക് വേണ്ടി നാർക്കോട്ടിക് എസിപി ഒപ്പിട്ട സർക്കുലറിലെ വാദം. നാർക്കോട്ടിക് എസിപിക്കാണ് ക്ഷേത്ര കമ്മിറ്റിയുടെ ചുമതല. പിരിവ് കുറെ വർഷമായി മുടങ്ങികിടക്കുകയാണെന്നും അതിനാൽ പണം ഒരുമിച്ച് കൊടുക്കണമെന്നുമായിരുന്നു കഴിഞ്ഞ വർഷത്തെ സർക്കുലർ. ഇതിനെതിരെ പൊലീസ് അസോസിയേഷൻ തന്നെ രംഗത്തെത്തിയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെയാണ് നിർത്തിവച്ചത്.
ആരാധനാലയ നടത്തിപ്പുകാരായി പൊലീസ് വകുപ്പ് മാറേണ്ടതില്ലെന്നും ഭക്ത ജനങ്ങളെ നിയന്ത്രിക്കാനും അമ്പലങ്ങൾ തൂത്ത് വൃത്തിയാക്കാനും വരെ പൊലീസിനെ നിയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സേനയുടെ മതനിരപേക്ഷത ഉയർത്തിപ്പിടിക്കാന്‍ അധികാരികൾ നടപടിയെടുക്കണമെന്നുമാണ് പൊലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി കഴിഞ്ഞവർഷം ചൂണ്ടിക്കാട്ടിയത്.
ബ്രിട്ടീഷുകാരുടെ കാലത്ത് പൊലീസ് നടത്തിയിരുന്ന മൂന്ന് ആരാധനാലയങ്ങളിൽ ഒന്നായിരുന്നു ഈ ക്ഷേത്രം. എന്നാൽ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ചർച്ചും പള്ളിയും വിശ്വാസികൾക്ക് വിട്ടുകൊടുത്തെങ്കിലും ക്ഷേത്രം വിട്ടുകൊടുത്തില്ല. ക്ഷേത്രം നോക്കാൻ എആർ ക്യാമ്പിൽ നിന്ന് പൊലീസുകാരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.





