ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി കോടതി തള്ളി. ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരായ 10 പേരാണ് കേസിലെ പ്രതികള്‍. ( ks-shan-murder-case-court-rejects-prosecution-demand-to-cancel-bail )
|
ഒരു വര്‍ഷമായി പ്രതികള്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു. ഇവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂട്ടര്‍ പി പി ഹാരിസാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ചട്ടങ്ങള്‍ ലംഘിച്ചാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതെന്ന് കാണിച്ചാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍, ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി ഈ വാദം അംഗീകരിക്കാതെ അപേക്ഷ തള്ളുകയായിരുന്നു.
ജാമ്യം റദ്ദാക്കല്‍ അപേക്ഷ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ അല്ല, ഹൈക്കോടതിയിലാണ് സമര്‍പ്പിക്കേണ്ടതെന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചപ്പോള്‍ കോടതി നിര്‍ദേശിച്ച വ്യവസ്ഥകള്‍ ഒന്നും ലംഘിച്ചിട്ടില്ലെന്ന് രണ്ട്, നാല്, ആറ്, എട്ട് പ്രതികള്‍ക്കായി ഹാജരായ അഡ്വ. സുനില്‍ മഹേശ്വരന്‍പിള്ള പറഞ്ഞു.
കുറ്റപത്രം മടക്കണമെന്ന് പ്രതികളുടെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. 2021 ഡിസംബര്‍ 18ന് മണ്ണഞ്ചേരി പൊന്നാട് റോഡില്‍ കുപ്പേഴം ജങ്ഷനില്‍നിന്ന് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകവെയാണ് ഷാനെ കൊലപ്പെടുത്തിയത്. പിന്നില്‍നിന്നെത്തിയ കാര്‍ ഇടിച്ചുവീഴ്ത്തിയശേഷം അഞ്ചംഗ ആര്‍എസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഷാന്‍ വധക്കേസിന്റെ തുടര്‍ച്ചയായി ബി.ജെ.പി നേതാവ് രണ്‍ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്ക് മുഴുവന്‍ കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍, ഷാന്‍ വധത്തിന്റെ വിചാരണ ഇനിയും തുടങ്ങിയിട്ടില്ല. രണ്ടു കേസുകളില്‍ പോലീസിന്റെയും പ്രോസിക്യൂഷന്റെയും ഇരട്ടത്താപ്പിനെതിരേ വിമര്‍ശനം ഉയരുന്നതിനിടെയാണ്, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ തള്ളിയിരിക്കുന്നത്.


