|
കോഴിക്കോട്: ഉദ്യമി പ്രോജെക്ടിനുവേണ്ടി ഉപയോഗിക്കുന്ന വൈദ്യുത പോസ്റ്റുകൾക്ക് അനധികൃതമായി വാടക ഈടാക്കുന്ന നടപടിയിൽ നിന്നും കെ.എസ്.ഇ.ബി വിട്ടുനിൽക്കണമെന്ന് ഉദ്യമി ഓപ്പറേറ്റർസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ഹൈക്കോടതി ഉത്തരവ് നിലനിൽക്കേ സർക്കാർ സ്ഥാപനമായ കെ.എസ്.ഇ.ബി യുടെ ഈ നടപടി പരിശോധിക്കുമെന്നും, ആവശ്യമായ ഇടപെടൽ നടത്തുമെന്നും കോഴിക്കോട് വച്ച് നടന്ന ഉദ്യമി അസോസിയേഷൻ മേഖലാ സമ്മേളനം ഉദ്ഘടാനം ചെയ്തുകൊണ്ട് സംസാരിച്ച ശ്രീ അഹമ്മദ് ദേവർകോവിൽ ഉറപ്പ് നൽകി.
ഗ്രാമ പ്രദേശങ്ങളുടെ വികസനം ലക്ഷ്യമിട്ട് അതിവേഗ ഇന്റർനെറ്റ് സംവിധാനം ഏർപ്പെടുത്താനുള്ള ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായ കേന്ദ്ര സർക്കാർ-ബി എസ് .എൻ.എൽ പദ്ധതിയാണ് ഉദ്യമി. രാജ്യത്ത് ഏറ്റവും കൂടുതൽ ഉദ്യമി ഉപഭോക്താക്കൾ ഉള്ളത് കേരളത്തിലാണ് . യു.എസ്.ഓ.എഫ്, കേന്ദ്ര സർക്കാർ, കേരള സർക്കാർ കക്ഷികളായ ട്രൈ പാർട്ടി എഗ്രിമെന്റ് നിലനിൽക്കെ കെ.എസ് .ഇ.ബി പോസ്റ്റുകൾക്ക് വാടക ഈടാക്കുകയും അല്ലാത്തപക്ഷം ഫൈബറുകൾ അറുത്തുമാറ്റുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. റൂറൽ ഏരിയയിൽ സ്കൂൾ വിദ്യാർഥികൾ, ബാങ്കുകൾ, ആശുപത്രികൾ, കച്ചവടക്കാർ, പോലീസ് സ്റ്റേഷനുകൾ അടക്കമുള്ള സ്ഥാപനങ്ങൾ ഫൈബർ കട്ടിങ് കാരണം ബുദ്ധിമുട്ടനുഭവിക്കുകയാണ്.
ഒരുഭാഗത്ത് ഇന്റർനെറ്റ് മൗലികാവകാശമായി പ്രഖ്യാപിക്കുകയും ഒപ്പം തന്നെ കേബിളുകൾ അറുത്തുമാറ്റുകയും ചെയ്യുന്നത് നീതീകരിക്കാനാവില്ലെന്ന് കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള ഓപ്പറേറ്റർമാർ ആവശ്യപ്പെട്ടു. ഇത് സർക്കാർ ഹൈക്കോടതിക്ക് നൽകിയ ഉറപ്പിന് വിരുദ്ധമാണെന്നും, കനത്ത പോസ്റ്റുവാടകയും പലിശയും പിഴപ്പലിശയും നൽകി ബി.എസ് .എൻ.എൽ ഫ്രാഞ്ചൈസി ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും സർക്കാരിനെ വിശ്വസിച്ച് ലക്ഷങ്ങൾ മുടക്കിയവർ ആത്മത്യയുടെ വക്കിലാണെന്നും, കെ.എസ് ഇ ബി നിരുത്തരവാദിത്വപരമായ നടപടികൾ തുടർന്നാൽ പ്രത്യക്ഷ സമരമല്ലാതെ മറ്റു മാര്ഗങ്ങളില്ലെന്നു അസോസിയേഷൻ അറിയിച്ചു
സമ്മേളനത്തിൽ ഓൾ ഇന്ത്യ എഫ്.ടി.ടി.എച്ച് പ്രസിഡന്റ് അബ്ദുൽ സലാം പി, ഉദ്യമി ഓപ്പറേറ്റർസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സന്തോഷ് വിപി, ബി.എസ് എൻ.എൽ കോഴിക്കോട് എ.ജി.എം അംജദ് അലി, സീനിയർ വൈസ് പ്രസിഡന്റ് ജയദേവൻ, ഷൈജു ടി.എസ് , പ്രകാശ് വിപി എന്നിവർ സംസാരിച്ചു. സഫീർ ടി.എം നന്ദി അറിയിച്ചു.
KSEB should accept court verdict: Udyami Operators Association


