26
May 2024
Thu
26 May 2024 Thu
ksrtc snacks and water

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലേക്ക് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ പുതിയ പരിഷ്‌കരണങ്ങളുമായി സര്‍ക്കാര്‍. ബസ്സുകളില്‍ കുടിവെള്ളത്തിന് പുറമേ ലഘുഭക്ഷണ വിതരണവും ആരംഭിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. ബസ്സുകളില്‍ ഭക്ഷണം ഉള്‍പ്പെടെ ഷെല്‍ഫുകള്‍ /വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിച്ച് വിതരണം ചെയ്യുന്നതിനായി താല്‍പ്പര്യമുള്ള വരില്‍ നിന്നും പദ്ധതി വിവരണവും നിര്‍ദേശങ്ങളും ക്ഷണിച്ചു. ( KSRTC drinking water and snacks project )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏത് തരത്തിലുള്ള ലഘുഭക്ഷണമാണ് വിതരണം ചെയ്യേണ്ടതെന്നത് സംബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ നിബന്ധനകള്‍ പുറത്തിറക്കിയിട്ടുണ്ട്. ബസ് യാത്രകള്‍ക്ക് അനുയോജ്യമായ ലഘുഭക്ഷണങ്ങളാകണം ലഭ്യമാക്കേണ്ടത്, ലഘുഭക്ഷണങ്ങള്‍ പാക്കുചെയ്തതും ബസ് പരിതസ്ഥിതിയില്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതുമായിരിക്കണം, നിര്‍ദ്ദിഷ്ട ഗുണനിലവാരവും ശുചിത്വവും പാലിക്കുന്നതായിരിക്കണം തുടങ്ങിയ നിബന്ധനകളാണ് പ്രധാനമായും മുന്നോട്ട് വച്ചിരിക്കുന്നത്. ബസ്സുകള്‍ക്കുള്ളില്‍ ഷെല്‍ഫ്/ വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥല സൗകര്യം കെഎസ്ആര്‍ടിസി നല്‍കുന്നതായിരിക്കും.

പ്രൊപ്പോസലുകള്‍ മുദ്രവച്ച കവറില്‍ തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി ആസ്ഥാനമായ ട്രാന്‍സ്‌പോര്‍ട് ഭവനിലെ ഗ്രൗണ്ട് ഫ്‌ലോറിലെ തപാല്‍ സെക്ഷനില്‍ നേരിട്ടെത്തിക്കുകയാണ് വേണ്ടത്. ഓരോ പ്രൊപ്പോസലും ‘ലഘുഭക്ഷണ വിതരണത്തിനുള്ള നിര്‍ദ്ദേശം – KSRTC ബസ്സുകളില്‍’ എന്ന് വ്യക്തമായി അടയാളപ്പെടുത്തി ഈ മാസം 24ന് വൈകിട്ട് 5 മണിക്ക് മുന്‍പ് സമര്‍പ്പിക്കണമെന്നാണ് കെഎസ്ആര്‍ടിസി അറിയിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും [email protected] എന്ന ഇ- മെയിലിലോ 9188619384 (എസ്റ്റേറ്റ് ഓഫീസര്‍ ) എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം.

ബസുകളില്‍ യാത്രക്കാര്‍ക്ക് ശുദ്ധമായ ദാഹജലം ഉറപ്പാക്കുന്നതിനായി ‘കുടിവെള്ള വിതരണ പദ്ധതി’ ആരംഭിച്ചതിന് പിന്നാലെയാണ് ലഘുഭക്ഷണ വിതരണത്തിലേക്കും കെഎസ്ആര്‍ടിസി കടക്കുന്നത്. ഒരു ലിറ്ററിന് 15 രൂപ നിരക്കില്‍ സൂപ്പര്‍ ഫാസ്റ്റ് മുതല്‍ ഉയര്‍ന്ന ശ്രേണിയിലുള്ള എല്ലാ സര്‍വീസുകളിലുമാണ് കുടിവെള്ളം ലഭിക്കുക.

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ നിന്നും ശുദ്ധജലം നേരിട്ട് വാങ്ങാനും കഴിയും. കൂടാതെ ബള്‍ക്ക് പര്‍ച്ചേസിങ് സംവിധാനവും കെഎസ്ആര്‍ടിസി ഒരുക്കുന്നുണ്ട്. ഇതിനായി ലിറ്റിറിന് പത്തു രൂപ നിരക്കില്‍ ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.