Kumbala toll booth കാസര്‍കോട്: കുമ്പള ടോള്‍ പിരിവിനെതിരേ നാലാം ദിവസവും സമരത്തിനെത്തിയ എ.കെ.എം. അഷ്‌റഫ് എം.എല്‍.എയെ അറസ്റ്റ് ചെയ്തു. കുമ്പള ടോള്‍ വിഷയവുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാത്രി ഒമ്പതോടെയുണ്ടായ കനത്ത പ്രതിഷേധത്തിനിടെ ടോള്‍ പ്ലാസയിലെ ഉപകരണങ്ങളടക്കം തകര്‍ത്തിരുന്നു. ഇതില്‍ അഞ്ഞൂറോളം പേര്‍ക്കെതിരെ പ്രതിഷേധത്തിനെതിരെ കേസെടുത്തിട്ടുണ്ട്.
|
പൊതുമുതല്‍ നശിപ്പിച്ചതിന് ഇരുപത്തഞ്ചോളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. നിരവധിപേരാണ് കഴിഞ്ഞ മൂന്നുദിവസങ്ങളിലും ഐക്യദാര്‍ഢ്യവുമായി സമരപ്പന്തലിലെത്തിയത്. വ്യാഴാഴ്ച പൊലീസ് സമരപ്പന്തല്‍ പൊളിച്ചുമാറ്റുകയായിരുന്നു. ബുധനാഴ്ച രാത്രി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയിരുന്നു. നൂറുകണക്കിന് യുവാക്കളാണ് പ്രതിഷേധിക്കാനെത്തിയിരുന്നത്.
യൂത്ത് ലീഗും സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ടോള്‍ പ്ലാസയിലെ ഉപകരണങ്ങളും സി.സി.ടി.വികളും ഗേറ്റുമടക്കം തകര്‍ത്തത്. ഇതോടെ വാഹനങ്ങള്‍ ടോള്‍ നല്‍കാതെ കടന്നുപോകുകയായിരുന്നു.
പ്രതിഷേധം കനക്കുന്നതിന് മുന്നേ ടോള്‍ പ്ലാസയിലെ ജീവനക്കാരെ പൊലീസ് ഇടപെട്ട് മാറ്റിയിരുന്നു. അതേസമയം, വ്യാഴാഴ്ച ടോള്‍ പിരിവ് വീണ്ടും ആരംഭിക്കുകയായിരുന്നു. ഇതുസംബന്ധിച്ച കേസ് ജനുവരി 20ന് ഹൈകോടതി പരിഗണിക്കാനിരിക്കെയാണ് പ്രതിഷേധം കനത്തത്. കഴിഞ്ഞ ദിവസവും സമരത്തിനിടെ എംഎല്‍എയെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.


