കുവൈറ്റ് സിറ്റി: കുവൈത്തിലെ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും ഫാസ്റ്റ് ഫുഡ് നിരോധിച്ചു. രാജ്യത്തെ സ്‌കൂളുകളില്‍ ഫാസ്റ്റ് ഫുഡ് ഉല്‍പന്നങ്ങള്‍ നിരോധിച്ചുകൊണ്ട് വിദ്യാഭ്യാസ വികസനത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയുള്ള അണ്ടര്‍ സെക്രട്ടറി ഡോ. ഗാനിം അല്‍ സുലൈമാനി മെമ്മോ നല്‍കി. വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സംരക്ഷണത്തിനും ജനറല്‍ ഫുഡ് അതോറിറ്റി നിശ്ചയിച്ചിട്ടുള്ള ആരോഗ്യകരമായ ഭക്ഷണ നിലവാരത്തിനായുള്ള നിയന്ത്രണം നടപ്പാക്കുന്നതിനുമാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് അദ്ദേഹം അറിയിച്ചു.
|
ഫാസ്റ്റ് ഫുഡ് ഉല്‍പന്നങ്ങളില്‍ പലതും പോഷക ഗുണങ്ങള്‍ ഇല്ലാത്തതും വലിയ അളവില്‍ കൊഴുപ്പും കലോറിയും അടങ്ങിയതാണെന്നും ഇത് കുട്ടികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതായും മെമ്മോയില്‍ വ്യക്തമാക്കി.
അതിനിടെ, രാജ്യത്ത് മയക്കു മരുന്ന് ഉപയോഗം വലിയ തോതില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യത്തെ വിദ്യാലയങ്ങളില്‍ അതിനെതിരായ ബോധവല്‍ക്കരണ കാമ്പയിന് അധികൃതര്‍ തുടക്കും കുറിച്ചു. സോഷ്യല്‍ അഫയേഴ്സ് മന്ത്രാലയത്തിലെ ജുവനൈല്‍സ് കെയര്‍, വിദ്യാഭ്യാസ മന്ത്രാലയത്തിലെ സോഷ്യല്‍ ആന്‍ഡ് സൈക്കോളജിക്കല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റുമായി ഏകോപിപ്പിച്ച് മയക്കുമരുന്നിന്റെ അപകടങ്ങളെയും യുവാക്കളില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെയും കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ബോധവല്‍ക്കരണ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുന്നത്.
രാജ്യത്തെ മികച്ച പ്രതിഭകളായ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണവും നിരുപാധികവുമായ പിന്തുണ നല്‍കുമെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രി ഹമദ് അല്‍ അദ്വാനി പറഞ്ഞു. ഭാവി നേതാക്കളായി അവരെ വാര്‍ത്തെടുക്കുന്നതിന് അത്തരം പിന്തുണ നിര്‍ണായകമാണെന്ന് അദ്ദേഹം അടിവരയിട്ടു. അടുത്തിടെ പാന്‍ അറബ് മത്സരത്തില്‍ ഉന്നത ബഹുമതികള്‍ നേടിയ കുവൈറ്റ് വിദ്യാര്‍ത്ഥി ഇബ്രാഹിം അല്‍ സൗലയെ പ്രശംസിച്ചുകൊണ്ടാണ് മന്ത്രിയുടെ പരാമര്‍ശം. ഒരു വലിയ വേദിയില്‍ തന്റെ രാജ്യത്തെ പ്രതിനിധീകരിക്കുക എന്നതായിരുന്നു തന്റെ ആഗ്രഹമെന്നും ഇത്തരമൊരു അംഗീകാരം നേടിയതില്‍ അഭിമാനിക്കുന്നുവെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.


