കുവൈത്ത് സിറ്റി/തിരുവനന്തപുരം: കുവൈത്തിലെ മന്‍ഗഫില്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്നു രാവിലെ 8.30ന് കൊച്ചി വിമാനത്താവളത്തിലെത്തിക്കും. ( Kuwait building fire update: Bodies of malayalees who died in the kuwait tragedy will reach today in kochi ) മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങും. വ്യോമസേനയുടെ സി-130 സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനത്തിലാണ് മൃതദേഹങ്ങല്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിക്കുക. തുടര്‍ന്ന് പ്രത്യേക ആംബുലന്‍സുകളില്‍ നാട്ടിലേക്ക് കൊണ്ടുപോകും.
|
മന്ത്രി വീണയുടെ യാത്ര മുടക്കി കേന്ദ്രം
കുവൈത്തിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി പോകേണ്ടിയിരുന്ന മന്ത്രി വീണാ ജോര്‍ജ് അവസാനനിമിഷം യാത്ര ഉപേക്ഷിച്ചു. കേന്ദ്രത്തിന്റെ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് കിട്ടാതായതോടെയാണ് മന്ത്രി യാത്ര ഉപേക്ഷിച്ചത്. ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് വ്യാഴാഴ്ച കുവൈത്തിലെത്തിയിരുന്നു. അദ്ദേഹം അവിടെ ഉള്ളത് കൊണ്ട് സംസ്ഥാനത്തിന്റെ പ്രതിനിധിയായി വീണ്ടും മന്ത്രി പോകേണ്ടെന്ന നിലപാടാണ് കേന്ദ്രത്തിന്. കുവൈത്തിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ മന്ത്രി വീണ അവസാന നിമിഷം മടങ്ങുകയായിരുന്നു. കേന്ദ്രത്തിന്റെ നിലപാട് ഖേദകരമാണെന്ന് മന്ത്രി പ്രതികരിച്ചു.
അതേസമയം, കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്ങുമായി കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍ യഹിയ കൂടിക്കാഴ്ച നടത്തി. ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതും പരിക്കേറ്റവരുടെ ചികിത്സ സംബന്ധിച്ചുമാണ് ചര്‍ച്ച നടത്തിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
പരിക്കേറ്റവരെ കുവൈത്തില്‍ ചികില്‍സിക്കും
പരിക്കേറ്റവരുടെ ചികിത്സ കുവൈത്തില്‍ തന്നെ തുടരാനാണ് തീരുമാനം. അപകടത്തില്‍ പരിക്കേറ്റ മുഴുവന്‍ ജീവനക്കാര്‍ക്കും ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തിയതായും എന്‍.ബി.ടി.സി മാനേജ്‌മെന്റ് അറിയിച്ചു.
തൊഴിലാളികളുടെ താമസ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 49 പേരില്‍ 45 പേര്‍ ഇന്ത്യക്കാരും നാലുപേര്‍ ഫിലിപ്പീനികളുമാണ്. അപകടത്തില്‍ 24 മലയാളികള്‍ മരിച്ചതായി നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു. ഏഴ് മലയാളികള്‍ ഗുരുതരാവസ്ഥയിലാണ്. പ്രവാസി മലയാളി വ്യവസായി കെ.ജി. എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എന്‍.ബി.ടി.സി കമ്പനിയുടെ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
മരിച്ച മലയാളികള്‍
1. അരുണ്‍ ബാബു (തിരുവനന്തപുരം)
2. നിതിന്‍ കൂത്തൂര്‍ (കണ്ണൂര്‍)
3. തോമസ് ഉമ്മന്‍ (പത്തനംതിട്ട)
4. മാത്യു തോമസ് (ആലപ്പുഴ)
5. ആകാശ് എസ്. നായര്‍ (പത്തനംതിട്ട)
6. രഞ്ജിത് (കാസര്‍കോട്)
7. സജു വര്‍ഗീസ് (പത്തനംതിട്ട)
8. കേളു പൊന്മലേരി (കാസര്‍കോട്)
9. സ്റ്റെഫിന്‍ ഏബ്രഹാം സാബു (കോട്ടയം)
10. എം.പി. ബാഹുലേയന്‍ (മലപ്പുറം)
11. കുപ്പന്റെ പുരയ്ക്കല്‍ നൂഹ് (മലപ്പുറം)
12. ലൂക്കോസ്/സാബു (കൊല്ലം)
13. സാജന്‍ ജോര്‍ജ് (കൊല്ലം)
14. പി.വി. മുരളീധരന്‍ (പത്തനംതിട്ട)
15. വിശ്വാസ് കൃഷ്ണന്‍ (കണ്ണൂര്‍)
16. ഷമീര്‍ ഉമറുദ്ദീന്‍ (കൊല്ലം)
17. ശ്രീഹരി പ്രദീപ് (കോട്ടയം)
18. ബിനോയ് തോമസ്
19. ശ്രീജേഷ് തങ്കപ്പന്‍ നായര്‍
20. സുമേഷ് പിള്ള സുന്ദരന്‍
21. അനീഷ് കുമാര്‍ ഉണ്ണന്‍കണ്ടി
22. സിബിന്‍ തേവരോത്ത് ഏബ്രഹാം
23. ഷിബു വര്‍ഗീസ്
ഇതര സംസ്ഥാനക്കാരില്‍ ഒരു മലയാളി
കുവൈത്തില്‍ മരണപ്പെട്ടവരില്‍ ഇതരസംസ്ഥാനക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഡെന്നി ബേബി മലയാളിയാണെന്ന് വ്യക്തമായി. കൊല്ലം, കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര വടക്ക്, ആലുംതറമുക്ക് സ്വദേശിയാണ് 33 വയസുകാരനായ ഡെന്നി ബേബി. ബേബിക്കുട്ടി കരുണാകരന്റെയും പരേതയായ ഹില്ലാരി ബേബിയുടെയും മകനാണ്. നാലുവര്‍ഷം മുന്‍പാണ് കുവൈത്തിലെക്ക് പോയത്. നാട്ടിലുണ്ടായിരുന്ന ഡെന്നിയുടെ പിതാവ് മുംബൈയിലേക്ക് യാത്രതിരിച്ചു. സംസ്‌കാരം മുംബൈയില്‍ നടക്കും.


