
തിരുവനന്തപുരം: പ്രവാസ ലോകത്തെ സ്വപ്‌നങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് അഗ്നിക്ക് കീഴടങ്ങിയ 11 പേര്‍ക്ക് കൂടി ഇന്ന് നാട് വിട ചൊല്ലും. ( Kuwait fire: cremation of 11 bodies in kerala today ) കുവൈത്ത് തീപിടിത്തത്തില്‍ മരിച്ച 11 മലയാളികളുടെ സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് നടക്കും. കണ്ണൂര്‍ കുറുവ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. കൊച്ചിയില്‍നിന്ന് ഇന്നലെ കണ്ണൂരിലെത്തിച്ച മൃതദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ 9 മണിയോടെ മൃതദേഹം കുറുവയിലെ വീട്ടിലെത്തിക്കും. തുടര്‍ന്ന് പൊതുദര്‍ശനം നടക്കും. 11 മണിക്ക് പയ്യാമ്പലത്താണ് സംസ്‌കാരം.
![]() |
|
കൊല്ലം സ്വദേശികളായ രണ്ടുപേരുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. വെളച്ചിക്കാല വേങ്ങൂര്‍ വടക്കോട്ട് വിളയില്‍ വീട്ടില്‍ ലൂക്കോസിന്റെ സംസ്‌കാരം ഉച്ചയ്ക്ക് നടക്കും. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്നും വീട്ടില്‍ എത്തിക്കുന്ന മൃതദേഹം വെളച്ചിക്കാല IPC സെമിത്തേരിയിലാണ് അടക്കം ചെയ്യുന്നത്. പുനലൂര്‍ നരിക്കല്‍ വാഴവിള സ്വദേശി സാജന്‍ ജോര്‍ജിന്റെ സംസ്‌കാരം ഉച്ചയ്ക്ക് 12ന്. നരിക്കല്‍ മാര്‍ത്തോമാ പള്ളിയില്‍ ആണ് ചടങ്ങുകള്‍. പുനലൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ വീട്ടില്‍ എത്തിക്കും.
മരിച്ച പന്തളം സ്വദേശി ആകാശിന്റെ പന്തളം മുടിയൂര്‍കോണത്തെ വീട്ടില്‍ 11മണിക്ക് പൊതുദര്‍ശനം ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടുമണിയോടെ സംസ്‌കാരം പൂര്‍ത്തീകരിക്കും. തിരുവല്ല സ്വദേശി തോമസ് ഉമ്മന്റെ മൃതദേഹം ഞായറാഴ്ചയാണ് സംസ്‌കരിക്കുക.
ദുരന്തത്തില്‍ മരിച്ച സിബിന്‍, സജു വര്‍ഗീസ്, മാത്യു തോമസ്,എന്നിവരുടെ സംസ്‌കാരം തിങ്കളാഴ്ച നടത്താനാണ് ബന്ധുക്കള്‍ തീരുമാനിച്ചിരിക്കുന്നത്.
കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്‍ ഏബ്രഹാം സാബുവിന്റെ സംസ്‌കാരം തിങ്കളാഴ്ച നടക്കും. ഒന്‍പതാം മൈല്‍ IPC ചര്‍ച്ച് സെമിത്തേരിയിലാണ് സംസ്‌കാരം . പാമ്പാടിയിലെ വാടക വീട്ടിലും പുതുതായി നിര്‍മിക്കുന്ന വീട്ടിലും പൊതുദര്‍ശനം നടത്തും.
പായിപ്പാട് സ്വദേശി ഷിബു വര്‍ഗീസിന്റെ സംസ്‌കാര ശുശ്രുഷകള്‍ നാളെ 4 മണിക്ക് പായിപ്പാട് സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയില്‍ നടക്കും. ഇത്തിത്താനം സ്വദേശി ശ്രീഹരി പ്രദീപിന്റെ സംസ്‌കാരം നാളെ 2 മണിക്ക് വീട്ടുവളപ്പില്‍. മൂന്നു പേരുടെയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.